ഫോക്സ് വാഗന്‍ ബീറ്റില്‍ ഇനിയില്ല, ഉല്‍പ്പാദനം നിര്‍ത്തുന്നു

Update: 2018-09-15 07:09 GMT

ഏഴു ദശാബ്ദത്തോളം നിരത്തുകളില്‍ സജീവ സാന്നിധ്യം ആയിരുന്ന ഫോക്സ് വാഗന്‍റെ കുഞ്ഞന്‍ കാറായ ബീറ്റില്‍ വിപണിയില്‍ നിന്ന് വിടവാങ്ങുന്നു. രണ്ട് പുതിയ മോഡല്‍ അവതരിപ്പിച്ചശേഷം കമ്പനിയുടെ അമേരിക്കന്‍ യൂണിറ്റ് 2019 ജൂലൈയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

സാധാരണ ഒരു കാറിനെ അപേക്ഷിച്ച് മനോഹരമായൊരു ചരിത്രമുള്ള കാറാണ് ബീറ്റില്‍ എന്നതാണ് ഈ വിടവാങ്ങലിനെ ശ്രദ്ധേയമാക്കുന്നത്. 1938ല്‍ ജര്‍മ്മനിയില്‍ നാസി ഭരണകാലത്താണ് ബീറ്റില്‍ രൂപകല്‍പ്പന ചെയ്യുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന ബജറ്റിലുള്ള ചെറിയ കാര്‍ വേണമെന്ന ഹിറ്റ്ലറുടെ ആവശ്യപ്രകാരമായിരുന്നു ഇത്.

ജര്‍മ്മന്‍ ഭാഷയില്‍ ഫോക്സ് വാഗന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം 'ജനങ്ങളുടെ കാര്‍' എന്നാണ്. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും വാഹനപ്രേമികളുടെ മനസില്‍ ഹരമാകാന്‍ കഴിയുന്നുവെന്നതാണ് ബീറ്റിലിന്‍റെ സവിശേഷത. കോടീശ്വരന്മാര്‍, സെലബ്രിറ്റികള്‍ തുടങ്ങിയവരുടെ കാര്‍ ശേഖരത്തില്‍ ഇടം തേടാന്‍ കഴിഞ്ഞ വാഹനം കൂടിയാണിത്. വില കൂടുതലായിരുന്നിട്ടും ഇന്ത്യയില്‍ നിന്നും മികച്ച വരവേല്‍പ്പാണ് ബീറ്റിലിന് ലഭിച്ചത്.

പഴയ രൂപം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെയായിരുന്നു പിന്നീട് കമ്പനി ബീറ്റിലിനെ പലതവണ പുതുക്കിയത്. 2012ല്‍ വിപണിയിലിറങ്ങിയ പുതിയ മോഡല്‍ ബീറ്റിലില്‍ നാവിഗേഷന്‍ സംവിധാനം വരെ ഉണ്ടായിരുന്നു. ഇപ്പോള്‍ മൂന്നാം തലമുറ മോഡലാണ് ഉള്ളത്. ലോകത്ത് ആകെ 2.15 കോടിയോളം ബീറ്റില്‍ കാറുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് കണക്ക്.

Similar News