ടാറ്റ സഫാരിയും എം.ജി ഹെക്ടറും വിയര്‍ക്കും; അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ 9 ന് എത്തുന്നു
ഡ്യുവല്‍ 10.25 ഡിസ്പ്ലേകളും പനോരമിക് സണ്‍റൂഫും വാഹനത്തിന് ഉണ്ടായിരിക്കും; 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും
അൽകസാർ എസ്.യു.വി 2021 ലാണ് ഹ്യുണ്ടായ് വിപണിയില്‍ അവതരിപ്പിക്കുന്നത്. അതിനുശേഷം വാഹനത്തിന്റെ പുതിയ പതിപ്പുകള്‍ അവതരിപ്പിക്കാന്‍ കമ്പനി തയാറായിരുന്നില്ല. ഈ ഫാമിലി മിഡ്‌സൈസ് എസ്.യു.വിയുടെ ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ 9 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ഹ്യുണ്ടായ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാഹനത്തിന്റെ സവിശേഷതകള്‍
പുതിയ എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകളും അലോയ് വീലുകളും അടക്കം രൂപകല്‍പ്പനയില്‍ മാറ്റങ്ങളുമായാണ് അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് എത്തുകയെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുവല്‍ സോണ്‍ എ.സി അടക്കമുളള മാറ്റങ്ങളാണ് അകത്തളത്തില്‍ പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റയുടെ പുതിയ പതിപ്പിന്റെ ഒട്ടേറെ ഘടകങ്ങളുമായി സാമ്യതയുളളതായിരിക്കും നെന്നാണ് കരുതുന്നത്. എന്നാല്‍ ക്രെറ്റയില്‍ നിന്ന് വിഭിന്നമായി അൽകസാറിലെ ഗ്രിൽ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. അൽകസാറി
ലംബമായി അടുക്കിയ കണക്‌റ്റഡ് എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ ഉളളതിനാല്‍ പിൻഭാഗം ക്രെറ്റയിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. ഡ്യുവല്‍ 10.25 ഡിസ്പ്ലേകള്‍ (ഒന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഡ്രൈവറുടെ ഡിസ്പ്ലേക്കും) പനോരമിക് സണ്‍റൂഫും വാഹനത്തിന് ഉണ്ടായിരിക്കും. 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും.
സുരക്ഷാ സവിശേഷതകള്‍
ആറ് എയര്‍ ബാഗുകള്‍, മുന്‍വശത്തും പിറകുവശത്തും പാര്‍ക്കിങ് സെന്‍സറുകള്‍, ഓട്ടോ ഹോള്‍ഡുളള ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ വാഹനത്തിനുണ്ടാകും. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസും (ADAS) പുതിയ അൽകസാറില്‍ ഉണ്ടാകുമെന്ന് കരുതുന്നു.
പവര്‍ട്രെയിന്‍
1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ അൽകസാർ ലഭ്യമാകും. പെട്രോള്‍ എന്‍ജിന്‍ 160 ബി.എച്ച്.പി. പവറും 253 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 116 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.
പെട്രോള്‍ എന്‍ജിന്‍ ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഡീസല്‍ എന്‍ജിന്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനും വാഗ്ദാനം ചെയ്യുന്നു.
പ്രതീക്ഷിക്കുന്ന വില
മഹീന്ദ്ര XUV 700 , ടാറ്റ സഫാരി , എം.ജി ഹെക്ടർ പ്ലസ് എന്നീ വാഹനങ്ങളായിരിക്കും അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിന്റെ എതിരാളികള്‍. അൽകസാറിന്റെ നിലവിലെ പതിപ്പിന് 16.77 ലക്ഷം മുതൽ 21.28 ലക്ഷം വരെയാണ് എക്സ് ഷോറൂം വില.
നിലവിലെ മോഡലിന്റെ പ്രീമിയം പതിപ്പാണ് ഫെയ്‌സ്‌ലിഫ്റ്റ് അൽകസാര്‍ എന്നതിനാല്‍ എക്സ്-ഷോറൂം വില 17 ലക്ഷം രൂപയിൽ ആരംഭിക്കുമെന്നാണ് കരുതുന്നത്.