പ്രതിസന്ധി രൂക്ഷമാകുന്നു; പ്രാദേശിക ഷോറൂമുകള്‍ അടയ്ക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

Update: 2020-06-15 09:24 GMT

ബുള്ളറ്റ് റൈഡ് ആരാധകരുടെ ഇഷ്ട ബ്രാന്‍ഡ് ആയ റോയല്‍ എന്‍ഫീല്‍ഡ് അവരുടെ പ്രാദേശിക ഷോറൂമുകള്‍ പൂട്ടുന്നതായി റിപ്പോര്‍ട്ട്.
കൊവിഡ് പകര്‍ച്ചവ്യാധി രൂക്ഷമാകുകയും കടുത്ത സാമ്പത്തിക പ്രതിസന്ധി വരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചെലവ് ചുരുക്കല്‍ മുന്നില്‍ കണ്ട് പുതിയ ചീരുമാനം. എന്നാല്‍ പ്രാദേശിക ഓഫീസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായാണോ അവസാനിപ്പിക്കുന്നത് എന്ന കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് വ്യക്തത നല്‍കിയിട്ടില്ല.

ഇരുചക്ര വാഹന പ്രേമികളുടെ ഹരമായ ബുള്ളറ്റ്, ക്ലാസിക് മോട്ടോര്‍സൈക്കിളുകളുടെ നിര്‍മ്മാതാവായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഒരു ഡസനോളം പ്രാദേശിക ഓഫീസുകള്‍ അടച്ചുപൂട്ടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീവനക്കാര്‍ക്ക് നല്‍കിയ ആഭ്യന്തര സര്‍ക്കുലറിലൂടെ പുതിയ തീരുമാനം കമ്പനി പുറത്തുവിട്ടെന്നും ലൈവ് മിന്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുഡ്ഗാവ്, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ത്സാര്‍ഖണ്ഡ്, ഹൈദരാബാദ്, ഭുവനേശ്വര്‍ തുടങ്ങിയ ഓഫീസുകള്‍ ആണ് ഉടന്‍ അടച്ചുപൂട്ടുന്നത്. അതേ സമയം ഷോറൂമുകള്‍ പൂട്ടുമെങ്കിലും പ്രാദേശിക ഡെലിവറി, സര്‍വീസ്, അപ്പാരല്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പോലെ ജോലി ക്രമീകരിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. നിലവിലെ ഉപഭോക്താക്കളെ നിലനിര്‍ത്താനാണ് ഇതെന്നാണ് അറിയുന്നത്. കേരളത്തിലെ ഷോറൂമുകള്‍ സംബന്ധിച്ച് ഇതുവരെ അറിയിപ്പുകള്‍ വന്നിട്ടില്ല.

റോയല്‍ എന്‍ഫീല്‍ഡ് വാങ്ങാന്‍ പുതിയ സ്‌കീം കമ്പനി അവതരിപ്പിച്ചു

പ്രതിസന്ധിയെ അതിജീവിക്കാന്‍ കമ്പനി പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടെങ്കിലും ഉപഭോക്താക്കളെ സംതൃപ്തരാക്കാന്‍ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യമെമ്പാടുമുള്ള ബുള്ളറ്റ് പ്രേമികള്‍ക്ക് കുറഞ്ഞ ഡൗണ്‍പേമെന്റില്‍ വാഹനം വാങ്ങാം പുതിയ പദ്ധതിയിലൂടെ. ഇ പദ്ധതി പ്രകാരം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 വെറും 15,000 രൂപയുടെ ഡൗണ്‍പെയ്മെന്റില്‍ വാഗ്ദാനം ചെയ്യുന്നു, അതേസമയം ക്ലാസിക് 350 20,000 രൂപയുടെ ഡൗണ്‍പെയ്മെന്റിലും ലഭിക്കും.

കൂടാതെ, ഉപഭോക്താവിന്റെ പഴയ ഇരുചക്രവാഹനങ്ങള്‍ എക്‌സ്‌ചേഞ്ചിനായി ഉള്‍പ്പെടുത്താമെന്നും പുതിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളിനുള്ള പണമടയ്ക്കാന്‍ പഴയ ഇരുചക്രവാഹനത്തിന്റെ കണക്കാക്കിയ മൂല്യം ഉപയോഗിക്കാമെന്നും റോയല്‍ എന്‍ഫീല്‍ഡ് പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News