2024 മോഡല്‍ കാറുകള്‍ 43 ലക്ഷം! റെക്കോഡ് വില്‍പന നടന്നിട്ടും ആശങ്ക ബാക്കി, ഇനി കണ്ണ് ബജറ്റില്‍

വിപണിയിലെ ഒന്നാം സ്ഥാനം തുടര്‍ന്ന് മാരുതി, നിര്‍ണായകമായത് ഡിസംബര്‍

Update:2025-01-02 15:01 IST

image credit : canva

ലോക്‌സഭാ തിരഞ്ഞെടുപ്പും പ്രതികൂല കാലാവസ്ഥയും മന്ദഗതിയിലാക്കിയ 2024ലെ വാഹന വില്‍പ്പന ക്ലോസ് ചെയ്തത് റെക്കോഡ് നേട്ടത്തില്‍. മാരുതി സുസുക്കി, ഹ്യൂണ്ടായ്, ടാറ്റ മോട്ടോര്‍സ്, ടൊയോട്ട, കിയ തുടങ്ങിയ വാഹന കമ്പനികള്‍ രേഖപ്പെടുത്തിയത് ഏറ്റവും മികച്ച വാര്‍ഷിക വില്‍പ്പന. വാഹന പ്രേമികള്‍ കാത്തിരുന്ന മോഡലുകള്‍ ലോഞ്ച് ചെയ്തതും എസ്.യു.വികളോടുള്ള പ്രിയവും ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് കൂടിയതുമാണ് മികച്ച വില്‍പ്പനയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. ഇതോടെ 2023ല്‍ നേടിയ 41.1 ലക്ഷത്തിന്റെ വാര്‍ഷിക വില്‍പ്പന മറികടക്കാനുമായി. എന്നാല്‍ കാര്‍ വില്‍പ്പനയിലെ വളര്‍ച്ച 4.5-4.7 ശതമാനമായി ചുരുങ്ങിയത് വിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നാല് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് കഴിഞ്ഞ കൊല്ലം രേഖപ്പെടുത്തിയത്.

വില്‍പ്പന കൂടി

പ്രതിസന്ധിക്കിടയിലും മാരുതി സുസുക്കി നേടിയത് ഇതുവരെ നേടിയ ഏറ്റവും മികച്ച വാര്‍ഷിക വില്‍പ്പനയാണ്. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റതിന്റെ റെക്കോഡും മാരുതിക്ക് തന്നെ. 17.9 ലക്ഷം വാഹനങ്ങളാണ് കമ്പനി 2024ല്‍ വിറ്റതെന്ന് മാരുതി സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍തോ ബാനര്‍ജി പറഞ്ഞു. 2023ലിത് 17.4 ലക്ഷം യൂണിറ്റുകളായിരുന്നു. എന്നാല്‍ ഹ്യൂണ്ടായ് മോട്ടോര്‍സിന് ഒരു ശതമാനം വളര്‍ച്ച മാത്രമാ ണ് നേടാനായത്. 6 ലക്ഷത്തിന് മുകളില്‍ വാഹനങ്ങളാണ് ഹ്യൂണ്ടായ് വിറ്റത്. 5.6 ലക്ഷം വാഹനങ്ങളാണ് ടാറ്റ മോട്ടോര്‍സിന്റെ ഷോറൂമുകളില്‍ നിന്നും റോഡിലിറങ്ങിയത്. എസ്.യു.വി സെഗ്‌മെന്റിലുണ്ടായ വളര്‍ച്ചയാണ് ഇതിന് സഹായിച്ചതെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. തുടര്‍ച്ചയായ നാലാമത്തെ വര്‍ഷമാണ് മികച്ച വില്‍പ്പന നേടാനായതെന്നും കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചു.

ഡിസംബര്‍ നിര്‍ണായകമായി

ഉത്സവ സീസണ്‍ അവസാനിച്ച ശേഷവും കമ്പനികള്‍ മികച്ച ഓഫറുകള്‍ തുടര്‍ന്നതോടെ ഡിസംബറില്‍ മെച്ചപ്പെട്ട വില്‍പ്പന നേടാനായി. 2,52,692 യൂണിറ്റുകളാണ് മാരുതി വിറ്റത്. മാരുതി ഒരു മാസം നേടുന്ന ഏറ്റവും മികച്ച വില്‍പ്പനയാണിത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 41,424 യൂണിറ്റുകളാണ് ഡിസംബറില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധന. ടൊയോട്ട 24,887 യൂണിറ്റുകളും എം.ജി മോട്ടോര്‍സ് 7,516 യൂണിറ്റുകളും ടാറ്റ മോട്ടോര്‍സ് 44,230 യൂണിറ്റുകളും നിരത്തിലെത്തിച്ചു.

ഇനി പ്രതീക്ഷ ബജറ്റില്‍

അതേസമയം, അഞ്ച് ശതമാനം വളര്‍ച്ച നേടിയത് പോസിറ്റീവായ കാര്യമാണെന്ന് വിലയിരുത്തലുണ്ട്. പുതുവര്‍ഷത്തിലും വാഹന നിര്‍മാതാക്കളുടെ മേലുള്ള സമ്മര്‍ദ്ദം തുടരാനാണ് സാധ്യത. അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിലാണ് ഇനി വിപണിയുടെ പ്രതീക്ഷ. ആദായ നികുതി നിരക്ക്, ഇന്ധനവിലയിലെ എക്‌സൈസ് ഡ്യൂട്ടി എന്നിവ കുറക്കാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്നാണ് വാഹന ലോകം കരുതുന്നത്. അങ്ങനെ വന്നാല്‍ ആളുകള്‍ കൂടുതലായി വാഹനങ്ങള്‍ വാങ്ങുമെന്നാണ് കമ്പനികള്‍ കണക്കാക്കുന്നത്. അടുത്തിടെ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതും പുതിയ വാഹനങ്ങളുടെ വില്‍പ്പനയെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.
Tags:    

Similar News