ഇന്ത്യന്‍ വിപണിയിലിറക്കും മുമ്പേ 'ജിംനി' മറ്റിടങ്ങളിലേക്ക്

വാഹന പ്രേമികള്‍ ഏറെയായി കാത്തിരിക്കുന്ന ജിംനിയുടെ 184 യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ കയറ്റുമതി ചെയ്തത്

Update: 2021-01-20 09:02 GMT

ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങും മുമ്പേ മാരുതി സുസുകിയുടെ ഓഫ്‌റോഡ് കരുത്തനായ ജിംനിയുടെ കയറ്റുമതി ഇന്ത്യയില്‍ ആരംഭിച്ചു. വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുകിയുടെ ഈ വാഹനം ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് ലാറ്റിന്‍ അമേരിക്കയിലെ കൊളംബിയ, പെറു എന്നിവിടങ്ങളിലേക്ക് 184 യൂണിറ്റ് കയറ്റുമതി ചെയ്തു. 
'ഇന്ത്യ ജിംനിയുടെ ഉല്‍പ്പാദന കേന്ദ്രമെന്ന നിലയില്‍, മാരുതി സുസുക്കിയുടെ ആഗോള ഉല്‍പാദന നിലവാരം ഉയര്‍ത്തുക എന്നതാണ് സുസുകി ലക്ഷ്യമിടുന്നത്. ഈ മോഡലിന് സുസുകി ജപ്പാന്‍ ശേഷിയേക്കാള്‍ ലോകമെമ്പാടും വലിയ ഉപഭോക്താക്കളുള്ളതിനാല്‍ ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പാദനം ഈ ആഗോള ആവശ്യം നിറവേറ്റാനുതകുന്നതാണ്' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
'ജിംനി ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റും. ജപ്പാനിലെ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ കൊസായ് പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന മോഡലുകളുടെ അതേ സവിശേഷത മാരുതി സുസുകിയുടെ ഗുരുഗ്രാം പ്ലാന്റില്‍ നിര്‍മ്മിച്ച ജിംനിക്കുണ്ട്. ഞങ്ങളുടെ മൊത്തം കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ജിംനിയിലൂടെ സാധിക്കുമെന്ന് വിശ്വാസമുണ്ട്.' മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ കെനിചി അയുകാവ പറഞ്ഞു.
ജിംനിയുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നതോടെ തന്നെ ഇന്ത്യന്‍ വാഹന പ്രേമികള്‍ക്കിടയില്‍ ഏറെ പ്രതീക്ഷ പകര്‍ന്നിരുന്നു. മൂന്ന് വാതിലുകളിലാണ് ഈ വാഹനത്തിനൊരുക്കിയിട്ടുള്ളത്.


Tags:    

Similar News