ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കി വെള്ള കാറുകള്‍! രണ്ടാമത് കറുപ്പ് തന്നെ, മൂന്നാമന് വലിയ വളര്‍ച്ച; ട്രെന്‍ഡ് മാറ്റം
പ്രീമിയം ലുക്ക് കിട്ടാനായി ചില ബോള്‍ഡ് നിറങ്ങള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും ഇപ്പോള്‍ വര്‍ധനയുണ്ട്
വെള്ള നിറത്തിലുള്ള കാറുകളോടുള്ള ഇന്ത്യക്കാരുടെ പ്രിയം ടോപ് ഗിയറില്‍. 2024ല്‍ പുറത്തിറങ്ങിയ 39.3 ശതമാനം കാറുകളും വെള്ള നിറത്തിലുള്ളവയാണെന്ന് ജാടോ ഡൈനാമിക്‌സിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനക്കി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊട്ടുപിന്നില്‍ കടുത്ത മത്സരവുമായി കറുപ്പും നീലയും നിറങ്ങളുമുണ്ട്. 2021ല്‍ 14.8 ശതമാനം പേര്‍ മാത്രം തിരഞ്ഞെടുത്ത നിറമായിരുന്നു കറുപ്പ്. 2024ലെത്തിയപ്പോള്‍ 20.2 ശതമാനം പേര്‍ക്കും കറുത്ത കാറുകള്‍ മതിയെന്നാണ് നിലപാട്. 10.9 ശതമാനം പേരാണ് നീല കാറുകള്‍ തിരഞ്ഞെടുത്തത്.
ആഗോള വിപണിയിലെന്ത്
അതേസമയം, ഇന്ത്യയില്‍ വെള്ള നിറത്തിലുള്ള കാറുകള്‍ക്കുള്ള സ്വീകാര്യത അന്താരാഷ്ട്ര വിപണിയിലെ ട്രെന്‍ഡിന് വിപരീതമാണ്. അന്താരാഷ്ട്ര വിപണിയില്‍ കറുത്ത നിറത്തിലുള്ള കാറുകള്‍ക്കുള്ള സ്വീകാര്യത 2022ലെ 18 ശതമാനത്തില്‍ നിന്നും തൊട്ടടുത്ത വര്‍ഷത്തില്‍ 22 ശതമാനമായി വര്‍ധിച്ചിരുന്നു. സമാനകാലയളവില്‍ വെള്ളനിറത്തിനുള്ള പ്രിയം 34 ശതമാനമായി കുറഞ്ഞു. എന്നാലും വെള്ള, കറുപ്പ് , സില്‍വര്‍,ഗ്രേ തുടങ്ങിയ നിറങ്ങളുള്ള കാറുകള്‍ക്കാണ് ഇപ്പോഴും ആളുകളുള്ളത്.
എന്തുകൊണ്ട് ഈ നിറങ്ങള്‍
റീസെയില്‍ വാല്യൂ പരിഗണിച്ചാണ് 80 ശതമാനം ആളുകളും ഇപ്പോഴും വെള്ള, കറുപ്പ്, നീല, സില്‍വര്‍,ഗ്രേ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇതിന് പുറമെ റിപ്പയര്‍ ചെലവുകള്‍, റീ പെയിന്റ് തുടങ്ങിയ ഘടകങ്ങളും നിറം തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കാറുണ്ട്. കൂടാതെ പ്രീമിയം ലുക്ക് കിട്ടാനായി ചില ബോള്‍ഡ് നിറങ്ങള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും ഇപ്പോള്‍ വര്‍ധനയുണ്ടെന്ന് വാഹന ഡീലര്‍മാര്‍ പറയുന്നു. ബ്ലാക്ക്, ബ്ലൂ നിറങ്ങളിലുള്ള വാഹനങ്ങളിലേക്ക് ആളുകള്‍ കൂടുതലായി മാറുന്നത് ഇതിന്റെ സൂചനയാണ്. കറുത്ത നിറം ചൂടിനെ കൂടുതലായി ആഗിരണം ചെയ്യുമെങ്കിലും ചെറിയ രീതിയില്‍ പൊടിയോ ഉരസലോ സംഭവിച്ചാല്‍ തിരിച്ചറിയാന്‍ കഴിയില്ലെന്നതാണ് ആളുകളെ സ്വാധീനിക്കുന്ന ഘടകമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.