ആര്‍ക്കും നേടാം സ്ഥിരനിക്ഷേപത്തിന് 8.5% പലിശ
ബാങ്കുകളും കോ ഓപ്പറേറ്റീവ് സൊസൈറ്റികളും ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് നല്‍കുന്ന പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ നല്‍കുന്നു മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍
സ്ഥിരനിക്ഷേപത്തിന് ആര്‍ക്കും എട്ടര ശതമാനം പലിശ! മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളാണ് ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് ഈ ഉയര്‍ന്ന പലിശ നിരക്ക് ഇപ്പോള്‍ നല്‍കുന്നത്. കേരളത്തില്‍ 21 ഓളം മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
60 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ഏഴ് വര്‍ഷ സ്ഥിര നിക്ഷേപത്തിന് പലിശ 12.5 ശതമാനം!
മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ ഒരു വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് എട്ടര ശതമാനം പലിശ നല്‍കുമ്പോള്‍ കാലാവധി ഓരോ വര്‍ഷവും കൂടുന്നതിന് അനുസരിച്ച് പലിശ അര ശതമാനമെന്ന കണക്കിലും കൂടും. അതായത് രണ്ടുവര്‍ഷ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 9 ശതമാനം. മൂന്ന് വര്‍ഷത്തിന് 9.5 ശതമാനം, നാല് വര്‍ഷത്തിന് പത്ത് ശതമാനം, അഞ്ച് വര്‍ഷത്തേക്ക് പത്തര ശതമാനം, ആറുവര്‍ഷ കാലാവധിക്ക് 11 ശതമാനം, ഏഴുവര്‍ഷത്തിന് 11.5 ശതമാനം എന്നിങ്ങനെയാണ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലെ സ്ഥിരനിക്ഷേപ പലിശ നിരക്ക്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം പലിശ കൂടുതല്‍ ലഭിക്കും. 60 വയസ് കഴിഞ്ഞ സ്ത്രീകള്‍ 5, 6, 7 വര്‍ഷ കാലാവധിയില്‍ സ്ഥിരനിക്ഷേപം നടത്തിയാല്‍ അവര്‍ക്ക് അരശതമാനം പലിശ അധികമായി നല്‍കും. അതായത് ഏഴ് വര്‍ഷത്തേക്ക് 60 വയസ്് കഴിഞ്ഞ സ്ത്രീകള്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ നിക്ഷേപം നടത്തിയാല്‍ 12.5 ശതമാനം പലിശ ലഭിക്കുന്ന സാഹചര്യം ഇപ്പോള്‍ കേരളത്തിലുണ്ട്.
നിക്ഷേപം സുരക്ഷിതമോ?
മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ നിലവില്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവ രാജ്യത്ത് നിക്ഷേപം സ്വീകരിക്കാന്‍ അംഗീകാരമുള്ള സി ആര്‍ സി എസിന് കീഴിലും ഉള്ളവയാണ്. മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ കര്‍ശനമായ ഓഡിറ്റിംഗിന് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. അതുപോലെ തന്നെ നിക്ഷേപമായി സ്വീകരിക്കുന്ന പണം വിനിയോഗിക്കുന്ന കാര്യത്തിലും നിഷ്‌കര്‍ഷയുണ്ട്. നിക്ഷേപത്തിന്റെ 70 ശതമാനത്തോളം വായ്പയായി നല്‍കിയിരിക്കണം. പത്ത് ശതമാനത്തോളം റിസര്‍വ് ഫണ്ടായി കരുതിയിരിക്കണം. ബാക്കിയുള്ള 20 ശതമാനത്തില്‍ നിന്നുവേണം മറ്റ് പ്രവര്‍ത്തനങ്ങള്‍.
തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളെ നയിക്കുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളെ ലിക്വിഡേറ്ററുടെ കീഴിലാക്കി, ലാഭത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സൊസൈറ്റിയുമായി ലയിപ്പിക്കുകയോ ചെയ്യും. അതുകൊണ്ട് നിക്ഷേപകരുടെ താല്‍പ്പര്യം ഹനിക്കപ്പെടുന്നില്ലെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.