രണ്ടുകൊല്ലത്തിനുള്ളില്‍ വില കുറയുമെന്ന് കേന്ദ്രം, ഇവിയിലേക്ക് മാറാന്‍ കാത്തിരിക്കണോ
ഇലക്ട്രിക്കിലേക്ക് മാറാന്‍ സ്‌കൂട്ടറുകള്‍ തെരഞ്ഞെടുക്കാന്‍ പലരും നിര്‍ബന്ധിതരാവുകയാണ്.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇന്നലെ പറഞ്ഞത്, രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില പെട്രോള്‍ മോഡലുകള്‍ക്ക് സാമാനമാവുമെന്നാണ്. സാങ്കേതികവിദ്യയിലുണ്ടാവുന്ന പുരോഗതി, ഹരിത ഇന്ധന ലഭ്യത തുടങ്ങിയവ ചൂണ്ടിക്കാട്ടി ലോക്‌സഭയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലഥിയം അയണ്‍ ബാറ്ററികളുടെ വില ക്രമേണ കുറയുകയാണെന്ന് നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. കൂടാതെ സിങ്ക്-അയണ്‍, അലൂമിനിയം-അയണ്‍, സോഡിയം-അയണ്‍ ബാറ്ററികള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. 2019ല്‍ 16 ലക്ഷം ഇവികളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2021ല്‍ അത് 32 ലക്ഷമായി ഉയര്‍ന്നിരുന്നു.
വില കുറയും വരെ കാത്തിരിക്കണോ
നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ വില 10 ലക്ഷത്തിന് മുകളിലാണ്. ഒല, ടിവിഎസ്, ഏതര്‍, ബജാജ് ഉള്‍പ്പടെയുള്ള പ്രമുഖ കമ്പനികളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഒരു ലക്ഷമോ അതിന് മുകളിലോ ആണ് വില. ചില സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഒഴികെ മറ്റുള്ളവരൊന്നും ഇ-ബൈക്കുകള്‍ അവതരിപ്പിച്ചിട്ടുമില്ല. ഭൂരിഭാഗവും ബൈക്കുകള്‍ ഉപയോഗിക്കുന്ന ഒരു രാജ്യത്ത് ഇലക്ട്രിക്കിലേക്ക് മാറാന്‍ സ്‌കൂട്ടറുകള്‍ തെരഞ്ഞെടുക്കാന്‍ പലരും നിര്‍ബന്ധിതരാവുകയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാവായ ഹീറോയും, കാറുകളിലെ പ്രമുഖന്‍ മാരുതിയും ഇവികള്‍ അവതരിപ്പിച്ചിട്ടില്ല. 'വിഡ' എന്ന പേരില്‍ ഇവി ബ്രാന്‍ഡ് പ്രഖ്യാപിച്ചെങ്കിലും, എന്ന് എത്തുമെന്ന് ഹീറോ അറിയിച്ചിട്ടില്ല. ഹീറോയെ പോലെ വിലകുറഞ്ഞ കമ്മ്യൂട്ടര്‍ ബൈക്കുകൾക്ക് പേരുകേട്ട ഒരു ബ്രാന്‍ഡ് ഇവിയിലേക്ക് എത്തുമ്പോള്‍ തീര്‍ച്ചയായും വിപണിയില്‍ കടുത്ത മത്സരത്തിന് അത് വഴിവെക്കും. ഇത് വാഹനങ്ങളുടെ വില കുറയാന്‍ കാരണമായേക്കാം. ഇതേ സാഹചര്യം തന്നെയാവും മാരുതി സുസുക്കി, ഇവി മേഖലയിലേക്ക് പ്രവേശിക്കുമ്പോഴും ഉണ്ടാവുക. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ടെക്‌നോളജി, കൂടുതല്‍ കമ്പനികളുടെ മോഡലുകള്‍ തുടങ്ങിയവ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവികളെ ബജറ്റിനൊതുങ്ങുന്നവ ആക്കിയേക്കാം.
