ഇലക്ട്രിക് വണ്ടിക്ക് സബ്‌സിഡി മുടങ്ങില്ല, ഫണ്ട് അനുവദിച്ചെന്ന് കേന്ദ്രം

പദ്ധതിക്ക് 2024 മാര്‍ച്ച് വരെ കാലാവധിയുണ്ടെങ്കിലും ഫണ്ട് അതിനു മുമ്പ് തീര്‍ന്നേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു

Update: 2023-12-04 06:38 GMT

Image by Canva

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഫെയിം-2 (Faster Adoption and Manufacturing of Hybrid and Electric Vehicles in India/FAME-II) സബ്‌സിഡി പദ്ധതിക്കായി അധികമായി 1,500 കോടി രൂപ കൂടി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 2024 മാര്‍ച്ച് വരെയാണ് ഫെയിം-2 കാലാവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇലക്ട്രിക് വാഹന വില്‍പ്പന ഉയര്‍ന്നിരിക്കുന്നതിനാല്‍ പദ്ധതി കാലാവധിക്ക് മുന്‍പ് തന്നെ അനുവദിച്ചിരിക്കുന്ന ഫണ്ട് തീരുമെന്ന ആശങ്കയ്ക്കിടെയാണ് കൂടുതല്‍ പണം അനുവദിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഫെയിം-2 വിഹിതം 10,000 കോടി രൂപയില്‍ നിന്ന് 11,500 കോടിയാക്കി ഉയര്‍ത്തുന്നത് എക്‌സ്‌പെന്‍ഡീച്ചര്‍ മന്ത്രാലയം (DoE) പരിശോധിച്ചുവരികയായിരുന്നു. പദ്ധതിയുടെ ലക്ഷ്യങ്ങള്‍ പരിഗണിച്ചാണ് ഫണ്ട് അനുവദിച്ചതെന്ന് വന്‍കിട വ്യവസായ മന്ത്രാലയം  വ്യക്തമാക്കി.


നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് മാത്രം 5,127 കോടി രൂപയാണ് മന്ത്രാലയം അനുവദിച്ചത്. 2019ല്‍ 10,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും ഉയര്‍ന്ന തുക അനുവദിക്കുന്നത്. പദ്ധതി കാലാവധിക്കു മുന്‍പ് ഫണ്ട് തീരുന്നത് കണക്കിലെടുത്ത് രണ്ട് നടപടികളാണ് മന്ത്രാലയം പരിഗണിച്ചത്. ഇരുചക്ര വൈദ്യുത വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി ജൂണ്‍ ഒന്ന് മുതല്‍ 60,000ല്‍ നിന്ന് 22,500 ആയി കുറയ്ക്കുകയായിരുന്നു ഒന്ന്. രണ്ടാമത്തേത് ഓപ്ഷനായാണ് ധനമന്ത്രാലയത്തോട് 1,500 കോടി രൂപ കൂടി അധികമായി ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.

കൂടുതല്‍ വാഹനങ്ങള്‍ക്ക് പ്രയോജനം

പുതിയ നീക്കത്തോടെ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ഇക്ട്രിക് ടൂവീലറുകളുടെ ടാര്‍ഗറ്റ് 60 ശതമാനം ഉയര്‍ന്ന് 15.5 ലക്ഷമായും ഇലക്ട്രിക് ത്രീ വീലറുകളുടേത് 23 ശതമാനം ഉയര്‍ന്ന് 1.55 ലക്ഷമായും ഇലക്ട്രിക് 4 വീലറുകളുടേത് 177 ശതമാനം ഉയര്‍ന്ന് 30,461 യൂണിറ്റുമാകും.

കഴിഞ്ഞ രണ്ട് വര്‍ഷവും ഇലക്ട്രിക് വാഹന വില്‍പ്പന 10 ലക്ഷം യൂണിറ്റ് കടന്നിരുന്നു. ഈ വര്‍ഷം ഇലക്ട്രിക് ടൂവീലറുകളുടെ വില്‍പ്പന മാത്രം പത്ത് ലക്ഷം കടക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

തട്ടിപ്പിന് പൂട്ട്

ഇതിനിടെ പദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി സബ്‌സിഡി നേടാന്‍ ശ്രമിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ആറ് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ 15 മാസത്തിനുള്ളില്‍ വിറ്റ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സബ്‌സിഡി തടയുകയും 13 കമ്പനികള്‍ക്കുള്ള സബ്‌സിഡി വിതരണം തടഞ്ഞുവയ്ക്കുകയുമാണ് ചെയ്തത്.

വാഹനങ്ങള്‍ പ്രാദേശികമായി നിര്‍മിക്കണമെന്നുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ച് ചൈനയില്‍ നിന്നുളള ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചതിനാണ് 13 കമ്പനികള്‍ക്കുള്ള സബ്‌സിഡി തടഞ്ഞുവച്ചത്.

Tags:    

Similar News