ഗതാഗത നിയമം ലംഘിച്ചാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും; പുതിയ സംവിധാനം വരുന്നു

Update: 2019-09-12 06:33 GMT

വാഹന ഉടമകള്‍ നടത്തുന്ന ഗതാഗത നിയമലംഘനങ്ങളുമായി ഇന്‍ഷുറന്‍സ് പ്രീമിയത്തെ ബന്ധപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ഇതു നടപ്പിലാകുന്നതോടെ എത്ര നിയമലംഘനങ്ങള്‍ നടത്തിയെന്നതും അപകടമുണ്ടാക്കിയെന്നതും മറ്റും കണക്കിലെടുത്തായിരിക്കും ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുക.

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കനത്ത പിഴ ഈടാക്കാന്‍ തുടങ്ങിയതിനു പിന്നാലെയാണ് ട്രാഫിക് മര്യാദ പരിപോഷിപ്പിക്കുന്നതിനുതകുന്ന വാഹന ഇന്‍ഷുറന്‍സ് നടപടിക്രമം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി  ഒന്‍പതംഗ കര്‍മസമിതിയെ പദ്ധതി നടപ്പാക്കുന്നതെങ്ങനെയെന്ന് പഠിക്കുന്നതിന് നിയോഗിച്ചു. ഈ മാസം ആറിന് ഐആര്‍ഡിഎഐ പുറത്തിറക്കിയ ഉത്തരവനുസരിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഡല്‍ഹിയില്‍ ഇതു പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പാക്കണം.

ആഭ്യന്തര സെക്രട്ടറിയുടെ കീഴിലാണ് സമിതി പ്രവര്‍ത്തിക്കുന്നത്. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.70% അപകടങ്ങളും സംഭവിക്കുന്നത് ഡ്രൈവറുടെ പെരുമാറ്റക്കുഴപ്പം മൂലമാണെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദേശ രാജ്യങ്ങളില്‍ ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. അവിടെ ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ ലൈസന്‍സില്‍ രേഖപ്പെടുത്തുന്ന 'ബ്ലാക്ക് പോയിന്റു'കളുടെ അടിസ്ഥാനത്തിലാണ് പ്രീമിയം നിര്‍ണ്ണയിക്കപ്പെടുക.

അപകടങ്ങളുടെ അടിസ്ഥാനത്തില്‍ പ്രീമിയം നിശ്ചയിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാവും എന്നതും അപകടങ്ങളില്‍ ഇന്‍ഷുറന്‍സ് തുക നല്‍കുന്നതില്‍ കുറവു വരും എന്നതുമാണ് റഗുലേറ്ററി അതോറിറ്റിയെയും ഗതാഗത മന്ത്രാലയത്തെയും പുതിയ രീതിയിലേക്കു മാറാന്‍ പ്രേരിപ്പിക്കുന്നത്.

വാഹനത്തിന്റെ സ്വഭാവം, മോഡല്‍, വേരിയന്റ് എന്നിവയെ ആശ്രയിച്ചാണ് ഇന്ത്യയില്‍ ഇപ്പോള്‍ പ്രീമിയം നിശ്ചയിക്കുന്നത്. 'പുതിയ നീക്കം ട്രാഫിക്  നിയമലംഘകരെ നിരുത്സാഹപ്പെടുത്തുകയും മികച്ച ഡ്രൈവിംഗ് ശൈലിക്ക് പ്രതിഫലം നല്‍കുകയും ചെയ്യും. ഇത് ആഗോള സമ്പ്രദായങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യയെ സഹായിക്കും, ഈ മേഖലയെ കൂടുതല്‍ പുതുമകളിലേക്ക് നയിക്കും,' ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ റെന്യൂബ്യൂ.കോം സഹസ്ഥാപകനും പ്രിന്‍സിപ്പല്‍ ഓഫീസറുമായ ഇന്ദ്രനീല്‍ ചാറ്റര്‍ജി പറഞ്ഞു. എന്നിരുന്നാലും, ട്രാഫിക് കുറ്റകൃത്യങ്ങള്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയവുമായി ബന്ധപ്പെടുത്തുന്നത് തുടക്കത്തില്‍ വെല്ലുവിളിയാകുമെന്ന് ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് ബ്രോക്കറായ സെക്യുര്‍നൗ.ഇന്‍ പ്രിന്‍സിപ്പല്‍ ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ അഭിഷേക് ബോണ്ടിയ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയില്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം തീരുമാനിക്കുന്നതില്‍ ഗതാഗത നിയമ ലംഘനത്തിനു ബന്ധമുണ്ടെന്ന് പോളിസിബസാര്‍ ഡോട്ട് കോം ജനറല്‍ ഇന്‍ഷുറന്‍സ് ചീഫ് ബിസിനസ് ഓഫീസര്‍ തരുണ്‍ മാത്തൂര്‍ ചൂണ്ടിക്കാട്ടി. പക്ഷേ, നിയമ ലംഘനത്തിന്റെ സ്വഭാവമനുസരിച്ചാണിതില്‍ മാറ്റം വരുന്നത്.  ഉദാഹരണത്തിന്, സീറ്റ് ബെല്‍റ്റ് ഇടാത്തത് പ്രീമിയങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുകയില്ല. ഈ കുറ്റം ചെയ്യുന്നപക്ഷം 1,500-1,800 ഡോളര്‍ പ്രീമിയത്തില്‍ 60 ഡോളര്‍ തോതില്‍ മാത്രമേ വര്‍ദ്ധന വരൂ. എന്നാല്‍ ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയാല്‍ പ്രീമിയം രണ്ട് മടങ്ങ് വര്‍ദ്ധിക്കും.ഇതേ കുറ്റം  ആവര്‍ത്തിച്ചാലാകട്ടെ തുക ദുര്‍വഹമായി ഉയരും - മാത്തൂര്‍ കൂട്ടിച്ചേര്‍ത്തു.

Similar News