10 കോടിയുടെ റോള്‍സ്-റോയ്‌സ് സ്വന്തമാക്കി ഷാരൂഖ് ഖാന്‍
ഇന്ത്യയിലെ ഏറ്റവും വിലയേറിയ എസ്.യു.വി, പഠാന്റെ വിജയം ആഘോഷമാക്കി കിംഗ് ഖാന്‍
ആയിരം കോടിയിലേറെ രൂപയുടെ കളക്ഷനുമായി 'പഠാന്‍' സിനിമ ബോക്‌സ് ഓഫീസില്‍ തരംഗമായതിന് പിന്നാലെ, ഇന്ത്യയിലെ ഏറ്റവും വിലയേറിയ എസ്.യു.വി സ്വന്തമാക്കി ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്‍. ഏറെക്കാലത്തിന് ശേഷമാണ് ഷാരൂഖിന്റെ സിനിമ തിയേറ്ററുകളില്‍ വന്‍ വിജയമാകുന്നത്.
ബാഹുബലി, കെ.ജി.എഫ്, കാന്താര, ആര്‍.ആര്‍.ആര്‍, വിക്രം തുടങ്ങി ദക്ഷിണേന്ത്യന്‍ സിനിമകളുടെ സമീപകാല അപ്രമാദിത്വത്തില്‍ മുങ്ങിപ്പോയ ബോളിവുഡിന് 'പഠാന്‍' നല്‍കിയത് വലിയ ആത്മവിശ്വാസവുമാണ്
പത്ത് കോടിയുടെ കള്ളിനന്‍
ആഡംബര വാഹനങ്ങളിലെ അവസാനവാക്കെന്ന വിശേഷണമുള്ള ബ്രിട്ടീഷ് ബ്രാന്‍ഡാണ് റോള്‍സ്-റോയ്‌സ്. കമ്പനിയുടെ ഏറ്റവും ശ്രദ്ധേയമായ എസ്.യു.വികളിലൊന്നാണ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ്. ഇന്ത്യയില്‍ നികുതിക്ക് മുമ്പുള്ള വില 8.20 കോടി രൂപയാണ്. ഉപഭോക്തൃ താത്പര്യാര്‍ത്ഥമുള്ള പരിഷ്‌കാരങ്ങളും കഴിയുമ്പോള്‍ (കസ്റ്റമൈസേഷന്‍) വില പത്ത് കോടി രൂപ കടക്കും (നികുതി പുറമേ).
ആര്‍ട്ടിക് തൂവെള്ള നിറമുള്ളതാണ് ഷാരൂഖിന്റെ പുത്തന്‍ കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ്. വെള്ള ലെതറും നീലയും ചേരുന്നതാണ് അകത്തളം. 0555 എന്ന ഫാന്‍സി രജിസ്‌ട്രേഷന്‍ നമ്പറും വാഹനത്തിന് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മുംബയിലെ നിരത്തുകളില്‍ ഷാരൂഖ് കള്ളിനന്‍ ഓടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായി കഴിഞ്ഞു. ഇന്ത്യയില്‍ റോള്‍സ്-റോയ്‌സ് വിറ്റഴിക്കുന്ന മൂന്നാമത്തെ മാത്രം കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷനാണിത്
കള്ളിനന്റെ ശൗര്യം!
സിനിമയിലെ നായക കഥാപാത്രത്തെ പോലെ കരുത്തനാണ് റോള്‍സ്-റോയ്‌സ് ബ്ലാക്ക് ബാഡ്ജ് കള്ളിനന്‍. 600 ബി.എച്ച്.പി കരുത്തും പരമാവധി 900 എന്‍.എം ടോര്‍ക്കുമുള്ള 6.75 ലിറ്റര്‍, ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എന്‍ജിന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5 സെക്കന്‍ഡില്‍ താഴെ മതിയാകും. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്.
നിലവില്‍ റോള്‍സ്-റോയ്‌സിന്റെ ഫാന്റം ഡ്രോപ്‌ഹെഡ് കൂപ്പേ, ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രിക് ഐ8, ലാന്‍ഡ് ക്രൂസര്‍, പജീറോ, ഹ്യുണ്ടായ് സാന്‍ട്രോ കാറുകള്‍ എന്നിവ ഷാരൂഖിനുണ്ട്. ഈ ശ്രേണിയിലേക്കാണ് പുത്തന്‍ കള്ളിനനും എത്തിയത്.