സൂക്ഷിക്കുക! കാറിനുള്ളിലെ ചൂടും ദോഷം ചെയ്യും

Update: 2019-03-28 06:53 GMT

കേരളം ചുട്ടുപൊള്ളുകയാണ്. സൂര്യഘാതവും താപാഘാതവും നിരവധി മരണങ്ങള്‍ക്ക് കാരണമാകുന്നു. ഒന്ന് ശ്രദ്ധിച്ചാല്‍ കാറിനുള്ളിലെ ചൂട് കുറയ്ക്കാനാകും.

വെയിലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിലേക്ക് പെട്ടെന്ന് തുറന്ന് കയറിയിരിക്കരുത്. പുറത്തുള്ളതിനെക്കാള്‍ താപനില വളരെ കൂടുതലായിരിക്കും നിര്‍ത്തി അടച്ചിട്ടിരിക്കുന്ന കാറില്‍. ഇത് മരണത്തിന് വരെ കാരണമായേക്കാം.

മാത്രമല്ല ലെതര്‍, റെക്‌സിന്‍ സീറ്റുകള്‍ ചുട്ടുപഴുത്തിരിക്കുകയായിരിക്കും. കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് പൊള്ളലേല്‍ക്കാം. അതിനാല്‍ വിന്‍ഡോയും ഡോറും തുറന്നിട്ട് ചൂടുവായു പോയശേഷം കാറില്‍ കയറുക. പെട്ടെന്ന് എസി ഇടാതെ വിന്‍ഡോ തുറന്നിട്ട് കുറച്ചുനേരം കാറോടിച്ചശേഷം എസി ഇടാം.

എസി മാക്‌സിമത്തില്‍ ഇട്ടെന്ന് കരുതി പെട്ടെന്ന് തണുപ്പ് ലഭിക്കില്ല. ഫ്രഷ് എയര്‍ മോഡില്‍ ഇട്ടശേഷം വാഹനത്തിന്റെ ചൂട് കുറയുമ്പോള്‍ മാത്രം റീ-സര്‍ക്കുലേഷന്‍ മോഡിലേക്ക് മാറ്റുക.

ചൂടുകാലം തുടങ്ങുമ്പോള്‍ തന്നെ എസി സര്‍വീസ് ചെയ്തിരിക്കണം. എസിയുടെ കണ്ടന്‍സര്‍ ക്ലീന്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പൊടികയറി കണ്ടന്‍സര്‍ അടഞ്ഞിരുന്നാല്‍ അത് എസിയുടെ പ്രകടനത്തെ ബാധിക്കും. ക്യാബിന്‍ എയര്‍ഫില്‍റ്റര്‍ ഇടയ്ക്കിടക്ക് മാറ്റണം.

പുറത്ത് അമിതമായി ചൂടുള്ളപ്പോള്‍ എസി മാക്‌സിമത്തില്‍ ഇടാതിരിക്കുക. കഴിയുന്നതും 24 ഡിഗ്രിയില്‍ മാത്രമേ ഉപയോഗിക്കേണ്ടതുള്ളു. നല്ല തണുപ്പില്‍ നിന്ന് കൊടുംചൂടിലേക്ക് ഇറങ്ങുന്നതും തിരിച്ചും ശരീരത്തിന് ഹാനികരമാണ്.

കുട്ടികളെ കാറില്‍ ഒറ്റയ്ക്കാക്കല്ലേ….

അഞ്ചുമിനിറ്റു കൊണ്ട് മടങ്ങിവരും എങ്കില്‍പ്പോലും കുട്ടികളെ തനിച്ച് കാറില്‍ ഇരുത്താതിരിക്കുക. കാറിലെ ചൂട് കൂടി കുട്ടികള്‍ക്ക് മരണം വരെ സംഭവിക്കാം. ചൂട് മൂലമുണ്ടാകുന്ന സ്‌ട്രോക്ക് തലച്ചോറിനെ തകരാറിലാക്കുന്നതാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നതിന്റെ പ്രധാന കാരണം.

പൂട്ടിയിട്ട കാറിനുള്ളില്‍ 10 മിനിറ്റിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുന്നു. ഇത് ഒരു മണിക്കൂറുകൊണ്ട് 40 ഡിഗ്രി വരെ ഉയരാം. ഇത് മുതിര്‍ന്നവര്‍ക്ക് പോലും അപകടകരമാണെന്നിരിക്കെ കുട്ടികള്‍ക്കിത് താങ്ങാനാകില്ല. മുതിര്‍ന്നവരെക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടി വരെ വേഗതയില്‍ കുഞ്ഞുങ്ങളുടെ ശരീരം ചൂടാകും.

Similar News