150 കോടി രൂപയുടെ തട്ടിപ്പ്; മഹീന്ദ്ര ഫിനാന്‍സും കുരുക്കില്‍, ഓഹരിവിലയില്‍ ഇടിവ്
തട്ടിപ്പിനെ തുടർന്ന് കമ്പനി ബോർഡ് യോഗം മാറ്റിവച്ചു
ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ (എന്‍.ബി.എഫ്.സി) മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ (എം.എം.എഫ്.എസ്.എല്‍) വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ വടക്ക് കിഴക്കന്‍ മേഖലയിലെ ഒരു ശാഖയില്‍ 150 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയത്. വ്യാജ കെ.വൈ.സി (Know your customer/KYC) രേഖകളുണ്ടാക്കി കമ്പനിയുടെ വാഹന വായ്പകള്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്.
ബോര്‍ഡ് യോഗം മാറ്റിവച്ചു
2023 ഡിസംബര്‍ 31 വരെയെുള്ള കണക്കനുസരിച്ച് കമ്പനി വിതരണം ചെയ്ത മൊത്തം വായ്പാ തുക 93,392 കോടി രൂപയാണ്. കമ്പനിയുടെ മൊത്തം വായ്പകളുടെ 11 ശതമാനം, അതായത് 10,273 കോടി രൂപയുടെ ഇടപാട് നടന്നത് വടക്ക് കിഴക്കന്‍ മേഖലയിലാണ്.
തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തായതോടെ 2023-24 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഫലങ്ങള്‍ അവലോകനം ചെയ്യുന്നതിനും ലാഭവിഹിതം പ്രഖ്യാപിക്കുന്നതിനും ഇന്നലെ ചേരാനിരുന്ന ബോര്‍ഡ് യോഗം കമ്പനി മാറ്റിവച്ചിരുന്നു. 2024 മേയ് 30ലേക്കാണ് യോഗം മാറ്റിവച്ചത്.
ഓഹരികളില്‍ ഇടിവ് തുടരുന്നു
നിലവില്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും ആവശ്യമായ തിരുത്തല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവ നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്റ്റോക്ക് എക്‌സേഞ്ചുകളെ അറിയിച്ചു.
150 കോടി രൂപയുടെ തട്ടിപ്പ് നടന്ന വാര്‍ത്ത പുറത്തായതോടെ കമ്പനിയുടെ ഓഹരികള്‍ 5 ശതമാനത്തിലധികമാണ് ഇന്നലെ ഇടിഞ്ഞത്. ഇന്ന് നിലവില്‍ 1.69 ശതമാനം ഇടിഞ്ഞ് 259 രൂപയിലാണ് (12:20pm) മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.