പൊളിഞ്ഞ് പാളീസായി പാകിസ്ഥാനിലെ കാര്‍ കച്ചവടം; കേരളത്തിന്റെ പകുതി പോലുമില്ല!

ഇന്ത്യയിലെ അര ദിവസത്തെ കച്ചവടം പോലും അവിടെ ഒരുമാസമില്ല,

Update:2023-12-22 11:09 IST

Image : Canva

ഇന്ത്യയിലെ കാര്‍ വിപണി ഓരോ മാസവും പുതിയ റെക്കോഡുകള്‍ ഉന്നമിട്ട് മുന്നേറുകയാണ്. 2023 നവംബറില്‍ ഇന്ത്യയിലെ മൊത്തം റീറ്റെയ്ല്‍ വാഹന വില്‍പന 28.54 ലക്ഷം കടന്ന് റെക്കോഡിടുകയും ചെയ്തു. അടുത്തിടെയാണ് ഇന്ത്യ സാക്ഷാല്‍ ജപ്പാനെ പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ വാഹന വിപണിയായതും.

നവംബറില്‍ ഇന്ത്യക്കാര്‍ പുതുതായി വാങ്ങിയ കാറുകളുടെ എണ്ണം 3.6 ലക്ഷമാണ്. വിതരണക്കാരുടെ സംഘടനയായ ഫാഡയുടെ (FADA) കണക്കാണിത്. നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാമിന്റെ (SIAM) കണക്ക് നോക്കിയാലും നവംബറിലെ മൊത്തക്കച്ചവടവും റെക്കോഡാണ്; 3.34 ലക്ഷം. മാരുതി സുസുക്കി മാത്രം വിറ്റഴിച്ച പുതിയ കാറുകളുടെ എണ്ണം പോലും 1.64 ലക്ഷത്തിന് മുകളിലാണ്.
പാകിസ്ഥാന്റെ പാളിച്ച
റെക്കോഡുകള്‍ കടപുഴക്കി ഇന്ത്യ ഇങ്ങനെ മുന്നേറുമ്പോള്‍ നമ്മുടെ തൊട്ടപ്പുറത്തുള്ള പാകിസ്ഥാന്റെ വിപണി പൊളിഞ്ഞ് പാളീസാകുന്നതാണ് കാഴ്ച. നവംബറില്‍ പാകിസ്ഥാനില്‍ ആകെ വിറ്റുപോയ പുതിയ കാറുകള്‍ 4,875 എണ്ണം മാത്രം. പാകിസ്ഥാന്‍ ഓട്ടോമോട്ടീവ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ (PAMA) കണക്കാണിത്. ഇന്ത്യയില്‍ ഇതിലേറെ കാറുകളുടെ വില്പന ഒരുദിവസം ഉച്ചയ്ക്ക് മുമ്പേ നടക്കുന്നുണ്ടെന്നതാണ് ഏറെ കൗതുകം. നമ്മുടെ കേരളത്തില്‍ പോലും കഴിഞ്ഞമാസം 14,100 കാറുകള്‍ വിറ്റുപോയിരുന്നുവെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വീഴ്ചകളുടെ പാകിസ്ഥാന്‍
ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച, രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെയാണ് പാകിസ്ഥാന്‍ കടന്നുപോകുന്നത്. ജനങ്ങളുടെ വാങ്ങല്‍ശേഷി (purchasing power) കൂപ്പുകുത്തിയത് വാഹന വിപണിയെയും തകര്‍ത്തു.
പാക് റുപ്പിയുടെ മൂല്യം വന്‍തോതില്‍ താഴുന്നുണ്ട്. പണപ്പെരുപ്പവും ഉയര്‍ന്ന പലിശഭാരവും വിപണിയെയും ഉപഭോക്താക്കളെയും ഉലച്ചു. പാകിസ്ഥാനിലെ പ്രധാന വാഹനക്കമ്പനിയായ പാക് സുസുക്കിയുടെ വില്‍പന നവംബറില്‍ 72 ശതമാനമാണ് ഇടിഞ്ഞത്.
ഇന്‍ഡസ് മോട്ടോര്‍ കമ്പനി 71 ശതമാനവും ഹോണ്ട അറ്റ്‌ലസ് 49 ശതമാനവും വില്‍പന നഷ്ടം നേരിട്ടു. കാറുകള്‍ മാത്രമല്ല ടൂവീലറുകള്‍, ത്രീവീലറുകള്‍ തുടങ്ങി എല്ലാ വാഹന ശ്രേണികളും നഷ്ടമാണ് നവംബറില്‍ പാകിസ്ഥാനില്‍ കുറിച്ചത്. ഇന്ത്യക്കാര്‍ പുതുതായി 22.4 ലക്ഷം ടൂവീലറുകള്‍ കഴിഞ്ഞമാസം വാങ്ങിയിരുന്നു. പാകിസ്ഥാനിലെ വില്‍പന കഷ്ടിച്ച് ഒരുലക്ഷമാണ്.
Tags:    

Similar News