മടക്കി ബാഗിലാക്കാം, ഷവോമിയുടെ ഈ ഇലക്ട്രിക് സൈക്കിള്‍

Update: 2019-11-29 10:06 GMT

ആവശ്യം വരുമ്പോള്‍ ബാഗ് തുറന്ന് പുറത്തെടുക്കാം. സീറ്റില്‍ കയറിയിരുന്ന് ഓടിച്ചുപോകാം. ഇത് ഷവോമി അവതരിപ്പിക്കുന്ന പുതിയ ഇലക്ട്രിക് സൈക്കിള്‍. പുതിയ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ് ഹിമോ എച്ച് വണ്‍ എന്ന ഇലക്ട്രിക് സൈക്കിള്‍.

ഇതിന്റെ ഫ്രെയിം, ഹാന്‍ഡില്‍ബാര്‍, ടയറുകള്‍, സീറ്റ് എന്നിവ മടക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുഴുവനായി മടക്കിയാല്‍ ഒരു ബാക്ക്പാക്കില്‍ ഒതുങ്ങുമത്രെ. എന്നാല്‍ ഭാരം കുറവല്ല കെട്ടോ. 14.5 കിലോ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ഷവോമി തന്നെ ഇതിനായി ഒരു കെയ്‌സ് കൊടുത്തിട്ടുള്ളതുകൊണ്ട് കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടില്ല. 75 കിലോയാണ് ഇതിന്റെ കപ്പാസിറ്റി.

180 വാട്ട് മോട്ടറാണ് ഇതിനുള്ളത്. പരമാവധി വേഗത മണിക്കൂറില്‍ 18 കിലോമീറ്റര്‍. ഒരു എല്‍ഇഡി ലൈറ്റും സ്പീഡോമീറ്ററുമുണ്ട്. ഇതിലെ 7.5 എച്ച് ബാറ്ററി 30 കിലോമീറ്റര്‍ ദൂരപരിധിയാണ് തരുന്നത്. 4-6 മണിക്കൂറുകൊണ്ട് മുഴുവനായി ചാര്‍ജ് ചെയ്യാം.

ഷവോമി ഔദ്യോഗികമായി ഈ വാഹനം വിപണിയിലിറക്കിയിട്ടില്ല. എന്നിരുന്നാലും ഉപഭോക്താക്കള്‍ക്ക് ചൈനീസ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്ന് വാഹനം വാങ്ങാം. ഏകദേശം 30,000 രൂപയോളമാണ് വില.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News