ഇന്ത്യയിലേക്കു മിഴി നട്ട് സൂപ്പര്‍ കാര്‍ 'മക്ലാരന്‍'

Update: 2019-12-13 05:17 GMT

ഇന്ത്യയിലെയും റഷ്യയിലെയും വാഹന നിപണികളിലേക്കു കടന്നുവരാന്‍ ബ്രിട്ടീഷ് സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ മക്ലാരന്‍ ഓട്ടോമോട്ടീവ് തയ്യാറെടുക്കുന്നു. തങ്ങളുടെ അടുത്ത വലിയ വിപണികള്‍ ഇന്ത്യയും റഷ്യയുമാണെന്ന് മക്ലാരന്‍ സിഇഒ മൈക്ക് ഫ്ളെവിറ്റ് ഡെട്രോയിറ്റില്‍ മാധ്യമങ്ങളോടു വ്യക്തമാക്കി.

ഇറക്കുമതി ചെയ്ത മക്ലാരന്‍ കാറുകളാണ്  നിലവില്‍ ഇന്ത്യന്‍ നിരത്തുകളിലോടുന്നത്. ചൈനയ്ക്ക് പുറത്തുള്ള ഏഷ്യന്‍ വിപണികളില്‍ മക്ലാരന് മികച്ച ഡിമാന്‍ഡ് ഉണ്ടാകുമെന്ന് കമ്പനി വിലയിരുത്തുന്നു. ഇന്ത്യയില്‍ ലംബോര്‍ഗിനിയുടെ പാത പിന്തുടരാനാണ് മക്ലാരന്റെ നീക്കം. മാന്ദ്യമുണ്ടായിട്ടും രാജ്യത്ത് ഈ വര്‍ഷം 30 ശതമാനം വില്‍പ്പനാ വളര്‍ച്ച ലംബോര്‍ഗിനി പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 50 യൂണിറ്റ് ഉറുസ് എസ്യുവി  ഇന്ത്യയില്‍ വില്‍ക്കാന്‍ ലംബോര്‍ഗിനിക്കു കഴിഞ്ഞു.

മക്ലാരന്‍ ഓട്ടോമോട്ടീവിന്റെ ഏറ്റവും വലിയ വിപണിയായ യുകെയിലെ വില്‍പ്പന താഴ്ന്ന നിലയിലാണ്. 2018 ല്‍ ആഗോളതലത്തില്‍ 4,800 ഓളം കാറുകളാണ് മക്ലാരന്‍ വിറ്റത്. 2019 ല്‍ ഇത്രയും എണ്ണം പ്രതീക്ഷിക്കുന്നില്ല. 2024 ഓടെ പുതിയൊരു നിര്‍മാണശാല ആരംഭിക്കും. ആഗോളതലത്തില്‍ പ്രതിവര്‍ഷം 6,000 കാറുകള്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സിഇഒ അറിയിച്ചു.

ലംബോര്‍ഗിനി, ഫെറാറി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്നീ എതിരാളികളെ അനുകരിച്ച് ആഗോള എസ്യുവി വിപണിയില്‍ പ്രവേശിക്കാന്‍ മക്ലാരന്‍ ഉദ്ദേശിക്കുന്നില്ല. മക്ലാരന്‍ എന്ന ബ്രാന്‍ഡിന് എസ്യുവി യോജിക്കില്ലെന്നും ഫ്ളെവിറ്റ് പറഞ്ഞു. പകരം, പുതിയ പ്ലാറ്റ്ഫോമില്‍ ഒരു ഹൈബ്രിഡ് കാറാണ് ആസൂത്രണം ചെയ്യുന്നത്. ഈ സങ്കര ഇന്ധന കാര്‍ 2020 മധ്യത്തോടെ അനാവരണം ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News