അതിവേഗത്തിൽ കുതിക്കുന്ന വൈദ്യുത ബസ് വിപണി, ആദ്യ ഡബിൾ ഡെക്കറും പുറത്തിറങ്ങി
2025-ാടെ മൊത്തം ബസ്സുകളിൽ 9 % വൈദ്യുത വണ്ടികളായിരിക്കും, സർക്കാർ നയം അനുകൂലം
അടുത്ത അഞ്ചു വർഷത്തിൽ വൈദ്യുത ബസ്സുകളുടെ (Electric Bus) എണ്ണത്തിൽ 10 ഇരട്ടി വർധനവ് ഉണ്ടാകുമെന്ന് പ്രവചനം. കേന്ദ്ര, സംസ്ഥാന സർക്കാർ ട്രാൻസ്‌പോർട്ട് സ്ഥാപനങ്ങൾ വൈദ്യുത ബസ്സുകൾക്ക് കൂടുതൽ ടെൻഡറുകൾ വിളിക്കുന്നുണ്ട്.
ഇന്ത്യൻ വിപണിയിൽ പ്രമുഖ നിർമാതാക്കൾ നൂതന വൈദ്യുത ബസ്സുകൾ പുറത്തിറക്കുന്നുണ്ട്. സ്വിച്ച് മൊബിലിറ്റി എന്ന സ്ഥാപനം ആദ്യത്തെ വൈദ്യുത ഡബിൾ ഡെക്കർ ബസ് ആഗസ്റ്റ് മാസം പുറത്തിറക്കി. ഭാരം കുറഞ്ഞ അലുമിനിയം ഉപയോഗിച്ചാണ് ബസ് നിർമിച്ചിരിക്കുന്നത്. ഈ എ സി ബസിൽ 65 യാത്രക്കാർക്ക് ഒരു സമയം സഞ്ചരിക്കാം. ഇന്ത്യൻ വിപണിയിൽ അടുത്ത മൂന്ന് വർഷം കൊണ്ട് മൊത്തം ബസ്സുകളിൽ 9 % വൈദ്യുത വാഹനങ്ങളായിരുക്കുമെന്ന്, സ്വിച്ച് മൊബിലിറ്റി സി ഇ ഒ മഹേഷ് ബാബു അഭിപ്രായപ്പെട്ടു. പ്രസ്തുത കമ്പനി 5000 വൈദ്യുത ബസുകൾ വിവിധ നഗരങ്ങളിൽ പുറത്തിറക്കാൻ ധാരണയായി
കേന്ദ്ര സർക്കാർ 10,000 വൈദ്യുത ബസ്സുകൾക്കുള്ള ഓർഡർ ഈ വർഷം നൽകി കഴിഞ്ഞു. ഏകദേശം 2 ശതകോടി രൂപയുടെ ഓർഡറുകളാണ് വാഹന നിർമാണ കമ്പനികൾ കരസ്ഥമാക്കുന്നത്. കേന്ദ്ര സർക്കാർ നയം, കൂടുതൽ ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും, ബാറ്ററി സാങ്കേതിക വിദ്യ മെച്ചപ്പെടുന്നതും വൈദ്യുത ബസ്സുകളുടെ വിപണി വികസിക്കാൻ കാരണമായിട്ടുണ്ട്. സി എൻ ജി, ഡീസൽ ബസ്സുകൾക്ക് കിലോമീറ്ററിന് 25 -35 രൂപ വരെ ചെലവ് വരുന്ന സ്ഥാനത്ത് വൈദ്യുത വാഹനങ്ങൾക്ക് 10 രൂപയെ ആകുന്നുള്ളു.
സർക്കാർ ട്രാൻസ്‌പോർട്ട് കമ്പനികളെ കൂടാതെ സ്വകാര്യ കമ്പനികളും വൈദ്യുത വാഹനത്തിൻറ്റെ ഉപയോഗം വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോർസ് കരുതുന്നു. വിവിധ കമ്പനികളുമായി വൈദ്യുത വാഹനങ്ങൾ നിർമിച്ചു നൽകാനുള്ള ധാരണയിൽ എത്തുകയാണ് ടാറ്റ മോട്ടോർസ്. 160 മുതൽ 200 കിലോമീറ്റർ വരെ ഒറ്റ ചാർജിൽ സഞ്ചരിക്കാൻ സാധ്യമായത് കൊണ്ട് നഗരൾക്ക് ഉള്ളിൽ ട്രിപ്പുകൾ നടത്താൻ വൈദ്യുത ബസ്സുകൾ അനുയോജ്യമാണ്.
എട്ട് വർഷത്തിനുള്ളിൽ മൊത്തം ബസ്സുകളുടെ 50 % വരെ വൈദ്യുത ബസ്സുകളായിരിക്കുമെന്ന് വാഹന കമ്പനികൾ കരുതുന്നു.