ഉത്സവ സീസണിലും നേട്ടമുണ്ടാക്കാതെ വാഹന വിപണി

കാറുകളുടെ വില്‍പ്പന 21.95 ശതമാനം ഇടിഞ്ഞപ്പോള്‍ മുച്ചക്ര വാഹന വിപണി വളര്‍ച്ച നേടി

Update: 2021-11-09 11:32 GMT

Representational image

നവരാത്രി മുതല്‍ ദീപാവലി വരെ നീണ്ടുനിന്ന ഉത്സവ സീസണിലും ഇന്ത്യന്‍ വാഹന വിപണിക്ക് നേട്ടമുണ്ടാക്കാനായില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വാഹന റജിസ്‌ട്രേഷന്‍ കുത്തനെ ഇടിഞ്ഞു.

കാറുകളുടെ വില്‍പ്പനയാണ് ഏറ്റവും കുറഞ്ഞത്. 2020നെ അപേക്ഷിച്ച് 21.95 ശതമാനം ഇടിവോടെ 2,38,776 കാറുകളാണ് ഈ ഉത്സവ സീസണില്‍ വിറ്റഴിച്ചത്. ഇന്‍പുട്ട് കോസ്റ്റ് ഉയര്‍ന്നതും സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമവും പ്രതിസന്ധിയിലാക്കിയ കാര്‍ നിര്‍മാതാക്കള്‍ മികച്ച വില്‍പ്പനയാണ് പ്രതീക്ഷിച്ചിരുന്നത്.

ബൈക്ക്,സ്‌കൂട്ടര്‍ എന്നിവയുടെ വില്‍പ്പനയില്‍ 11.20 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 10,26,852 ഇരുചക്രവാഹനങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്ത് വിറ്റത്. ഉത്തരേന്ത്യയില്‍ ഉള്‍പ്പടെ ദീപാവലി സീസണില്‍ വര്‍ധിക്കേണ്ട ട്രാക്ടറുകളുടെ വില്‍പ്പന 13.35 ശതമാനം ആണ് ഇടിഞ്ഞത്.

മറ്റ് സെഗ്മെന്റിലെ വാഹനങ്ങളൊക്കെ വില്‍പ്പനയില്‍ നിറം മങ്ങിയപ്പോള്‍ മുച്ചക്ര വാഹനങ്ങളും ചരക്ക് വാഹനങ്ങളും വലിയ മുന്നേറ്റമാണ് വില്‍പ്പനയില്‍ ഉണ്ടാക്കിയത്. 11.24 ശതമാനത്തിന്റെ വളര്‍ച്ചയോടെ 49,120 ചരക്ക് വാഹനങ്ങളാണ് വിറ്റുപോയത്. ഏറ്റവും അധികം വിറ്റുപോയത് മുച്ചക്ര വാഹനങ്ങളാണ്. 45.33 ശതമാനം വളര്‍ച്ചയോടെ 22,119 യൂണീറ്റ് വാഹനങ്ങളാണ് ഉത്സവ സീസണില്‍ വിറ്റുപോയത്.


Tags:    

Similar News