യൂസ് ഡ് ആഡംബര കാര്‍ വിപണി ചീറിപ്പായുന്നു

Update: 2018-07-20 11:11 GMT

വളര്‍ച്ചാനിരക്കില്‍ പുതിയ വാഹനങ്ങളുടെ വില്‍പ്പനയെ മറികടന്ന് വളരുകയാണ് യൂസ്ഡ് ആഡംബര കാര്‍ വിപണി. ആഗ്രഹിച്ച സ്വപ്‌നവാഹനം കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ കഴിയുമ്പോഴുള്ള സന്തോഷവും സംതൃപ്തിയുമാണ് യൂസ്ഡ് ആഡംബരകാര്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് ഇന്ധനമാകുന്നത്.

യൂസ്ഡ് കാര്‍ ഡീലര്‍മാരുടെയും ഒഎല്‍എക്‌സ്, ക്വിക്കര്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെയും കടന്നുവരവാണ് ഇവയുടെ വില്‍പ്പന കുതിച്ചുയരാന്‍ പ്രധാന കാരണം. ഒഎല്‍എക്‌സില്‍ 15 ലക്ഷം രൂപ വിലയുള്ള പ്രീമിയം കാറുകളുടെ മാസാടിസ്ഥാനത്തിലുള്ള ലിസ്റ്റിംഗ് 2016ല്‍ 8000 ആയിരുന്നത് 2017ല്‍ 55,000ത്തിന് മുകളിലെത്തി. അതുപോലെ ഇവയ്ക്കായുള്ള അന്വേഷണങ്ങളിലും മൂന്നിരട്ടി വര്‍ധനയുണ്ടായതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

യൂസ്ഡ് ആഡംബര കാര്‍ വിപണിയുടെ വളര്‍ച്ച ഇന്ത്യയിലെ വാഹനവിപണി ആഗോളനിലവാരത്തിലേക്ക് കുതിക്കുന്നതിന്റെ സൂചന കൂടിയാണ്. കാരണം പാശ്ചാത്യരാജ്യങ്ങളിലെയും മറ്റും പുരോഗതി പ്രാപിച്ച വിപണികളില്‍ പുതിയ കാറുകളുടെ വില്‍പ്പനയുടെ 2.2 ഇരട്ടിയോളമാണ് യൂസ്ഡ് കാറുകളുടെ വില്‍പ്പന.

കേരളവും കുതിക്കുന്നു

കേരളത്തിലും പ്രീ ഓണ്‍ഡ് ആഡംബര കാറുകളുടെ വിപണി 30 ശതമാനത്തിന് മുകളിലാണ് വര്‍ഷാവര്‍ഷം വളരുന്നതെന്ന് റോയല്‍ ഡ്രൈവ് പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുജീബ് റഹ്മാന്‍ പറയുന്നു. മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി, ജാഗ്വാര്‍ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ യൂസ്ഡ് കാറുകളാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. 10 ലക്ഷം രൂപ മുതലാണ് ഇവയുടെ വില്‍പ്പന ആരംഭിക്കുന്നത്. ''ബാങ്ക് വായ്പകള്‍ മുമ്പത്തേക്കാളും ഉദാരമായതും 90 ശതമാനം വായ്പ ലഭിക്കുന്നതും വിപണിയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.'' മുജീബ് റഹ്മാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഏതെങ്കിലും പ്രത്യേക മേഖല കേന്ദ്രീകരിച്ചല്ല ഇവയുടെ വില്‍പ്പന നടക്കുന്നത്. കേരളത്തിലെ ചെറുപട്ടണങ്ങളില്‍ നിന്നുപോലും തങ്ങള്‍ക്ക് ബിസിനസുകള്‍ ലഭിക്കുന്നുവെന്ന് ഡീലര്‍മാര്‍ പറയുന്നു. വെള്ള കാറുകള്‍ക്കാണ് ഡിമാന്റും വിലയും കൂടുതല്‍. എന്നാല്‍ ചില മോഡലുകളില്‍ ചില നിറങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.

