പെട്രോള്‍-ഡീസല്‍ വില കുതിക്കുമ്പോള്‍ ലാഭിക്കാം ഓരോ തുള്ളിയും, 5 വഴികളിതാ
വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പെട്രോള്‍, ഡീസല്‍ വില ദിവസേന കൂടിക്കൊണ്ടിരിക്കുകയാണ്. ഒപ്പം വാഹന ഉടമകളുടെ നെഞ്ചിടിപ്പും. ഈയൊരു സാഹചര്യത്തില്‍ ഓരോ തുള്ളി ഇന്ധനവും ലാഭിക്കാനുള്ള അഞ്ച് വഴികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. തിരക്കുപിടിക്കാതിരിക്കുക
ഓവര്‍ സ്പീഡും അതുവഴി ഇടയ്ക്കിടെ ബ്രേക്ക് ചവിട്ടേണ്ടിവരുന്നതും എപ്പോഴും ഗിയര്‍ മാറ്റേണ്ടിവരുന്നതുമൊക്കെ ഇന്ധനക്ഷമത കുറയ്ക്കും. അപകടകരവുമാണ്. അതിനാല്‍ മിതമായ വേഗത്തില്‍ സുരക്ഷിതമായി വാഹനം ഓടിക്കുക. നിങ്ങളുടെ പോക്കറ്റിനും അതുതന്നെയാണ് നല്ലത്. 45-50 കിലോമീറ്റര്‍ വേഗതയിലാണത്രെ ഇന്ധനക്ഷമത കൂടുതല്‍ ലഭിക്കുക.
2. വാഹനം കൃത്യമായി സര്‍വീസ് ചെയ്യുക
വാഹനത്തെ മികച്ച രീതിയില്‍ പരിപാലിക്കുന്നത് ഇന്ധനക്ഷമതയ്ക്ക് വളരെ പ്രധാനമാണ്. കമ്പനി നിര്‍ദേശിച്ചിരിക്കുന്ന ഇടവേളകളില്‍ സര്‍വീസ് നടത്തണം. വാഹനത്തില്‍നിന്ന് അസാധാരണമായ ശബ്ദങ്ങള്‍ കേള്‍ക്കുകയോ ഓട്ടത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് തോന്നുകയോ ചെയ്താല്‍ മെക്കാനിക്കിനെ കൊണ്ട് പരിശോധിപ്പിക്കുക.
3. ടയര്‍ മര്‍ദ്ദം പ്രധാനം
വാഹനത്തെ റോഡുമായി ബന്ധിപ്പിക്കുന്ന ഘടകമാണ് ടയറുകള്‍. കമ്പനി നിര്‍ദേശിച്ചിട്ടുള്ള അളവില്‍ മര്‍ദ്ദം ഉണ്ടാകുന്നത് ടയറുകളുടെ ദീര്‍ഘായുസിനും സുരക്ഷിതത്വത്തിനും ഇന്ധനക്ഷമതയ്ക്കും വളരെ പ്രധാനമാണ്. മര്‍ദ്ദം കൂടിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം. അത് അപകടത്തിന് കാരണമായേക്കാം.
4. എന്‍ജിന്‍ ഓഫാക്കുക
ട്രാഫിക് ബ്ലോക്കില്‍ കുരുങ്ങിക്കിടക്കുമ്പോള്‍ എന്‍ജിന്‍ ഓഫാക്കാം. അതുപോലെ വാഹനം ഒതുക്കി ഫോണ്‍ വിളിക്കുമ്പോഴും കൂടെയുള്ളയാള്‍ സാധനങ്ങള്‍ വാങ്ങാനായി വാഹനത്തില്‍നിന്ന് ഇറങ്ങി പോകുമ്പോഴൊക്കെ എന്‍ജിന്‍ ഓഫ് ചെയ്യാം. എസി നിര്‍ബന്ധമാണെങ്കില്‍ വാഹനം ന്യൂട്രല്‍ ഗിയറിലിട്ട് ഹാന്‍ഡ് ബ്രേക്കിട്ട ശേഷം എന്‍ജിന്‍ ഓഫാക്കാതെ എസി ഇടാം. എന്‍ജിന്‍ ഓഫാക്കുകയും പെട്ടെന്നുതന്നെ ഓണാക്കുകയും ചെയ്താല്‍ ഇന്ധനം കൂടുതല്‍ നഷ്ടമാകും എന്ന് ഓര്‍ക്കുക.
5. എസി ഇട്ടോളൂ
സാധാരണഗതിയില്‍ എസി ഇട്ട് വാഹനം ഓടിക്കുന്നത് ഇന്ധനക്ഷമത കുറയ്ക്കുക തന്നെ ചെയ്യും. എന്നാല്‍ വാഹനം വളരെ വേഗത്തില്‍ പോകുമ്പോള്‍ വിന്‍ഡോകള്‍ തുറന്നിട്ടാല്‍ കാറ്റിന്റെ ശക്തിയെക്കൂടി വാഹനം പ്രതിരോധിക്കേണ്ടിവരും. ഇത് ഇന്ധനം കൂടുതല്‍ ചെലവാകാന്‍ കാരണമായേക്കാം. അതുകൊണ്ട് എസി ഓണാക്കി വിന്‍ഡോകള്‍ ക്ലോസ് ചെയ്ത് പോകുന്നതാണ് നല്ലത്.