ഒരടിപൊളി ട്രിപ്പടിക്കാന്‍ പുത്തന്‍ മൈക്രോ ബസുമായി ഫോക്സ്‌വാഗണ്‍!
ഫോക്സ്‌വാഗന്റെ കോമ്പി മൈക്രോ ബസിന്റെ പിന്‍ഗാമി
വീട്ടുകാരുമായോ കൂട്ടുകാരുമായോ ഒരടിപൊളി ട്രിപ്പടിക്കാന്‍ പറ്റിയ പുത്തന്‍ വാഹനവുമായി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്‌വാഗണ്‍. ഫോക്സ്‌വാഗണ്‍ ഐ.ഡി ബസ് ജി.ടി.എക്‌സ് (Volkswagen ID Buzz GTX) എന്ന ഈ വാഹനം മൈക്രോ ബസ് വിഭാഗത്തില്‍പ്പെടുന്നതാണ്. ഫോക്സ്‌വാഗന്റെ കോമ്പി മൈക്രോ ബസിന്റെ പുത്തന്‍ പിന്‍ഗാമിയാണ് ഐ.ഡി ബസ് ജി.ടി.എക്‌സ് എന്ന് പറയാം.
സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളെ അപേക്ഷിച്ച് ഡ്യുവല്‍ മോട്ടോര്‍ പവര്‍ട്രെയിനോടും സ്പോര്‍ട്ടി എക്സ്റ്റീരിയര്‍ ഡിസൈനോടും കൂടിയാണ് പുത്തന്‍ മോഡല്‍ എത്തുന്നത്. ഇന്റീരിയറും പ്രീമിയമായ രീതിയില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. 12.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനും ഫോക്സ്‌വാഗണ്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ചാറ്റ് ജി.പി.ടി അധിഷ്ഠിതമായ നൂതന ഐ.ഡി.എ വോയിസ് അസിസ്റ്റന്റ് ഇതിലുണ്ട്. വാഹനത്തിന് ഷോട്ട് വീല്‍ബേസ്, ലോംഗ് വീല്‍ബേസ് എന്നിങ്ങനെ രണ്ട് ഓപ്ഷനാണുള്ളത്.
ഷോട്ട് വീല്‍ബേസും ലോംഗ് വീല്‍ബേസും യഥാക്രമം മണിക്കൂറില്‍ 79 കിലോവാട്ട്, 86 കിലോവാട്ട് ബാറ്ററി പായ്ക്കുകളാണ് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയാണുള്ളത്. വെറും 26 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ബാറ്ററികള്‍ അതിവേഗം ചാര്‍ജ് ചെയ്യാനും കഴിയും. ലോംഗ്-വീല്‍ബേസ് വേരിയന്റുകളില്‍ ഇലക്ട്രോണിക്കായി ക്രമീകരിക്കാനാവുന്ന പനോരമിക് സണ്‍റൂഫ് ഫീച്ചറും തെരഞ്ഞെടുക്കാം. ഫോക്സ്‌വാഗണ്‍ വാഹനത്തില്‍ കണ്ടിരിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ സണ്‍റൂഫാണിത്.