ഒറ്റ ചാര്‍ജില്‍ 500+ കിലോമീറ്റര്‍! ഏതു പാതയും നിസാരം; പ്രമുഖന്മാര്‍ക്ക് നെഞ്ചിടിപ്പ് കൂട്ടി സുസുക്കിയുടെ ഇ-വിറ്റാര
2023 മുതല്‍ പല ഓട്ടോ ഷോകളിലും പ്രദര്‍ശിപ്പിച്ച് വണ്ടി ഭ്രാന്തന്മാരെ ത്രില്ലടിപ്പിച്ച ശേഷമാണ് ഇ-വിറ്റാര നിരത്തുകളിലേക്ക് എത്തുന്നത്
വണ്ടിഭ്രാന്തന്മാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ ഇ.വി മോഡല്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍. ഇ-വിറ്റാര എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ഇറ്റലിയിലെ മിലാന്‍ ഓട്ടോ ഷോയിലാണ് പുറത്തിറക്കിയത്. മാരുതി-സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിക്ക് പുറമെ ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലുമെത്തും. അടുത്ത വര്‍ഷം പകുതിയോടെ വാഹനം ഉപയോക്താക്കളിലെത്തുമെന്നാണ് പ്രതീക്ഷ. 2023 മുതല്‍ പല ഓട്ടോ ഷോകളിലും പ്രദര്‍ശിപ്പിച്ച് വണ്ടി ഭ്രാന്തന്മാരെ ത്രില്ലടിപ്പിച്ച ശേഷമാണ് വണ്ടി നിരത്തുകളിലേക്ക് എത്തുന്നത്. ഇന്ത്യയില്‍ ടാറ്റ നെക്‌സോണ്‍ ഇവി, ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര എക്‌സ്.യു.വി 400, എം.ജി ഇസഡ്എസ് ഇവി, ഹ്യൂണ്ടായ് ക്രെറ്റ ഇവി എന്നീ മോഡലുകള്‍ക്ക് കനത്ത മത്സരം നല്‍കാന്‍ ഇ-വിറ്റാരക്ക് കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
എവിടെയോ കണ്ടു മറന്ന ലുക്ക്
മുമ്പെങ്ങോ കണ്ടുമറന്ന ഒരു മാരുതി വണ്ടിയുടെ സാമ്യമുണ്ടോ എന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പോകുന്ന രീതിയിലാണ് വാഹനത്തിന്റെ ഡിസൈന്‍. ഏത് പാതയും താണ്ടാന്‍ റെഡിയാണെന്ന തരത്തില്‍ എസ്.യു.വി ടച്ചോടെയാണ് മുന്‍ ഭാഗം തയ്യാറാക്കിയിരിക്കുന്നത്. പലയിടങ്ങളിലും മസില് പെരുക്കിയത് പോലെയുള്ള ഭാഗങ്ങള്‍ കാണാന്‍ കഴിയും. അത്യാധുനിക സാങ്കേതിക വിദ്യകള്‍ അടങ്ങിയ ഇക്കോ ഫ്രണ്ട്‌ലി എസ്.യു.വി - അല്ലെങ്കില്‍ ഇമോഷണല്‍ വെര്‍സറ്റൈല്‍ ക്രൂസര്‍ എന്നാണ് കമ്പനി പുതിയ മോഡലിന് പേരിട്ടിരിക്കുന്നത്.
ഏത് മലയും കയറും
18 ഇഞ്ച്, 19 ഇഞ്ച് എന്നിങ്ങനെ രണ്ട് വീല്‍ അളവുകളില്‍ വാഹനം ലഭ്യമാകും. 4,275 എം.എം നീളവും 1,800 എം.എം വീതിയും 1,635 എം.എം ഉയരവുമുള്ള വിറ്റാരയില്‍ 2,700 എം.എം വീല്‍ബേസും നല്‍കിയിരിക്കുന്നു. നേരത്തെ നിരത്തുകളിലുള്ള മാരുതി ഗ്രാന്റ് വിറ്റാരയുടെ വീല്‍ബേസിനൊപ്പം. 180 എം.എം ഗ്രൗണ്ട് ക്ലിയറന്‍സ് ഏത് ദുര്‍ഘട പാതയും അനായാസം താണ്ടാന്‍ സഹായിക്കും. മികച്ച രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന ഇന്റീരിയര്‍ ആണെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. പുതിയ ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍ വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നതാണ്. ഡ്യൂവല്‍ ടോണ്‍ ഡാഷ് ബോര്‍ഡ്, ഇരട്ട ഡിസ്‌പ്ലേ തുടങ്ങിയ പ്രത്യേകതകളും വിറ്റാരയുടെ ഉള്ളിലുണ്ട്. മുന്‍ ഫെന്‍ഡറില്‍ തന്നെയാണ് ചാര്‍ജിംഗ് പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഇത് പൊളിക്കും
സിംഗിള്‍ അല്ലെങ്കില്‍ ഡ്യുവല്‍ മോട്ടോര്‍ കോണ്‍ഫിഗറേഷനുകളില്‍ വാഹനം ലഭിക്കും. 49 കിലോവാട്ട് അവര്‍ ശേഷിയുള്ള സിംഗിള്‍ മോട്ടോര്‍ 142 എച്ച്.പി (106 കിലോ വാട്ട് ) കരുത്തും 189 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇനി ഫോര്‍വീല്‍ ഡ്രൈവ് സാധ്യമാകുന്ന രീതിയില്‍ 61 കിലോവാട്ട് അവറിന്റെ മറ്റൊരു മോട്ടോറിലും വണ്ടി തയ്യാറാണ്. 181 എച്ച്.പി (135 കിലോ വാട്ട്) കരുത്തും 300 എന്‍.എം ടോര്‍ക്കും നല്‍കാന്‍ കഴിയുന്ന മോട്ടോര്‍ ആണിത്. ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, സിംഗിള്‍ സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, സൈഡ് കര്‍ട്ടണ്‍ എയര്‍ബാഗ്, ഹീറ്റഡ് മിററുകള്‍, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.
