ഉത്സവ കച്ചവടം തിമിര്‍ത്തു: ഒക്ടോബറില്‍ വാഹന വില്‍പ്പന റെക്കോഡില്‍
ഇരുചക്ര വാഹന വില്‍പ്പനയും തിരിച്ചെത്തി
ഉത്സവ സീസണിലെ ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് കമ്പനികള്‍ ഡീലര്‍മാരിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ അയച്ചതോടെ ഒക്ടോബറില്‍ രാജ്യത്തെ യാത്രാ വാഹന വില്‍പ്പന റെക്കോഡിലെത്തി. ഒക്ടോബറിലെ മൊത്ത വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 16 ശതമാനം ഉയര്‍ന്ന് 3,91,472 യൂണിറ്റായി. ഇതു വരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വിൽപ്പനയാണിത്.
50.7 ശതമാനം വിപണി വിഹിതമുള്ള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളാണ് വിൽപ്പന കണക്കില്‍ മുന്നില്‍.
കൂടുതല്‍ ഉപയോക്താക്കളും കാര്‍ വാങ്ങാനായി ഉത്സവ സീസണിനെ തെരഞ്ഞെടുക്കുന്നുവെന്നത് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍.
മത്സരം മാരുതിയും മഹീന്ദ്രയും തമ്മില്‍
മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് യാത്രാ വാഹനങ്ങളുടെ പ്രതിമാസ വിൽപ്പനയിൽ ഏറ്റവും ഉയര്‍ച്ച രേഖപ്പെടുത്തിയത്.
ഒക്ടോബറില്‍ മാരുതി സുസുക്കി ഇന്ത്യ വിറ്റഴിച്ചത് 1,77,266 വാഹനങ്ങളാണ്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 147,072 വാഹനങ്ങളാണ് വിറ്റഴിച്ചത്. 21 ശതമാനമാണ് വര്‍ധന.
മാരുതിയുടെ ആഭ്യന്തര വാഹന വില്‍പ്പന 2022 ഒക്ടോബറിലെ 1,40,337ല്‍ നിന്ന് 1,68,047 എണ്ണമായി ഉയര്‍ന്നു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. 2020 ഒക്‌ടോബറില്‍ നടത്തിയ 1,63,656 വാഹനങ്ങളാണ് ഇതിനു മുമ്പുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പന.
അതേസമയം, ആള്‍ട്ടോ, എസ്പ്രസോ തുടങ്ങിയ ചെറുകാറുകളുടെ വില്‍പ്പന മുന്‍ വര്‍ഷത്തെ 24,936 യൂണിറ്റില്‍ നിന്ന് 14,568 യൂണിറ്റായി കുറഞ്ഞു.
ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ ആര്‍ എന്നിവയുള്‍പ്പെടെയുള്ള കോംപാക്ട് കാറുകളുടെ വില്‍പ്പന 73,685 എണ്ണത്തില്‍ നിന്ന് 80,662 എണ്ണമായി ഉയര്‍ന്നു.
യൂട്ടിലിറ്റി വാഹനങ്ങളായ ബ്രസ, ഗ്രാന്‍ഡ് വിറ്റാറ, എര്‍ട്ടിഗ, എക്‌സ്എല്‍ 6 എന്നിവയുടെ വില്‍പ്പന മുന്‍ വര്‍ഷത്തെ 30,971 യൂണിറ്റില്‍ നിന്ന് 91 ശതമാനം ഉയര്‍ന്ന് 59,147 യൂണിറ്റായി.
ഇക്കാലയളവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ യൂട്ടിലിറ്റി കാര്‍ വില്‍പ്പന 36 ശതമാനം ഉയര്‍ന്ന് 43,708 വാഹനങ്ങളായി.
ടാറ്റ, ഹ്യുണ്ടായി, കിയ
ഹ്യുണ്ടായിയുടെ ആഭ്യന്തര കാര്‍ വില്‍പ്പന 15 ശതമാനം വര്‍ധിച്ച് 55,128 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വില്‍പ്പന 48,001 വാഹനങ്ങളായിരുന്നു.
രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ മൊത്ത വില്‍പ്പന കഴിഞ്ഞ മാസത്തില്‍ 48,337 എണ്ണമാണ്. മുന്‍ വര്‍ഷത്തെ സമാന മാസത്തെ 45,217 വാഹനങ്ങളുമായി നോക്കുമ്പോള്‍ ഏഴ് ശതമാനത്തിന്റെ വര്‍ധനയുണ്ട്.
ടോയോട്ട കിര്‍ലോസ്‌കര്‍ (TKM) കഴിഞ്ഞ മാസം നടത്തിയത് 21,879 വാഹനങ്ങളുടെ മൊത്ത വില്‍പ്പനയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 66 ശതമാനമാണ് വര്‍ധന.
കിയ ഇന്ത്യയുടെ വില്‍പ്പന ഒക്ടോബറില്‍ 4.4 ശതമാനം ഉയര്‍ന്ന് 24,351 യൂണിറ്റായി.
ഇരുചക്ര വാഹനങ്ങളില്‍ മുന്നില്‍ ഹീറോ
ഇരുചക്ര വാഹന വിപണിയും തിരിച്ചു വരുന്ന കാഴ്ചയാണ് ഒക്ടോബറില്‍ കണ്ടത്. 26.5 ശതമാനം വില്‍പ്പനയുമായി ഹീറോ മോട്ടോകോര്‍പ്പാണ് മുന്നില്‍. 5,74,930 വാഹനങ്ങളാണ് ഒക്ടോബറില്‍ വിറ്റഴിച്ചത്. 2022 ഒക്ടോബറില്‍ ഇത് 4,54,582 യൂണിറ്റായിരുന്നു.
ഹീറോയുടെ മുഖ്യ എതിരാളിയായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ (HMSI) ഇക്കാലയളവിലെ വില്‍പ്പന 4,92,884 വാഹനങ്ങളാണ്. മുന്‍ വര്‍ഷത്ത അപേക്ഷിച്ച് 10 ശതമാനം വളര്‍ച്ചയുണ്ട്.
ടി.വി.എസ്. മോട്ടോര്‍, ബജാജ് ഓട്ടോ, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയും മികച്ച വില്‍പ്പന രേഖപ്പെടുത്തി.