ഇനി കളിമാറും, ബ്രെസ്സയുടെ പുത്തന്‍ പതിപ്പുമായി ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍

LXI, VXI, ZXI, ZXI+ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ബ്രെസ്സയുടെ പുത്തന്‍ പതിപ്പ് വിപണിയിലെത്തുന്നത്

Update: 2022-06-30 10:59 GMT

എസ്‌യുവി വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ കരുക്കള്‍ നീക്കി ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി (Maruti Suzuki). ഇതിന്റെ മുന്നോടിയായ എന്‍ട്രി ലെവല്‍ എസ്യുവി സെഗ്മെന്റില്‍ ബ്രെസ്സയുടെ പുത്തന്‍ പതിപ്പിനെ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി. 7.99-13.96 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ് ഷോറൂം വില. ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ് എന്നിവയായിരിക്കും ഈ മോഡലിന്റെ പ്രധാന എതിരാളികള്‍.

LXI, VXI, ZXI, ZXI+ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ബ്രെസ്സയുടെ പുത്തന്‍ പതിപ്പ് വിപണിയിലെത്തുന്നത്. 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ യൂണിറ്റ്, വയര്‍ലെസ് ചാര്‍ജിംഗ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഇലക്ട്രിക് സണ്‍റൂഫ്, 360 ഡിഗ്രീ ക്യാമറ, 6 എയര്‍ബാഗ് എന്നിവയാണ് ബ്രെസ്സയുടെ (Brezza) പുതിയ മോഡലിന്റെ സവിശേഷതകള്‍. വാഹനം അവതരിപ്പിക്കുന്നതിന് മുമ്പേ ബുക്കിംഗ് തുറന്ന ഈ മോഡലിന് 45,000 ഓര്‍ഡറുകള്‍ കമ്പനി ഇതിനകം നേടിയിട്ടുണ്ട്.
എസ്യുവികളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സെഗ്മെന്റുകളിലുടനീളം സാന്നിധ്യം ശക്തമാക്കുന്നത് തുടരുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഹിസാഷി ടകൂച്ചി പറഞ്ഞു. 'കഴിഞ്ഞ എട്ട് മാസത്തിനിടെ ഞങ്ങളുടെ ആറാമത്തെ അവതരിപ്പിക്കലാണിത്. ഇതിലൂടെ ബ്രെസ്സയുടെ അടുത്ത അദ്ധ്യായം ആരംഭിക്കുന്നു,' ടകൂച്ചി പറഞ്ഞു.
നേരത്തെ, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഹാച്ച്ബാക്കുകളോടായിരുന്ന താല്‍പ്പര്യമെങ്കില്‍ ഏതാനും വര്‍ഷങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നത് എസ്യുവി സെഗ്മെന്റാണ്. ഇതില്‍ തന്നെ എന്‍ട്രി എസ്യുവി വാഹനങ്ങളുടെ വില്‍പ്പനയും കുത്തനെ വര്‍ധിച്ചു. മൊത്തത്തില്‍, 18-24 മാസങ്ങള്‍ക്കുള്ളില്‍ 50 ശതമാനം വിപണി വിഹിതം വീണ്ടെടുക്കാന്‍ ഒരു കൂട്ടം എസ്യുവികള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. 2022 ലെ മാരുതിയുടെ ഈ വിഭാഗത്തിലെ വിപണി വിഹിതം 44 ശതമാനമായിരുന്നു.



Tags:    

Similar News