കേരളത്തില്‍ വിറ്റത് 7.5 ലക്ഷം വണ്ടികള്‍! ഇ.വികള്‍ക്ക് നല്ലകാലം, എന്നിട്ടും ദേശീയ ശരാശരിയേക്കാള്‍ പിന്നില്‍
ടൂവീലര്‍ ഇ.വി സെഗ്‌മെന്റ് 8.11 ശതമാനവും ത്രീവീലര്‍ ഇ.വി 50.12 ശതമാനവും ഫോര്‍ വീലര്‍ ഇ.വി 25.04 ശതമാനവും വളര്‍ന്നു
ദേശീയ ശരാശരിയേക്കാളും പിന്നിലായി സംസ്ഥാനത്തെ 2024ലെ വാഹന വില്‍പ്പന. പരിവാഹന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ കണക്കുകള്‍ അനുസരിച്ച് 2024 കലണ്ടര്‍ വര്‍ഷത്തില്‍ കേരളത്തില്‍ ആകെ വിറ്റത് 7,54,913 വാഹനങ്ങളാണ്. തൊട്ടുമുന്നത്തെ വര്‍ഷം 7,40,029 വാഹനങ്ങള്‍ വിറ്റിരുന്നു. 2.01 ശതമാനത്തിന്റെ വര്‍ധന. സമാനകാലയളവില്‍ ദേശീയതലത്തില്‍ വാഹന വില്‍പ്പന വര്‍ധിച്ചത് 4.7 ശതമാനം.
5 ലക്ഷം ടൂവീലറുകള്‍
കഴിഞ്ഞ കൊല്ലത്തെ വില്‍പ്പന കണക്കില്‍ മുന്നിലുള്ളത് ഇരുചക്ര വാഹനങ്ങളാണ്. 5,08,632 ടൂവീലറുകളാണ് കഴിഞ്ഞ വര്‍ഷം കേരളത്തിലെ നിരത്തുകളില്‍ പുതുതായി എത്തിയത്. 2022ല്‍ മികച്ച വില്‍പ്പന നേടിയ ശേഷം 2023ല്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ഇടിഞ്ഞിരുന്നു. കഴിഞ്ഞ കൊല്ലം 4,40,801 പെട്രോള്‍ വാഹനങ്ങളും 66,813 ഇലക്ട്രിക് വാഹനങ്ങളുമാണ് പുറത്തിറങ്ങിയത്. 1,110 സി.എന്‍.ജി വാഹനങ്ങളും സെഗ്‌മെന്റില്‍ പുതുതായി നിരത്തുകളിലേക്ക് എത്തി.
എന്നാല്‍ മുചക്ര വാഹനങ്ങളുടെ വില്‍പ്പന തൊട്ടുമുന്നത്തെ വര്‍ഷത്തേക്കാള്‍ 2024ല്‍ കുറഞ്ഞതായും കണക്കുകള്‍ കാണിക്കുന്നു. 2023ല്‍ 32,776 മുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ 2024ല്‍ 29,076 എണ്ണമാണ് പുതുതായി റോഡിലിറങ്ങിയത്. 11.29 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
യാത്രാ വാഹനങ്ങളില്‍ മുന്നേറ്റം
അതേസമയം, ഫോര്‍ വീലര്‍ ശ്രേണിയില്‍ ക്രമാനുഗതമായ മുന്നേറ്റവും കേരളത്തിലെ വാഹന വിപണിയിലുണ്ടായി. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി)/ ലൈറ്റ് പാസഞ്ചര്‍ വെഹിക്കിള്‍ (എല്‍.പി.വി) ശ്രേണിയില്‍ 2023ല്‍ 2,07,382 വണ്ടികള്‍ പുറത്തിറങ്ങിയെങ്കില്‍ കഴിഞ്ഞ കൊല്ലമിത് 2,10,364 എണ്ണമായി വര്‍ധിച്ചു. 1.44 ശതമാനത്തിന്റെ വര്‍ധന. 4,012 ഹെവി വാഹനങ്ങളും 2,829 മീഡിയം വാഹനങ്ങളും ഈ കാലയളവില്‍ നിരത്തിലെത്തിയെന്നും കണക്കുകള്‍ പറയുന്നു.
ദേശീയ ശരാശരിയേക്കാളും പിന്നില്‍
കേരളത്തിലെ വാഹന വില്‍പ്പനയില്‍ മുന്നേറ്റമുണ്ടെങ്കിലും ദേശീയ ശരാശരിയേക്കാളും ഏറെ പിന്നിലാണെന്നും കണക്കുകള്‍ പറയുന്നു.
പരിഹാവന്‍ വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം 11,48,415 ഇരുചക്ര വാഹനങ്ങളാണ് 2024ല്‍ ഇന്ത്യയിലാകെ രജിസ്റ്റര്‍ ചെയ്തത്. 2023ലിത് 8,60,418 എണ്ണമായിരുന്നു. 33 ശതമാനത്തിന്റെ വര്‍ധന. കേരളത്തിലിത് കേവലം 3.42 ശതമാനം മാത്രമായിരുന്നു. ഉത്തരേന്ത്യയില്‍ മികച്ച മഴ ലഭിച്ചതും ഗ്രാമീണ ഉപയോക്താക്കള്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന കൂടാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. യാത്രാവാഹനങ്ങളുടെ (Passenger Vehicle) ശ്രേണിയില്‍ 43 ലക്ഷം വണ്ടികളാണ് 2024ല്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത്. തൊട്ടുമുന്നത്തെ വര്‍ഷത്തേക്കാള്‍ 4.7 ശതമാനം വര്‍ധന. കേരളത്തിന്റേത് വെറും 1.44 ശതമാനം മാത്രമായിരുന്നു വര്‍ധന.
ഇ.വികളില്‍ മുന്നേറ്റം
കഴിഞ്ഞ വര്‍ഷവും കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്ല കാലമായിരുന്നു. മലയാളികള്‍ കൂടുതലായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ തയ്യാറായി. എല്ലാ ശ്രേണിയിലും കാര്യമായ വളര്‍ച്ച രേഖപ്പെടുത്തി.
66,813 ഇരുചക്ര വാഹനങ്ങളും 5,092 മുചക്ര വാഹനങ്ങളും 14,609 കാറുകളുമാണ് കഴിഞ്ഞ കൊല്ലം കേരളത്തിലെ നിരത്തുകളിലേക്ക് പുതുതായി എത്തിയത്. ടൂവീലര്‍ സെഗ്‌മെന്റ് 8.11 ശതമാനവും ത്രീവീലറുകള്‍ 50.12 ശതമാനവും ഫോര്‍ വീലറുകള്‍ 25.04 ശതമാനവും വളര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ ഇ.വികള്‍ക്ക് മാത്രമായി ഷോറൂമുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്, കൂടുതല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ വരുന്നത്, പുതിയ ഇ.വി മോഡലുകളുടെ ലോഞ്ചിംഗ് എന്നിവ മൂലം 2025ല്‍ ഇ.വികളുടെ വില്‍പ്പന വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.