മാരുതിയുടെ ആശങ്ക
സുസുക്കി ഇവി മേഖലയില്‍ രാജ്യത്ത് വമ്പന്‍ നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉടനെയൊന്നും മാരുതി സുസുക്കി വാഹനങ്ങള്‍ ഈ സെഗ്മെന്റിലേക്ക് എത്തില്ല. ഇവി ബാറ്ററികള്‍ നിര്‍മിക്കാന്‍ നിക്കല്‍, കൊബാള്‍ട്ട്, ലിഥിയം പോലുള്ളവ ആവശ്യമാണ്. ഇവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യണം. ഇവിയിലേക്കുള്ള മാറ്റം ക്രൂഡ് ഓയില്‍ നിന്ന് ബാറ്ററി നിര്‍മാണ വസ്തുക്കളുടെ ഇറക്കുമതിയിലേക്കുള്ള മാറ്റം ആയിരിക്കുമെന്നാണ് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞത്. കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കാന്‍ സിഎന്‍ജി. ബയോ-സിഎന്‍ജി, എഥനോള്‍, ഹൈബ്രിഡ് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ ഇവികള്‍ക്ക് സബ്‌സിഡി നല്‍കുന്ന ഫെയിം പദ്ധതി കേന്ദ്രം അവസാനിപ്പിച്ചാല്‍, അത് വിലയില്‍ പ്രതിഫലിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കിലോ വാട്ടിന് 10,000 രൂപ നിരക്കില്‍ ഇലക്ട്രിക് കാറുകള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പിന്‍വലിച്ചിരുന്നു. കേരളം പിന്നെ പ്രത്യേക സബ്‌സിഡികള്‍ നല്‍കാത്തതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി പിന്‍വലിക്കുമോ എന്ന ആശങ്ക ഇവിടെ തല്‍ക്കാലം വേണ്ട.
ബാറ്ററികളാണ് ഇവിയിലെ ഏറ്റവും ചെലവേറിയ ഘടകം. പൊതുവെ ഇ-സ്‌കൂട്ടറുകളുടെ ബാറ്ററികള്‍ക്ക് 3 വര്‍ഷത്തെ വാറന്റിയാണ് ലഭിക്കുന്നത്. ഭാവിയില്‍ വില കുറയുമെന്ന് പറയുന്നുണ്ടെങ്കിലും നിലവില്‍ 40000 രൂപയോളം ആണ് പുതിയ ബാറ്ററിക്ക് ചെലവാകുന്നത്. ചാര്‍ജ് തീരുമ്പോള്‍ മാറ്റിയെടുക്കാവുന്ന സ്വാപ്പബിള്‍ ബാറ്ററികള്‍, എല്ലാ ഇരുചക്ര വാഹനങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ബാറ്ററി തുടങ്ങിയവ സാധ്യമായാല്‍ മാത്രമേ ഇ-സ്‌കൂട്ടറുകള്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തുകയുള്ളു.
യുവാക്കളെ ആകര്‍ഷിക്കണമെങ്കില്‍ പെട്രോള്‍ മോഡലുകള്‍ക്ക് സമാനമായ ഇ-ബൈക്കുകളും അവതരിപ്പിക്കണം. ഭാവിയുടെ വാഹന ഉപഭോഗ രീതി എന്ന് വിലയിരുത്തപ്പെടുന്ന ഒന്നാണ് സബ്‌സ്‌ക്രിപ്ഷന്‍ രീതി. അതായത് വാഹനങ്ങള്‍ പണം കൊടുത്ത് വാങ്ങാതെ ഒരു നിശ്ചിത തുക മാസമാസം നല്‍കി ഉപയോഗിക്കുന്ന രീതി. സബ്‌സ്‌ക്രിപ്ഷന്‍ രീതിയില്‍ ലഭ്യമായാല്‍ വാഹനത്തിന്റെ ആയുസിനെക്കുറിച്ചുള്ള ആശങ്ക ഇല്ലാതെ ആളുകള്‍ക്ക് ഇവികളിലേക്ക് മാറുകയും ചെയ്യാം.