കേരളത്തില്‍ പുത്തന്‍ വാഹന വില്‍പന സമ്മിശ്രം; മാരുതിക്ക് 23% വളര്‍ച്ച
സെപ്റ്റംബറിലെ മൊത്തം വാഹന വില്‍പനയില്‍ നേരിയ വളര്‍ച്ച; ഇഷ്ട ബ്രാന്‍ഡുകള്‍ മാരുതി, ഹോണ്ട, ഓല
കേരളത്തില്‍ പുതിയ വാഹനങ്ങളുടെ വില്‍പനയില്‍ കാറുകളും ത്രീവീലറുകളും കുറിക്കുന്നത് മികച്ച വളര്‍ച്ച. അതേസമയം, ടൂവീലറുകളുടെ വില്‍പന താഴേക്കാണെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
14.03 ശതമാനം വളർച്ചയോടെ കഴിഞ്ഞമാസം പുതുതായി 22,121 കാറുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2022 സെപ്റ്റംബറില്‍ പുതിയ കാറുകള്‍ 19,398 എണ്ണമായിരുന്നു. ഓട്ടോറിക്ഷകളുടെ വില്‍പന 1,776ല്‍ നിന്ന് 3,496 എണ്ണമായും വര്‍ധിച്ചു. 97.18 ശതമാനമാണ് വളർച്ച. അതേസമയം ടൂവീലറുകളുടെ വില്‍പന 53,877 എണ്ണത്തില്‍ നിന്ന് 49,124 എണ്ണമായി താഴ്ന്നു. ഇടിവ് 9.67 ശതമാനം.
മാരുതിക്ക് മുന്നേറ്റം
കാറുകള്‍ അഥവാ പാസഞ്ചര്‍ വാഹനങ്ങളില്‍ (PV) മാരുതി സുസുക്കി തന്നെയാണ് കേരളത്തിലും നായകസ്ഥാനം വഹിച്ച് മുന്നേറുന്നത്. മാരുതിയുടെ കഴിഞ്ഞമാസത്തെ വില്‍പന 2022 സെപ്റ്റംബറിലെ 10,434ല്‍ നിന്ന് 12,880ല്‍ എത്തി; 23.44 ശതമാനം വളർച്ചയാണ് മാരുതി കുറിച്ചത്.
ഹ്യുണ്ടായിയുടെ വില്‍പന 1,879ല്‍ നിന്ന് 2,152ലേക്കും കിയയുടെ വില്‍പന 1,076ല്‍ നിന്ന് 1,141ലേക്കും ഉയര്‍ന്നു.
1,638 പുതിയ ഉപഭോക്താക്കളെയാണ് മഹീന്ദ്ര സ്വന്തമാക്കിയത്; 2022 സെപ്റ്റംബറില്‍ കമ്പനി രേഖപ്പെടുത്തിയ വില്‍പന 1,402 യൂണിറ്റുകളായിരുന്നു. ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന വിഭാഗത്തിന്റെ വില്‍പന 2,544ല്‍ നിന്ന് 1,613ലേക്ക് കുറഞ്ഞു. സ്‌കോഡ 377ല്‍ നിന്ന് 593ലേക്കും ടൊയോട്ട 1,158ല്‍ നിന്ന് 1,478ലേക്കും വില്‍പന ഉയര്‍ത്തി.
ടൂവീലറുകളില്‍ ഹോണ്ട
സംസ്ഥാനത്ത് ടൂവീലര്‍ വില്‍പനയില്‍ ഒന്നാംസ്ഥാനത്തു ഹോണ്ടയാണ്. 13,364 പുതിയ ഉപഭോക്താക്കളെ കഴിഞ്ഞമാസം കമ്പനി സ്വന്തമാക്കി. എന്നാല്‍, 2022 സെപ്റ്റംബറിലെ 17,520നെ അപേക്ഷിച്ച് വില്‍പന 23.72 ശതമാനം കുറയുകയാണുണ്ടായത്.
ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പന 4,947ല്‍ നിന്ന് 5,260 ആയി മെച്ചപ്പെട്ടു. സുസുക്കിയുടെ വില്‍പന 4,681ല്‍ നിന്ന് 5,162ലേക്കും ഉയര്‍ന്നു. യമഹയുടേത് 4,755ല്‍ നിന്ന് 4,682ലക്കേും റോയല്‍ എന്‍ഫീല്‍ഡിന്റേത് 4,897ല്‍ നിന്ന് 3,307ലേക്കും കുറഞ്ഞുവെന്ന് പരിവാഹന്‍ രജിസ്‌ട്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ബജാജ് ഓട്ടോയുടെ മൊത്തം വില്‍പന 3,879ല്‍ നിന്ന് 5,502 ആയി ഉയര്‍ന്നു; ത്രീവീലറുകള്‍ ഉള്‍പ്പെടെയാണിത്. ടി.വി.എസിന്റെ വില്‍പന 10,836ല്‍ നിന്ന് 10,966 ആയും മെച്ചപ്പെട്ടു.
ഇലക്ട്രിക്കില്‍ ഓല
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയം വലിയതോതില്‍ കൂടുന്നുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ശ്രേണികളിലുമായി 2022 സെപ്റ്റംബറില്‍ പുതുതായി നിരത്തിലെത്തിയത് 3,722 ഇലക്ട്രിക് വാഹനങ്ങളായിരുന്നു (EV). ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അത് 5,691 എണ്ണമായി ഉയര്‍ന്നു. വർധന 52.90 ശതമാനം.
ഇ.വികളില്‍ താരം ഓലയാണ്. കമ്പനിയുടെ വില്‍പന 710ല്‍ നിന്ന് 1,039ലേക്ക് വര്‍ധിച്ചു. ഏഥര്‍ എനര്‍ജിയുടെ പുതിയ ഉപഭോക്താക്കള്‍ കഴിഞ്ഞമാസം 1,028 പേരാണ്; 2022 സെപ്റ്റംബറില്‍ 1,027 പേരായിരുന്നു.