ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി ഹീറോ: സൗജന്യ സര്‍വീസും വാറണ്ടി കാലാവധിയും നീട്ടി
ഹീറോ മോട്ടോകോര്‍പ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഉല്‍പ്പാദനം ഭാഗികമായി പുനരാരംഭിച്ചു
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ സര്‍വീസിലും വാറണ്ടിയിലും ഇളവുമായി ഹീറോ. സൗജന്യ സര്‍വീസും വാറണ്ടി കാലാവധിയും അറുപത് ദിവസത്തേക്കാണ് രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് നീട്ടി നല്‍കിയത്.
എല്ലാ ഉപഭോക്താക്കള്‍ക്കുമായി നിലവിലുള്ള കാലയളവില്‍ തീര്‍ന്നുപോയ സേവനങ്ങളുടെ കാലാവധി 60 ദിവസത്തേക്ക് കമ്പനി നീട്ടിയിട്ടുണ്ടെന്ന് ഇരുചക്ര വാഹന വമ്പന്മാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ, രാജ്യത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഹീറോ തങ്ങളുടെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ ഹരിയാനയിലെ ഗുരുഗ്രാം, ധരുഹേര, ഹരിദ്വാര്‍ എന്നിവിടങ്ങളിലെ മൂന്ന് പ്ലാന്റുകളില്‍ ഉല്‍പ്പാദനം പുനരാരംഭിച്ചു.
ഏപ്രില്‍ 22 മുതല്‍ മെയ് 2 വരെയായിരുന്നു ഹീറോ ഇന്ത്യയിലെ ആറ് പ്ലാന്റുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നത്. അത് പിന്നീട് മെയ് 16 വരെ നീട്ടുകയായിരുന്നു.