എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു

ജനുവരി മുതല്‍ ടോള്‍ പ്ലാസകളില്‍ കാഷ് കൗണ്ടറുകള്‍ ഉണ്ടാവില്ല, ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളെ കടത്തി വിടില്ല

Update:2020-11-13 18:12 IST

അടുത്ത വര്‍ഷം ജനുവരിയോടെ രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു. ടോള്‍ പ്ലാസകളിലെ ടോള്‍ പിരിക്കല്‍ 100 ശതമാനവും ഇതുവഴിയാക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ ദേശീയ പാതകളിലെ ടോള്‍ പിരിവ് 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്. വാഹനങ്ങളുടെ വിന്‍ഡ് സക്രീനില്‍ പതിപ്പിക്കുന്ന ടാഗ് ടോള്‍ പ്ലാസകളിലെ സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണ് ഫാസ്ടാഗ് വഴി ടോള്‍ പിരിക്കുന്നത്. ഫാസ്ടാഗ് വാലറ്റില്‍ നിന്നോ ടാഗ് ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ നേരിട്ട് എക്കൗണ്ടില്‍ നിന്നോ ആണം ഈടാക്കുന്നത്.

ഫാസ്ടാഗ് ഉണ്ടെങ്കില്‍ ടോള്‍ പ്ലാസകളില്‍ വണ്ടി നിര്‍ത്താതെ തന്നെ പോകാനാകും. തിരക്കുള്ള സമയങ്ങളില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നത് ഒഴിവാകുകയും ചില്ലറ തപ്പി മിനക്കെടുകയും വേണ്ട എന്ന ഗുണമുണ്ട്. പക്ഷേ എക്കൗണ്ടിലോ വാലറ്റിലോ മതിയായ ബാലന്‍സ് ഉണ്ടായിരിക്കണം എന്നു മാത്രം.

റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ഓഫീസുകള്‍, 23 പ്രധാന ബാങ്കുകള്‍ എന്നിവ വഴി ഫാസ്ഗാട് ലഭിക്കും. കൂടാതെ ആമസോണ്‍, പേടിഎം പോലുള്ള സൈറ്റുകളില്‍ നിന്ന് ഓണ്‍ലൈനായും ലഭ്യമാകും. ഇനി പെട്രോള്‍ പമ്പുകളിലും കൊമേഴ്‌സ്യല്‍ സെന്ററുകളിലുമെല്ലാം ലഭ്യമാക്കി എളുപ്പത്തില്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഒരു ബാങ്കില്‍ നിന്ന് വാങ്ങിയ ഫാസ്ടാഗ് മറ്റൊരു ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കാനാവില്ല. അതുകൊണ്ട് എക്കൗണ്ടുള്ള ബാങ്കില്‍ നിന്നു തന്നെ വേണം ഫാസ്ടാഗ് വാങ്ങാന്‍.

അതേസമയം നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന ഫാസ്ടാഗുകള്‍ ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കാതെ പ്രത്യേകം വാലറ്റ് പ്രയോജനപ്പെടുത്തി ഉപയോഗിക്കാനുകും. രാജ്യത്ത് 20 ദശലക്ഷം വാഹനങ്ങളില്‍ നിലവില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഒരു വര്‍ഷം കൊണ്ട് 400 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.

ബാങ്കുകള്‍ 200 രൂപയാണ് ഫാസ്ടാഗിന് ഈടാക്കുന്നത്. ഇതിനു പുറമേ 200 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായും നല്‍കണം. 100 രൂപയാണ് പിന്നീടുള്ള മിനിമം റീചാര്‍ജ് തുക.

സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കുന്ന തുക ഉപയോഗിക്കാനാവില്ല. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്. രാജ്യത്തെ ദേശീയ പാതകളിലെ 615 ടോള്‍ പ്ലാസകളിലും സംസ്ഥാന പാതകളിലെ 100 ടോള്‍ പ്ലാസകളിലും ഈ ഫാസ്ടാഗ് ഉപയോഗിച്ച് ടോള്‍ നല്‍കാനാകും. നിലവില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്ന ടോളുകളില്‍ അതില്ലാത്ത വാഹനങ്ങള്‍ക്ക് ഇരട്ടിതുക ഈടാക്കുന്നുണ്ട്. ടാഗിന് എന്തെങ്കിലും കേടുപാട് പറ്റി സ്‌കാന്‍ ചെയ്യാന്‍ കഴിയാതെ വന്നാലോ അതില്‍ ആവശ്യത്തിന് പണമില്ലാതെ വന്നാലോ ഇരട്ടി തുക ഈടാക്കാനും വ്യവസ്ഥയുണ്ട്.

Tags:    

Similar News