കാറിന്റെ ഹോം ഡെലിവറിയുമായി മാരുതിയും ഫോര്‍ഡും

Update: 2020-05-07 06:21 GMT

ചരിത്രത്തിലാദ്യമായി ഏപ്രിലില്‍ ഒരു കാറു പോലും വില്‍ക്കാനാകാത്ത കാര്‍ നിര്‍മാതാക്കള്‍, ഹോം ഡെലിവറിയുമായി എത്തുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രണ്ടര ലക്ഷത്തിലേറെ കാറുകള്‍ വിറ്റിടത്താണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ഒറ്റ കാറു പോലും വില്‍ക്കാന്‍ കഴിയാതെ വന്നത്. ഇനി ഷോറൂമുകള്‍ തുറക്കാന്‍ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് കണ്ടാണ് പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയും ഫോര്‍ഡ് മോട്ടോഴ്‌സും വീടുകളിലേക്ക് നേരിട്ട് കാര്‍ എത്തിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ പ്ലാന്റുകള്‍ മാര്‍ച്ച് 25 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. പ്രധാന നഗരങ്ങളടക്കം ഇന്ത്യയുടെ 33 ശതമാനം പ്രദേശങ്ങളും കൊവിഡ് റെഡ് സോണില്‍ ആയതു കൊണ്ട് തല്‍ക്കാലമൊന്നും ആളുകള്‍ വീടിനു പുറത്തിറങ്ങി കാര്‍ വാങ്ങാനെത്തില്ലെന്ന് വ്യക്തമാണ്.

ഈ സാഹചര്യത്തിലാണ് കമ്പനി ഹോം ഡെലിവറി പരീക്ഷിക്കുന്നത്. ഓണ്‍ലൈനില്‍ കാര്‍ മോഡലും കളറും ആവശ്യമായ ആക്‌സസറീസും ഓര്‍ഡര്‍ ചെയ്യാം. അവ കമ്പനി വീടുകളിലേക്ക് എത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കമ്പനി ജീവനക്കാര്‍ ഉപഭോക്താവിന്റെ വീടുകളിലെത്തും. കാര്‍ പൂര്‍ണമായും അണുവിമുക്തമാക്കിയാകും ഉപഭോക്താവിന് കൈമാറുക. എന്നാല്‍ ഇതിന് രാജ്യത്തെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പച്ചക്കൊടി കാട്ടേണ്ടതുണ്ട്. നിലവില്‍, നേരത്തേ ബുക്ക് ചെയ്ത ഓര്‍ഡറുകള്‍ ഡീലര്‍ഷിപ്പ് മുഖാന്തിരം കമ്പനി വിതരണം ചെയ്തു വരുന്നുണ്ട്.

രാജ്യത്ത് കാര്‍ വില്‍പ്പന മന്ദീഭവിച്ചിരുന്ന സമയത്താണ് കൂനിന്മേല്‍ കുരു എന്ന പോലെ ലോക്ക് ഡൗണും പ്രഖ്യാപിക്കുന്നത്. ബിഎസ് 6 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ പഴയ മോഡലുകള്‍ വിറ്റഴിക്കാതെ കിടക്കുകയും പുതിയ മോഡലുകള്‍ക്കായി ഉപഭോക്താക്കള്‍ കാത്തിരിക്കുകയുമായിരുന്നു. ഇതിനിടയിലാണ് കൊറോണ വ്യാപനവും ലോക്ക് ഡൗണും എത്തുന്നത്.

മാരുതിക്ക് പിന്നാലെ ഫോര്‍ഡ് മോട്ടോഴ്‌സും ആളുകളെ ഷോറൂമുകളിലെത്തിക്കാതെ കാര്‍ വില്‍പ്പന നടത്താനുള്ള ശ്രമത്തിലാണ്. ഡയല്‍ എ ഫോര്‍ഡ് എന്ന പദ്ധതിയിലൂടെ ഉപഭോക്താവിന് ഫോണ്‍ വിളിച്ച് കാര്‍ ബുക്ക് ചെയ്യുന്നതിനും ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനും ആവശ്യമെങ്കില്‍ കാര്‍ വീട്ടുപടിക്കലെത്തിക്കാനും സൗകര്യമൊരുക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News