രാജ്യത്ത് വിവിധ ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലുമായി കെട്ടിക്കിടക്കുന്നത് 49000 കോടി രൂപ

2020 ഡിസംബര്‍ 31 വരെ ബാങ്കുകളുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപ തുക 24,356 കോടി രൂപയാണ്.

Update:2021-07-28 19:14 IST

ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലുമായി ക്ലെയിം ചെയ്യാതെ കിടക്കുന്നത് 49,000 കോടി രൂപ. ധനമന്ത്രി ഭഗവത് കാരാട് ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചതാണിത്. ഡിസംബര്‍ 31, 2020 വരെയുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണിത്. റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് 2020 ഡിസംബര്‍ 31 വരെ ബാങ്കുകളുടെ മാത്രം ക്ലെയിം ചെയ്യാത്ത മൊത്തം നിക്ഷേപം 24,356 കോടി രൂപയാണെന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.

ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഐഐ) പ്രകാരം പൊതു, സ്വകാര്യ മേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനികളിലെ പോളിസി ഉടമകളുടെ മൊത്തം ക്ലെയിം ചെയ്യാത്ത തുക 24,586 കോടി രൂപയാണ് (2020 ഡിസംബര്‍ അവസാനം വരെ). ക്ലെയിം ഹോള്‍ഡര്‍മാര്‍ മരിച്ചിട്ടും മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതോ പിന്‍തുടര്‍ച്ചാ അവകാശികളെ നിയമിക്കാന്‍ കഴിയാത്തതോ ഒക്കെയാണ് ഇത്തരത്തില്‍ പണം ആര്‍ക്കും ലഭിക്കാതെ പോകാനുള്ള കാരണങ്ങളാകുന്നത്.
ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലുമുള്ള നിങ്ങളുടെ കരുതല്‍ ധനവും നിക്ഷേപ പദ്ധതികളിലെ തുകയുമൊക്കെ ഇത്തരത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ലഭിക്കാതെ പോയേക്കാം. അതൊഴിവാക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍.
അക്കൗണ്ട് ഉടമ പെട്ടെന്ന് മരണമടഞ്ഞാല്‍ അവകാശികള്‍ ബാങ്കിലെത്തി അക്കൗണ്ട് ക്ലോസ് ചെയ്യണം. എന്നാല്‍ ചിലപ്പോള്‍ അവകാശികള്‍ക്ക് നിക്ഷേപത്തെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല. നോമിനിയായി ആരെയും ചേര്‍ത്തിട്ടുണ്ടാകില്ല. അങ്ങനെ അവ നിര്‍ജീവമായിത്തീരും. അതിനാല്‍ സേവിംഗ് അക്കൗണ്ടില്‍ പോലും നോമിനിയെയും നോമിനി ആയി ചേര്‍ക്കുന്ന ആളിന്റെ യഥാര്‍ത്ഥ അഡ്രസും വിവരങ്ങളും ചേര്‍ക്കാതെ ഇരിക്കരുത്.
ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലോ ടേം ഇന്‍ഷുറന്‍സ് പോളിസികളോ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാകും. ഇവിടെയും നോമിനിയെ ചേര്‍ക്കുക എന്നത് പ്രധാനമാണ്. അഡ്രസ് മാറി പോയാലും തുക ലഭിക്കാന്‍ ആധാര്‍ ലിങ്ക് ചെയ്യുക. പാന്‍ നമ്പറും മറ്റു വിവരങ്ങളും നല്‍കുക.
ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിങ്ങളും അവ മറന്നു പോയേക്കാം. ഇടയ്ക്ക് കെ വൈ സി അപ്ഡേറ്റ് ചെയ്യുക. നോമിനിയെ ഇവിടെയും ചേര്‍ക്കുക. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് അധികം പ്രായമാകാത്തവരെ നോമിനിയാക്കിയാല്‍ അവ തീര്‍ച്ചയായും നഷ്ടമാകില്ല.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ നോമിനിയുടെ പേര്, അഡ്രസ് എന്നിവ രേഖപ്പെടുത്തുക.
നോമിനി ആരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവകാശി മരണപ്പെട്ടാല്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ് എന്നിവ സമര്‍പ്പിച്ചാല്‍ എളുപ്പത്തില്‍ പണം ലഭിക്കും.
വലിയ ഒരു തുകയാണെങ്കില്‍ പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടി വന്നേക്കാം. ഇതിന് വില്‍പത്രം എഴുതുക മാത്രമല്ല സബ് രജ്സ്റ്റര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. അവിടെയും അവകാശികളുടെ പേര് വിവരങ്ങള്‍ നല്‍കിയിരിക്കണം.


Tags:    

Similar News