ഇന്ത്യന്‍ കോര്‍പറേറ്റു മേഖലയില്‍ 2021-ല്‍ 8 ശതമാനം ശമ്പള വര്‍ദ്ധന
വേതന വര്‍ധന കൂടുതല്‍ ഈ മേഖലയില്‍
ഇന്ത്യന്‍ കോര്‍പറേറ്റു മേഖലയില്‍ 2021-ല്‍ ശരാശരി 7.7 ശതമാനം ശമ്പള വര്‍ദ്ധനയുണ്ടാവുമെന്നു കരുതപ്പെടുന്നു. പ്രൊഫഷണല്‍ സര്‍വീസുകളെ നിരീക്ഷിക്കുന്ന ആഗോള സ്ഥാപനമായ അയോണ്‍ (Aon) നടത്തിയ സര്‍വേയിലാണ് ഈ നിഗമനം. സര്‍വേയില്‍ പങ്കെടുത്ത 1,200 സ്ഥാപനങ്ങളില്‍ 88 ശതമാനവും ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കുവാന്‍ താല്‍പര്യപ്പെടുന്നതായി വ്യക്തമാക്കി. 22 വ്യത്യസ്ത മേഖലകളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളിലാണ് സര്‍വേ നടത്തിയത്. കോവിഡ് അടച്ചുപൂട്ടലിനെ തുടര്‍ന്നുള്ള 2020-ലെ കടുത്ത അരക്ഷിതാവസ്ഥയിലും ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ ഉള്‍പ്പെട്ട ബ്രിക് രാജ്യങ്ങളില്‍ ഏറ്റവുമധികം ശമ്പള വര്‍ദ്ധന നടപ്പിലാക്കുന്നത് ഇന്ത്യയിലാണ്. ഇ-കൊമേഴ്‌സ്, ഐടി, ഐടിഇഎസ്, ലൈഫ് സയന്‍സ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ശമ്പളവര്‍ദ്ധനവിന് സാധ്യതയെന്ന് സര്‍വേ വ്യക്തമാക്കുന്നു. അതേസമയം അടച്ചുപൂട്ടലിന്റെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച ഹോസ്പിറ്റാലിറ്റി, റെസ്റ്റൊറന്റുകള്‍, പശ്ചാത്തല വികസനം, റിയല്‍ എസ്റ്റേറ്റ്, എഞ്ചിനീയറംഗ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലാവും ഏറ്റവും കുറഞ്ഞ നിരക്കിലെ വേതന വര്‍ദ്ധനവ് ഉണ്ടാവുക. ഈ മേഖലകളില്‍ 5-6 ശതമാനം വരെ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്.