കാത്തിരിപ്പിന് വിരാമം, ഇതാ എത്തി ഹ്യുണ്ടായ് കോന ഇലക്ട്രിക്ക് എസ് യുവി

Update: 2019-07-09 09:54 GMT

ഹ്യുണ്ടായിയുടെ ഏറെ കാത്തിരുന്ന ഇലക്ട്രിക് എസ്.യു.വിയായ കോന ഇന്ത്യയിൽ അവതരിപ്പിച്ചു. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 452 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ലോംഗ് റേഞ്ച് ഇലക്ട്രിക് എസ്.യു.വിയാണിത്.

വില 25.30 ലക്ഷം രൂപ. തുടക്കത്തില്‍ ഇന്ത്യയിലെ 16 മുന്‍നിര നഗരങ്ങളിലായിരിക്കും വില്‍ക്കുന്നത്. രണ്ട് ബാറ്ററി പാക്കുകളുള്ള വകഭേദങ്ങളാണ് ഉള്ളത്.

64kWh ശേഷിയുള്ള ബാറ്ററി പാക്കോട് കൂടിയ മോഡലിന് 452 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. ഇത് മുഴുവനായി ചാര്‍ജ് ചെയ്യാന്‍ ഒമ്പത് മണിക്കൂറാണ് വേണ്ടത്. ഫാസ്റ്റ് ചാര്‍ജിംഗിലൂടെ 57 മിനിറ്റുകൊണ്ട് 80 ശതമാനം ചാര്‍ജ് ആകും.

39.2 kWh ശേഷിയുള്ള ബാറ്ററിയോട് കൂടിയ മോഡലിന്റെ റേഞ്ച് 300 കിലോമീറ്ററാണ്. ഇത് മുഴുവനായി ചാര്‍ജ് ചെയ്യാന്‍ ആറ് മണിക്കൂറാണ് വേണ്ടത്. പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗതയിലെത്താൻ വാഹനത്തിന് 9.7 സെക്കന്റ് സമയം മാത്രം മതി. മൂന്ന് വർഷത്തെ പരിധിയില്ലാത്ത വാറന്റിയും കോന വാഗ്ദാനം ചെയ്യുന്നു.

തെരഞ്ഞെടുത്ത ഹ്യുണ്ടായ് ഡീലര്‍ഷിപ്പുകളില്‍ ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം ഏര്‍പ്പെടുത്തും. 

എല്‍ഇഡി പ്രൊജക്റ്റര്‍, ഹെഡ്‌ലാമ്പ്, ഹെഡ് അപ്പ് ഡിസ്‌പ്ലേ, എട്ടിഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകൾ ഇതിനുണ്ട്. എട്ടു വർഷം അല്ലെങ്കിൽ 160000 കിലോമീറ്റർ ആണ് ബാറ്ററി വാറന്റി കാലാവധി.

Similar News