ബുക്കിംഗ് തകൃതി; ഇന്നോവ ഹൈക്രോസിന്റെ കാത്തിരിപ്പ് കാലം രണ്ടുവര്‍ഷം

ഇപ്പോള്‍ ബുക്ക് ചെയ്താല്‍ കൈയില്‍ കിട്ടാന്‍ 2025 വരെ കാത്തിരിക്കണം

Update:2023-06-21 11:42 IST

Image : Toyota Innova Hycross

വിവിധോദ്ദേശ്യ വാഹനശ്രേണിയില്‍ (എം.പി.വി) 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിപണിയിലെത്തിയത് മുതല്‍ ടൊയോട്ടയുടെ സൂപ്പര്‍ഹിറ്റ് മോഡലാണ് ഇന്നോവ (Toyota Innova). ഇടക്കാലത്ത് ഇന്നോവയുടെ പുതുക്കിയ മോഡലായി ക്രിസ്റ്റ (Innova Crysta) എത്തിയപ്പോഴും ഉപഭോക്താക്കള്‍ ഇരുംകൈയും നീട്ടി വരവേറ്റു.

ഇപ്പോഴിതാ, അടുത്തിടെ അവതരിപ്പിച്ച, പരിഷ്‌കരിച്ച പതിപ്പായ ഇന്നോവ ഹൈക്രോസും (Innova Hycross) നേടുന്നത് ടൊയോട്ട പോലും പ്രതീക്ഷിച്ചതിനേക്കാള്‍ ബുക്കിംഗ്.
കാത്തിരിക്കാം 2025 വരെ 
18.55 ലക്ഷം രൂപ മുതല്‍ 29.99 ലക്ഷം രൂപവരെയാണ് പ്രീമിയം എം.പി.വിയായ ഇന്നോവ ഹൈക്രോസിന് എക്‌സ്‌ഷോറൂം വില.
ഹൈക്രോസിന്റെ വിവിധ വേരിയന്റുകള്‍ക്ക് കാത്തിരിപ്പ് സമയം (Waiting Period) 21 മാസം മുതല്‍ 23 മാസം വരെയാണ് ഇപ്പോള്‍. അതായത്, ഇപ്പോള്‍ ബുക്ക് ചെയ്താലും വാഹനം കൈയില്‍ കിട്ടാന്‍ 2025 വരെയെങ്കിലും കാത്തിരിക്കണം.
ടൊയോട്ടയുടെ വെബ്സൈറ്റിലെ അറിയിപ്പ് 

 

ടോപ് മോഡലുകളായ ഇസഡ്.എക്‌സ്., ഇസഡ്.എക്‌സ് (ഒ) എന്നിവയുടെ ബുക്കിംഗ് സ്വീകരിക്കുന്നത് ടൊയോട്ട താത്കാലികമായി നിറുത്തിവച്ചിട്ടുമുണ്ട്. നാച്ചുറലി-ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ പതിപ്പുകള്‍ക്ക് കാത്തിരിപ്പ് സമയം 6-7 മാസമാണ്.
ഇന്നോവ ഹൈക്രോസ്
രണ്ട് എന്‍ജിന്‍ പതിപ്പുകളാണ് ഹൈക്രോസിനുള്ളത് - 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഒന്ന്. 171 ബി.എച്ച്.പിയാണ് കരുത്ത്. ടോര്‍ക്ക് 205 എന്‍.എം. ട്രാന്‍സ്മിഷന്‍ സംവിധാനം സി.വി.ടി.
ടി.എന്‍.ജി.എ 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പാണ് മറ്റൊന്ന്. ഒപ്പമുള്ളത് ഇലക്ട്രിക് മോട്ടോര്‍. സംയോജിത കരുത്ത് 183 ബി.എച്ച്.പി. ഇ-സി.വി.ടി സംവിധാനവും ചേര്‍ത്തിരിക്കുന്നു.
മഹീന്ദ്ര എക്‌സ്.യു.വി700, ടാറ്റാ സഫാരി, എം.ജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായ് അല്‍കസാര്‍, മാരുതിയുടെ പുത്തന്‍ മോഡലായ ഇന്‍വിക്‌റ്റോ (Invicto) എന്നിവയാണ് വിപണിയിലെ എതിരാളികള്‍.
Tags:    

Similar News