ബാറ്ററി ചൈനയില്‍ നിന്ന് വരും
വൈവൈ൮ (YY 8 ) എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന വാഹനം നിലവിലുള്ള ഒരു മോഡലിനെയും അടിസ്ഥാനമാക്കി നിര്‍മിച്ചതല്ല. ഹാര്‍ടെക്ട്-ഇ (Heartect-e) എന്ന പുതിയ സ്‌കേറ്റ് ബോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ടൊയോട്ടയുമായി ചേര്‍ന്നാണ് ഇത് ഡിസൈന്‍ ചെയതത്. ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ടൊയോട്ടയും എസ്.യു.വി പുറത്തിറക്കുമെന്നാണ് വിവരം. ചൈനീസ് ഇ.വി ഭീമനായ ബി.വൈ.ഡിയുടെ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ലിഥിയം അയണ്‍-ഫോസ്‌ഫേറ്റ് ബാറ്ററികളാണ് (ബ്ലേഡ് സെല്‍) വാഹനത്തിന് ഊര്‍ജം പകരുന്നത്. ഗുജറാത്തിലെ പ്ലാന്റില്‍ നിര്‍മിക്കുന്നതിന് പകരം പൂര്‍ണമായും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ബാറ്ററി പാക്കാണ് ഇതില്‍ ഉപയോഗിക്കുന്നത്.
എത്ര കിലോമീറ്ററോടും
അതേസമയം വാഹനത്തിന്റെ വില, റേഞ്ച് തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ സുസുക്കി പുറത്തുവിട്ടിട്ടില്ല. 61 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററിക്ക് ഒറ്റച്ചാര്‍ജില്‍ ചുരുങ്ങിയത് 500 കിലോമീറ്ററെങ്കിലും ഓടാന്‍ കഴിയുമെന്നാണ് കരുതുന്നത്. 49 കിലോവാട്ട് അവര്‍ മോഡലിന് 20 ലക്ഷം രൂപ (എക്‌സ് ഷോറൂം വില) മുതല്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 61 കിലോവാട്ട് അവര്‍ മോഡലിന് 30 ലക്ഷം രൂപ (എക്‌സ്‌ഷോറൂം വില) വിലയുണ്ടാകുമെന്നും വാഹന ലോകം കരുതുന്നു.
ട്വിസ്റ്റുകള്‍ ഇനിയുമുണ്ടോ?
പെട്രോള്‍/ഡീസല്‍ കാര്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ മാരുതി-സുസുക്കി ആദ്യ ഇ.വി മോഡലുമായി നിരത്തിലെത്തുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് ടാറ്റ മോട്ടോര്‍സ് അടക്കമുള്ള വമ്പന്മാര്‍ക്കാണ്. വാഹനലോകം കാത്തിരിക്കുന്ന ഹ്യൂണ്ടായ് ക്രെറ്റ ഇവിയും അടുത്ത് തന്നെ പുറത്തിറങ്ങും. ഇതോടെ ഇ.വി വിപണിയില്‍ മത്സരം കടുക്കും. എന്നാല്‍ നിലവിലെ ഇലക്ട്രിക് വാഹന ലോകത്തെ ഏറ്റവും വലിയ ആശങ്കകളിലൊന്നായ ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ അഭാവം പരിഹരിച്ചുകൊണ്ടാണ് മാരുതി ഈ രംഗത്തേക്ക് കടക്കുന്നതെന്നാണ് ശ്രദ്ധേയം. അടുത്ത് തന്നെ രാജ്യത്ത് അരലക്ഷം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് മാരുതി-സുസുക്കി അറിയിച്ചിട്ടുണ്ട്. ഇത് വില്‍പന കൂട്ടാനും ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കാനും സഹായിക്കുമെന്നാണ് കമ്പനിയുടെ പക്ഷം. റേഞ്ചിലും വിലയിലും സുസുക്കി എന്തെങ്കിലും ട്വിസ്റ്റുകള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.