തകര്‍ക്കാനാകാത്ത വിശ്വാസം, സുരക്ഷയ്ക്ക് 5 സ്റ്റാര്‍ നേടി 2 ടാറ്റാ എസ്.യുവികള്‍
ഭാരത് എൻക്യാപ്പ് ഇടിപ്പരീക്ഷയിൽ ആദ്യ 5 സ്റ്റാറുകൾ വാരിക്കൂട്ടി ടാറ്റയുടെ ചുണക്കുട്ടികൾ
ഭാരതത്തിന്റെ സ്വന്തം ഇടിപ്പരീക്ഷയായ (ക്രാഷ് ടെസ്റ്റ്) ഭാരത് എന്‍ക്യാപില്‍ വിജയികളായി ടാറ്റയുടെ രണ്ട് ചുണക്കുട്ടികൾ. കഴിഞ്ഞ ഒക്ടോബറില്‍ ടാറ്റ ഇന്ത്യയില്‍ അവതരിപ്പിച്ച ടാറ്റ സഫാരിയും ടാറ്റ ഹാരിയറുമാണ് സുരക്ഷയ്ക്കുള്ള 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയിലും ഇരു വാഹനങ്ങളും ഫൈസ്റ്റാര്‍ റേറ്റിംഗ് കീശയിലാക്കി.
ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രാഷ് ടെസ്റ്റാണ് ഭാരത് എന്‍ക്യാപ് (Bharat New Car Assessment Programme /Bharat NCAP). ഒക്ടോബര്‍ ഒന്നിന് ഔദ്യോഗികമായി ആരംഭിച്ച ഈ സംവിധാനത്തിന്റെ ആദ്യ ഇടിപ്പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇന്ത്യ കൂടാതെ യു.എസ്., ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയ്ക്ക് മാത്രമാണ് നിലവില്‍ സ്വന്തം പരീക്ഷണ സംവിധാനമുള്ളത്.
ടാറ്റാ സഫാരി, ഹാരിയര്‍
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ടാറ്റ മോട്ടോഴ്‌സ് ജനപ്രിയ എസ്.യു.വികളായ ഹാരിയറിന്റെയും സഫാരിയുടെയും പരിഷ്‌കരിച്ച പതിപ്പുകള്‍ (Facelift) വിപണിയിലവതരിപ്പിച്ചത്.
ഹാരിയറിന് 15.49 ലക്ഷം മുതല്‍ 26.44 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. സഫാരിക്ക് 16.19 ലക്ഷം മുതല്‍ 27.34 ലക്ഷം രൂപ വരെയും. എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി പുതുമകളുമായാണ് ഇരു എസ്.യു.വികളും അവതരിച്ചത്.
രണ്ടു എസ്.യുവികളിലും ക്രയോട്ടിക് 2.0 ഡീസല്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പരമാവധി 170 പി.എസ് കരുത്തും 350 എന്‍.എം ടോര്‍ക്കും പ്രദാനം ചെയ്യും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ഇത് ലഭ്യമാണ്.
ഗ്ലോബല്‍ എന്‍ക്യാപ് ഇടിപ്പരീക്ഷയിലും ടാറ്റയുടെ ഈ മോഡലുകള്‍ കരുത്ത് തെളിയിച്ചിരുന്നു.