ഏറ്റുമുട്ടാന്‍ 'ഗൂര്‍ഖ'യെത്തുന്നു, ഫോഴ്‌സിന്റെ എസ്‌യുവിയുടെ സവിശേഷതകളിങ്ങനെ

വാഹനം ഈ മാസം 27ന് അവതരിപ്പിക്കും

Update:2021-09-16 10:07 IST

വാഹന വിപണിയിലെ ഓഫ് റോഡ് വാഹനങ്ങളോട് ഏറ്റുമുട്ടാന്‍ ഫോഴ്‌സിന്റെ പുത്തന്‍ ഗൂര്‍ഖയെത്തുന്നു. എസ്‌യുവി വിഭാഗത്തില്‍ മഹീന്ദ്ര ഥാറിന്റെ എതിരാളിയായി എത്തുന്ന ഗൂര്‍ഖ ഈ മാസം 27 നാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു. പഴയ ഗൂര്‍ഖയ്ക്ക് സമാനമായ രൂപകല്‍പ്പനയിലാണ് പുത്തന്‍ ഗൂര്‍ഖയും വിപണിയിലെത്തുന്നത്. എന്നാല്‍ ഏവരെയും ആകര്‍ഷിപ്പിക്കുന്ന തരത്തിലാണ് ഗൂര്‍ഖയുടെ മുന്‍ഭാഗം ഒരുക്കിയിട്ടുള്ളത്. വലിയ ഗ്രില്ലും, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകളും, അതിന് ചുറ്റുമുള്ള ഡിആര്‍എല്ലുകളും ഗൂര്‍ഖയുടെ 'കരുത്തന്‍' മുഖത്തെ ശ്രദ്ധേയമാക്കുന്നു്.

അതേസമയം, ഓള്‍ ബ്ലാക്ക് കളര്‍ തീമിലും ഗൂര്‍ഖ ലഭ്യമാകുമെന്നും സൂചനയുണ്ട്. നാല് സീറ്റര്‍ പതിപ്പ് വാഹനത്തിന് പിറകില്‍ ക്യാപ്റ്റന്‍ സീറ്റുകളായിരിക്കും ഉണ്ടാവുക. ഫ്‌ളോര്‍ മാറ്റുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയും ഗൂര്‍ഖയില്‍ സജ്ജീകരിക്കും.

89 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും വാഹനത്തിന് കരുത്തേകുക. 10-12 ലക്ഷം രൂപ വരെയായിരിക്കും ഗൂര്‍ഖയ്ക്ക് എക്‌സ്‌ഷോറൂം വിലയെന്നാണ് കരുതുന്നത്.


Tags:    

Similar News