സെല്‍റ്റോസും കാര്‍ണിവലും സൂപ്പര്‍ഹിറ്റ്; കോവിഡ് പ്രതിസന്ധിക്കുശേഷം ഇന്ത്യയില്‍ രണ്ടാമതൊരു പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കിയ

Update: 2020-04-27 12:54 GMT

ഒരു വര്‍ഷം മാത്രം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ തരംഗമായി മാറിയ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളാണ് കിയ മോട്ടോഴ്‌സ്. തുടക്കത്തില്‍ സെല്‍റ്റോസ് മാത്രമായിരുന്നു കിയയില്‍ നിന്നും വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ പിന്നീട് കിയ അവതരിപ്പിച്ച കാര്‍ണിവല്‍ കൂടി വാഹന പ്രേമികള്‍ ഏറ്റെടുത്തതോടെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആണ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്ത് ഈ ബ്രാന്‍ഡ്. നിരവധി മോഡലുകളാണ് കിയയില്‍ നിന്നും ഇന്ത്യന്‍ വിപണിയിലേക്ക് ഇനിയും എത്താനിരിക്കുന്നത്.

ഈ വര്‍ഷം തന്നെ സോനെറ്റ് എന്ന കോംപാക്റ്റ് എസ്യുവി അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ കിയ മോട്ടോഴ്‌സിന് ഇന്ത്യയില്‍ ഒരു പ്ലാന്റ് മാത്രമാണുള്ളത്. വാഹനങ്ങളുടെ നിര വര്‍ധിക്കുന്നതോടെ ഒരു പ്ലാന്റില്‍ തന്നെയുള്ള വാഹനത്തിന്റെ ഉത്പാദനം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കോവിഡ് പ്രതിസന്ധി അകന്നതിനുശേഷം മാത്രമായിരിക്കുമിത്.

ദേശീയ ഓട്ടോമൊബൈല്‍ വാര്‍ത്താ വൃന്ദങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മഹാരാഷ്ട്രയിലാണ് രണ്ടാമത്തെ കിയ പ്ലാന്റ് വരാന്‍ പോകുന്നത്. നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്പനി മഹാരാഷ്ട്ര തെരഞ്ഞെടുത്തിരിക്കുന്നത്.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കുന്നത് വാഹന നിര്‍മ്മാണം വിപുലമാക്കാന്‍ കിയ മോട്ടോഴ്‌സിനെ സഹായിക്കും. മാത്രമല്ല മുംബൈ പോര്‍ട്ടിലേക്കുള്ള ആക്‌സസിബിലിറ്റി പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതിയും സാധ്യമാക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News