കുട്ടികളെ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്; ഇല്ലെങ്കിൽ പിഴയടക്കം കർക്കശ നടപടി
വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പ്രചാരണ ദൗത്യവുമായി എം.വി.ഡി
കാറുകളിലും ഇരുചക്രവാഹനങ്ങളിലും കുട്ടികളുടെ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചു. വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടെയാണ് എം.വി.ഡി പുതിയ നടപടികളിലേക്ക് കടക്കുന്നത്.
ഘട്ടം 1: ബോധവൽക്കരണ കാമ്പയിൻ
ആദ്യഘട്ടമായി ഈ മാസം എം.വി.ഡിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ബോധവൽക്കരണ കാമ്പയിൻ നടത്തുന്നതാണ്. വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷാ നടപടികള്‍ ഉറപ്പാക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. കാമ്പയിന്റെ
ഘട്ടം 2: വാഹനം നിർത്തി മുന്നറിയിപ്പ് നല്‍കല്‍
നവംബറിൽ (അടുത്ത മാസം) എം.വി.ഡി രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതാണ്. പുതിയ നിയന്ത്രണങ്ങൾ പാലിക്കാത്ത ഡ്രൈവർമാർക്ക് വാഹനം നിർത്തി മുന്നറിയിപ്പ് നൽകുന്നതിലാണ് ഈ ഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിയമ ലംഘനങ്ങള്‍ മൂലം വരാനിരിക്കുന്ന നടപടികൾ ഡ്രൈവർമാരെ അറിയിക്കുകയാണ് ഈ ഘട്ടത്തിലൂടെ ഉദ്ദേശിക്കുന്നത്.
ഘട്ടം 3: പിഴയോടു കൂടിയ നിയമ നടപടികള്‍
ഡിസംബർ മുതൽ നിയമലംഘനത്തിന് പിഴ ചുമത്തും. ഒരു കുട്ടിക്ക് അപകടം നേരിട്ടാൽ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക്. കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.
കുട്ടികളുടെ പ്രധാന സുരക്ഷാ ചട്ടങ്ങൾ ഇവയാണ്
1. 4 വയസ്സിന് താഴെയുള്ള കുട്ടികൾ: കാറിന്റെ പിൻസീറ്റിൽ നിർബന്ധമായും ചൈൽഡ് റെസ്‌ട്രെയ്ൻറ് സിസ്റ്റം (സി.ആർ.എസ്) ഇൻസ്റ്റാൾ ചെയ്തിരിക്കണം. കുട്ടികള്‍ക്ക് പ്രത്യേക തരം സി.ആര്‍.എസ് സംവിധാനമാണ് ഒരുക്കേണ്ടത്. പ്രായത്തിന് അനുയോജ്യമായ തരത്തില്‍ ഈ സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടതുണ്ട്.
2. 4 മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ: 4 വയസ്സിന് മുകളിലും എന്നാൽ 14 വയസ്സിന് താഴെയുമുളള കുട്ടികളെ സുരക്ഷാ ബെൽറ്റ് ബന്ധിപ്പിച്ച് ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ ഇരുത്തണം. പിൻസീറ്റിലും ഇത് നടപ്പാക്കേണ്ടതുണ്ട്. 4 അടിയില്‍ (135 സെന്റീമീറ്റര്‍) താഴെ ഉയരമുള്ള കുട്ടികളെയാണ് ഇത്തരത്തില്‍ ഇരുത്തേണ്ടത്.
3. ഉചിതമായ സുരക്ഷാ സംവിധാനം തിരഞ്ഞെടുക്കൽ: കുട്ടികളുടെ സി.ആർ.എസ് സംവിധാനവും ചൈൽഡ് ബൂസ്റ്റർ കുഷ്യനും തിരഞ്ഞെടുക്കേണ്ടത് കുട്ടിയുടെ വലുപ്പത്തെയും ഉയരത്തെയും ആശ്രയിച്ചാണ്. കുട്ടികളുടെ സുരക്ഷ ഡ്രൈറുടെ ഉത്തരവാദിത്തം.
ഇരുചക്രവാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ
1. ഹെൽമറ്റ് നിർബന്ധം: ഇരുചക്രവാഹനങ്ങളില്‍ 4 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാണ്.
2. സേഫ്റ്റി ബെൽറ്റ് ഹാർനെസ്: കുട്ടിയെ വണ്ടി ഓടിക്കുന്ന രക്ഷിതാവിനോട് സുരക്ഷിതമായി ചേര്‍ക്കുന്ന ഒരു സേഫ്റ്റി ബെൽറ്റ് ഹാർനെസ് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നിർബന്ധമല്ല. എന്നാല്‍ കുട്ടികള്‍ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോള്‍ ഉറങ്ങാൻ സാധ്യതയുളളതിനാലാണ് ഈ സംവിധാനം ശുപാര്‍ശ ചെയ്യുന്നത്.
കുട്ടികൾക്ക് റോഡ് യാത്രയിൽ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നിബന്ധനകൾ വാഹനം ഓടിക്കുന്നവർ പാലിക്കണമെന്നും എം.വി.ഡി അധികൃതര്‍ അറിയിച്ചു.