കാരണങ്ങള്‍ നിരവധി

വരുമാനം കൂടിയതും ജീവിതശൈലി ഉയര്‍ന്നതും ഉപഭോക്താക്കളുടെ ആഗ്രഹങ്ങളില്‍ വന്ന മാറ്റവും. ഇതുവഴി പുതിയ ആഡംബര കാറുകളുടെ വില്‍പ്പന ഉയര്‍ന്നത് യൂസ്ഡ് കാര്‍ വിപണിയിലും ചലനങ്ങളുണ്ടാക്കി.

• ആഡംബര കാറുകളുടെ ഡിപ്രീസിയേഷന്‍ മറ്റു കാറുകളെ അപേക്ഷിച്ച് വളരെ വേഗമാണ് സംഭവിക്കുന്നത്. അതുകൊണ്ട് യൂസ്ഡ് ആഡംബര കാറുകള്‍ വളരെ ആകര്‍ഷകമായ വിലയില്‍ ലഭ്യമാകും.

• സാധാരണയായി ആഡംബര കാറുകള്‍ നല്ല രീതിയില്‍ സൂക്ഷിച്ചിട്ടുള്ളവയും മിതമായി ഉപയോഗിച്ചിട്ടുള്ളവയുമായിരിക്കും. ആഡംബര കാറുകള്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ കാറായിട്ടാകും പലരും വാങ്ങുന്നത്. അതുകൊണ്ടുതന്നെ ഉപയോഗം കുറവായിരിക്കും, നല്ല രീതിയില്‍ മെയ്ന്റനന്‍സ് നടത്തിയിട്ടുമുണ്ടാകും.

• മുന്‍കാലങ്ങളില്‍ യൂസ്ഡ് കാറുകള്‍ക്ക് ബാങ്ക് വായ്പ കിട്ടുന്നത് എളുപ്പമായിരുന്നില്ല. എന്നാലിപ്പോള്‍ 90 ശതമാനം വരെ വായ്പ ലഭിക്കും. മാത്രമല്ല, ബാങ്ക് നിശ്ചയിക്കുന്ന വിലയെക്കാള്‍ താഴെയായിരിക്കും മാര്‍ക്കറ്റ് വില. അതുവെച്ച് കണക്കാക്കുമ്പോള്‍ വാഹനത്തിന്റെ 100 ശതമാനം വരെ വായ്പ ലഭിക്കാറുണ്ടെന്ന് ഡീലര്‍മാര്‍ പറയുന്നു.

• ആഡംബര കാര്‍ വാങ്ങാന്‍ പറ്റുമെങ്കിലും അവയുടെ സര്‍വീസിംഗ് താങ്ങാനാകുമോ എന്ന ഭയം ഉപഭോക്താക്കള്‍ക്ക് നേരത്തെയുണ്ടായിരുന്നു. എന്നാല്‍ വാഹനബ്രാന്‍ഡുകളുടേതല്ലാത്ത നല്ല സര്‍വീസിംഗ് സെന്ററുകള്‍ വന്നതോടെ താരതമ്യേന കുറഞ്ഞ ചെലവില്‍ സര്‍വീസിംഗ് നടത്താനാകും. ഇതോടെ ആ ഭയം മാറിവരുന്നത് വിപണിക്ക് ഗുണം ചെയ്തു.

• ജനുവരിയില്‍ സര്‍ക്കാര്‍ യൂസ്ഡ് കാറുകളുടെ ജിഎസ്റ്റി 28 ശതമാനത്തില്‍ നിന്ന് 12 മുതല്‍ 18 ശതമാനം വരെയാക്കി കുറച്ചത് ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കി.

• നേരത്തെ മെട്രോ നഗരങ്ങളായിരുന്നു ഇവയുടെ പ്രധാന വിപണിയെങ്കില്‍ ചെറുപട്ടണങ്ങളില്‍ നിന്ന് യൂസ്ഡ് ആഡംബരകാറുകള്‍ക്ക് മികച്ച ഡിമാന്റ് ലഭിക്കുന്നു. യൂസ്ഡ് കാറുകളുടെ ഓണ്‍ലൈന്‍ ക്ലാസിഫൈഡുകള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ എത്തുന്നതാണ് ഇതിന് പ്രധാന കാരണം.

Similar News