ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ചുളള ഇ.വി കാറുകളാണ് ഇനി പുറത്തിറക്കുകയെന്ന് ടാറ്റ മോട്ടോഴ്‌സ്
മതിയായ ചാർജിംഗ് സ്റ്റേഷനുകളുടെ ലഭ്യത നിരത്തുകളില്‍ ഉറപ്പാക്കണം
പാസഞ്ചർ ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) വിപണിയില്‍ മുൻനിരയിലുള്ള കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യയില്‍ വിൽക്കുന്ന ഓരോ രണ്ട് പാസഞ്ചർ ഇ.വി കളിലും ഒന്ന് ടാറ്റ മോട്ടോഴ്‌സിന്റേതാണ്. ഇ.വി കാറുകള്‍ ഉപയോഗിക്കുന്നവരുടെ പ്രധാന ആശങ്കകളില്‍ പെട്ടതാണ് വാഹനത്തിന്റെ റേഞ്ച്. ഇതിന് പരിഹാരമെന്ന നിലയില്‍ തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകൾക്ക് 500 കിലോമീറ്ററിന് മുകളിലായിരിക്കും റേഞ്ച് എന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ആൻഡ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി എം.ഡി ശൈലേഷ് ചന്ദ്ര പറഞ്ഞു.
ബാറ്ററി വില കുറയുന്ന സാഹചര്യമാണ് നിലവിലുളളത്. ജനറേഷൻ 1 പ്ലാറ്റ്‌ഫോമിൽ നിന്ന് ജനറേഷൻ 2 പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നതിനുളള ശ്രമങ്ങളിലാണ് ടാറ്റാ മോട്ടോഴ്സ്. ബാറ്ററി പാക്ക് എനർജി പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ റേഞ്ച് ലഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളിലായിരിക്കും കമ്പനി ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ശൈലേഷ് ചന്ദ്ര പറഞ്ഞു.
ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ
പഞ്ച് ഇ.വി, ഹാരിയർ ഇ.വി, കര്‍വ് തുടങ്ങിയ വാഹനങ്ങളില്‍ കൂടുതല്‍ റേഞ്ച് ലഭ്യമാക്കും. ഈ വാഹനങ്ങള്‍ക്ക് 500 കിലോമീറ്ററിലധികം റേഞ്ച് ആയിരിക്കും ഉണ്ടാവുക. അതിനാൽ ഉപയോക്താക്കൾ ദീർഘദൂര യാത്ര ചെയ്യുമ്പോൾ ചാർജ് ചെയ്യുന്നതിനെക്കുറിച്ച് വിഷമിക്കേണ്ട സാഹചര്യം വരില്ല. കൂടാതെ ദേശീയ പാതകളിലെ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു വരികയാണ്.
ഉയർന്ന റേഞ്ച്, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നീ രണ്ട് കാര്യങ്ങൾ മെച്ചപ്പെട്ടാല്‍ ഇ.വി കള്‍ ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കും. ദീർഘകാല അടിസ്ഥാനത്തില്‍ മതിയായ ചാർജിംഗ് സ്റ്റേഷനുകളുടെ ലഭ്യത നിരത്തുകളില്‍ ഉറപ്പാക്കേണ്ടതുണ്ട്. ടാറ്റ പവർ വഴി ഞങ്ങൾ ഇതിനായുളള ശ്രമങ്ങള്‍ നടത്തി വരികയാണ്.
സർക്കാർ നിര്‍ദേശം അനുസരിച്ച് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒ.എം.സി) ചാർജിംഗ് സ്റ്റേഷനുകൾ വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ദേശീയ പാതകളില്‍ ഇ.വി ചാർജു ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം ഒ.എം.സി കളുടെ ഇന്ധന ഔട്ട്‌ലെറ്റുകളാണെന്നും ശൈലേഷ് ചന്ദ്ര പറഞ്ഞു.