മലയാളികളുടെ പ്രിയപ്പെട്ട യെസ്ഡി എത്തി, മൂന്ന് മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ചു, വിലയും സവിശേഷതകളും

റോഡ്‌സ്റ്റര്‍, സ്‌ക്രാംബ്ലര്‍, അഡ്വെഞ്ചര്‍ എന്നിങ്ങനെ മൂന്ന് മോഡലുകളുമായാണ് ഈ ഐക്കോണിക് ബ്രാന്‍ഡിന്റെ മടങ്ങി വരവ്

Update:2022-01-13 14:10 IST

1996ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുന്ന ബൈക്കാണ് യെസ്ഡി. മഹീന്ദ്ര ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് ജാവ ബൈക്കുകളെ തിരികെ കൊണ്ടുവന്നപ്പോള്‍ മുതല്‍ വാഹന പ്രേമികള്‍ കാത്തിരിക്കുകയായിരുന്നു യെസ്ഡിയുടെ രണ്ടാം അവതാരത്തിനായി. ഇന്ന് ആ കാത്തിരിപ്പ് അവസാനിപ്പിച്ച് രണ്ടാം വരവ് അറിയിച്ചിരിക്കുകയാണ് യെസ്ഡി. റോഡ്‌സ്റ്റര്‍, സ്‌ക്രാംബ്ലര്‍, അഡ്വെഞ്ചര്‍ എന്നിങ്ങനെ മൂന്ന് മോഡലുകളുമായാണ് ഈ ഐക്കോണിക് ബ്രാന്‍ഡിന്റെ മടങ്ങി വരവ്. ജാവയില്‍ ഉപയോഗിച്ചിരിക്കുന്ന 334 സിസി എഞ്ചിനാണ് മൂന്ന് മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്. ഇന്ന് മുതല്‍ യെസ്ഡി ബൈക്കുകള്‍ ബൂക്ക് ചെയ്യാം. ജാവ ഷോറൂമുകളിലൂടെ തന്നെയാണ് വില്‍പ്പന.

യെസ്ഡി റോഡ്‌സ്റ്റര്‍



പഴയ യെസ്ഡി റോഡ്കിംഗിനെ അനുസ്മരിപ്പിക്കുന്ന എന്നാല്‍ ആധുനിക രൂപഭാവങ്ങളോടെയാണ് റോഡ്‌സ്റ്റര്‍ എത്തുന്നത്. എല്‍സിഡി മീറ്റര്‍ കണ്‍സോള്‍, ഇരട്ട സൈലന്‍സറുകള്‍ തുടങ്ങിയവ റോഡ്‌സ്റ്ററിന് നല്‍കിയിരിക്കുന്നു. 184 കിലോ ഭാരമുള്ള ബൈക്കിന്റെ വീല്‍ബേസ് 1,440 എംഎം ആണ്. 175 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ലഭിക്കും. 29.3 ബിഎച്ച്പി കരുത്തും 29 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് 334 സിസി സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക് ലിക്വിഡ് കൂള്‍ എഞ്ചിന്‍. 12.5 ലിറ്ററിന്റേതാണ് ഇന്ധന ടാങ്ക്. റോഡ്‌സ്റ്റര്‍ ഡാര്‍ക്ക് സ്‌മോക്ക് ഗ്രേ, സ്റ്റീല്‍ ബ്ലൂ, ഹണ്ടര്‍ ഗ്രീന്‍, റോഡ്‌സ്റ്റര്‍ ക്രോം ഗാലന്റ് ഗ്രേ എന്നിങ്ങനെ നാല് വേരിയന്റുകളാണ് ഉള്ളത്. 1.98 ലക്ഷം മുതല്‍ 2.06 ലക്ഷം രൂപവരെയാണ് എക്‌സ് ഷോറൂം വില.
യെസ്ഡി സ്‌ക്രാംബ്ലര്‍



മുന്‍വശത്തെ ഇരട്ട മഡ്ഗാഡുകള്‍, വീതിയേറിയ ഹാന്‍ഡില്‍, ഡ്യുവല്‍ ടോണ്‍ പെട്രോള്‍ ടാങ്ക് , ഡ്യുവല്‍ എക്‌സോസ്റ്റ് തുടങ്ങിയ സവിശേഷതകളുമായാണ് യെസ്ഡി സ്‌ക്രാംബ്ലര്‍ എത്തുന്നത്. ഫയര്‍ ഓറഞ്ച്, യെല്ലിംഗ് യെല്ലോ, ഒലിവ്, റിബല്‍ റെഡ് തുടങ്ങി ആറ് നിറങ്ങളില്‍ ബൈക്ക് ലഭിക്കും. 182 കി.ഗ്രാമാണ് ബൈക്കിന്റെ ഭാരം. 200 എംഎം ആണ് ഗ്രൗന്‍ഡ് ക്ലിയറന്‍സ്. റോഡ്‌സ്റ്ററിന് സമാനമായി 12.5 ലിറ്ററിന്റേതാണ് പെട്രോള്‍ ടാങ്ക്. 28.7 ബിഎച്ച്പി കരുത്തും 28.2 എന്‍എം ടോര്‍ക്കുമാണ് എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുക. 2.05 ലക്ഷം രൂപ മുതല്‍ 2.11 ലക്ഷം രൂപവരെയാണ് സ്‌ക്രാംബ്ലറിന്റെ എക്‌സ് ഷോറൂം വില
യെസ്ഡി അഡ്വെഞ്ചര്‍



റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് എതിരാളിയായി യെസ്ഡി അവതരിപ്പിക്കുന്ന മോഡലാണ് അഡ്വെഞ്ചര്‍. ഡ്യുവല്‍ ക്രാഡില്‍ ഷാസിയിലാണ് അഡ്വെഞ്ചര്‍ എത്തുന്നത്. റൈഡിംഗ് പൊസിഷന്‍ അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന മീറ്റര്‍ ഡിസ്‌പ്ലെ ഈ സെഗ്നെമെന്റില്‍ ആദ്യമെത്തുന്നതും യെസ്ഡി അഡ്വെഞ്ചറിലാണ്. 188 കിലോയാണ് ബൈക്കിന്റെ ഭാരം. യെസ്ഡിയുടെ മൂന്ന് മോഡലുകളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് ് (220 എംഎം) ആണ് അഡ്വെഞ്ചറിന് നല്‍കിയിരിക്കുന്നത്. 15.1 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 29.7 ബിച്ച്പി കരുത്തും 29.9 എന്‍എം ടോര്‍ക്കുമാണ് 334 സിസി എഞ്ചിന്‍ നല്‍കുക. മൂന്ന് നിറങ്ങളിലെത്തുന്ന അഡ്വെഞ്ചറിന് 2.09 ലക്ഷം മുതല്‍ 2.19 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറും വില.


Tags:    

Similar News