എം.എസ് ധോണി ഇനി ഈ ഫ്രഞ്ച് വാഹന കമ്പനിയുടെ 'കൂള്‍ ക്യാപ്റ്റന്‍'

ഇതാദ്യമായാണ് ധോണി ഒരു കാര്‍ ബ്രാന്‍ഡുമായി സഹകരിക്കുന്നത്

Update: 2024-04-22 07:22 GMT

Image courtesy: citroen/ms dhoni fb

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണിന്റെ (citroen) ബ്രാന്‍ഡ് അംബാസഡറായി പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി. ഇതിന്റെ ഭാഗമായി ധോണിക്ക് പ്രാരംഭ ഘട്ടത്തില്‍ കമ്പനി 7 കോടി രൂപ നല്‍കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടീം ഇന്ത്യയുടെ ക്യാപ്റ്റനായി 2007ലാണ് ധോണി അരങ്ങേറ്റം കുറിച്ചത്.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

രാജീവ് ഗാന്ധി ഖേല്‍രത്ന, പത്മശ്രീ, പത്മഭൂഷണ്‍, ഐ.സി.സി ഏകദിന പ്ലെയര്‍ ഓഫ് ദ ഇയര്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്കും ബഹുമതികള്‍ക്കും ഉടമയാണ് ധോണി. അശോക് ലെയ്ലാന്‍ഡ്, ടി.വി.എസ് മോട്ടോര്‍ എന്നിവയുള്‍പ്പെടെ മറ്റ് വാഹന ബ്രാന്‍ഡുകളുമായി  അദ്ദേഹം മുമ്പ് സഹകരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു കാര്‍ ബ്രാന്‍ഡുമായി ധോണി സഹകരിക്കുന്നത്.

മികച്ച വില്‍പ്പനയില്‍ സിട്രോണ്‍

ഇറ്റാലിയന്‍-അമേരിക്കന്‍ കമ്പനിയായ ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സിന്റെയും ഫ്രഞ്ച് പി.എസ്.എ ഗ്രൂപ്പിന്റെയും ലയനത്തിനുശേഷം രൂപീകരിച്ച സ്റ്റെല്ലാന്റിസാണ് (stellantis) നിലവില്‍ ജീപ്പ്, സിട്രോണ്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. 2021 ഏപ്രിലില്‍ സി5 എയര്‍ക്രോസ് അവതരിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ വാഹന വിപണിയില്‍ സിട്രോണിന്റെ വരവ്. നിലവില്‍ സി3, ഇസി3, സി3 എയര്‍ക്രോസ് എന്നിവയുള്‍പ്പെടെ മൂന്ന് മോഡലുകള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നുണ്ട്.

Read also: എംഎസ് ധോണി: ബ്രാന്‍ഡ് മൂല്യത്തിലെ 'തല'

ഈ നാല് മോഡലുകളുമായി സിട്രോണ്‍ ഏകദേശം 17,000 കാറുകളുടെ മൊത്ത വില്‍പ്പന ഇന്ത്യന്‍ വിപണിയില്‍ രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ സ്റ്റെല്ലാന്റിസ് ഇന്ത്യ ശിശിര്‍ മിശ്രയെ സിട്രോണിന്റെ ബ്രാന്‍ഡ് ഡയറക്ടറായി ഉയര്‍ത്തിയിരുന്നു. തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള പി.സി.എ മോട്ടോര്‍ പ്ലാന്റില്‍ നിന്നാണ് കമ്പനി വാഹനങ്ങള്‍ പുറത്തിറക്കുന്നത്.

Tags:    

Similar News