ക്രിപ്‌റ്റോ കറന്‍സി മുന്നേറ്റ തരംഗത്തില്‍; ഇന്ത്യ ജാഗ്രതയില്‍

ഡിജിറ്റല്‍ വിപ്ലവത്തോടൊപ്പം നില്‍ക്കാന്‍ സമതുലിതമായ നിയന്ത്രണം കൊണ്ടുവരണമെന്ന് കാണുന്നവരുമുണ്ട്‌

Update:2024-12-09 11:40 IST
പണത്തിന്റെ ഉപയോഗത്തിലും വീക്ഷണങ്ങളിലും കാര്യമായ മാറ്റം കൊണ്ടു വരുന്ന ആഗോള പ്രതിഭാസമായി ക്രിപ്റ്റോകറന്‍സികള്‍ മാറുകയാണ്. ബിറ്റ്കോയിന്‍, എഥേറിയം, റിപ്പിള്‍ തുടങ്ങിയ പ്രമുഖ ക്രിപ്റ്റോകറന്‍സികളുടെ ഭാവിയെ കുറിച്ച് നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന സംഭവവികാസങ്ങളാണ് ആഗോള തലത്തില്‍ സമീപകാലത്ത് ഉണ്ടാകുന്നത്. എന്നാല്‍, ക്രിപ്റ്റോകറന്‍സികളോട് ഇന്ത്യ പുലര്‍ത്തുന്നത് കരുതലോടെയുള്ള സമീപനമാണ്. ആഗോള തലത്തില്‍ ഉണ്ടാവുന്ന സുവര്‍ണാവസരം ഇന്ത്യക്കാര്‍ക്ക് നഷ്ടപ്പെടുന്നോ എന്ന് സംശയിക്കുന്നവരുമുണ്ട്.

ആഗോള ചലനങ്ങള്‍

ക്രിപ്റ്റോകറന്‍സികള്‍ക്ക് ഇത്ര നല്ലൊരു കാലം മുമ്പുണ്ടായിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ, ക്രിപ്റ്റോകള്‍ക്ക് അനുകൂലമായ നിയമ നിര്‍മാണം നടക്കുമെന്നാണ് പ്രത്യാശ. ക്രിപ്റ്റോകറന്‍സികളോട് ഏറെ അനുഭാവപൂര്‍ണമായ നിലപാടാണ് ട്രംപിനുള്ളത്. അമേരിക്കയിലെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്‍ മേധാവിയായി പോള്‍ അറ്റ്കിന്‍സനെ നിയമിച്ചതോടെ നിക്ഷേപകരുടെ പ്രതീക്ഷ കൂടുകയാണ്. ഡിജിറ്റല്‍ ആസ്തികളോട് ഏറെ താല്‍പര്യമുള്ള അറ്റ്കിന്‍സന്‍ ക്രിപ്റ്റോകറന്‍സികള്‍ക്ക് സാമ്പത്തിക മുഖ്യാധാരയിലേക്കുള്ള വഴി കാണിക്കുമെന്നാണ് പലരും വിലയിരുത്തുന്നത്.
ക്രിപ്റ്റോ ലോകത്തിന്റെ മുഖമുദ്രയായ ബിറ്റ്കോയിന്‍ വില ഒരു ലക്ഷം ഡോളര്‍ കടന്ന് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഉയര്‍ന്ന നിക്ഷേപസാധ്യതാ മേഖലയായി ബിറ്റ്കോയിന്‍ അടിത്തറ മെച്ചപ്പെടുത്തി. ഇതോടൊപ്പം എഥേറിയം ബിനാന്‍സ് കോയിന്‍, കാര്‍ഡോണ, സൊലാന, ഡോജ്കോയിന്‍ തുടങ്ങിയ ക്രിപ്റ്റോകളും നിക്ഷേപരുടെയും സ്ഥാപനങ്ങളുടെയും ശ്രദ്ധ നേടി തുടങ്ങിയിട്ടുണ്ട്.

ഇന്ത്യന്‍ സാഹചര്യം

ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല. വസീര്‍ എക്സ്, കോയിന്‍ ഡി.സി.എക്സ്, സെബ്പേ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഇന്ത്യയില്‍ ക്രിപ്റ്റോ ട്രേഡിംഗ് നടന്നു വരുന്നുണ്ട്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ക്രിപ്റ്റോകറന്‍സി ട്രേഡിംഗില്‍ വ്യാപൃതരാണ്. ക്രിക്കറ്റ് താരം യുവരാജ് സിംഗ്, പരേതനായ മുന്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ തുടങ്ങിയ പ്രമുഖര്‍ ക്രിപ്റ്റോ നിക്ഷേപങ്ങള്‍ നടത്തിയവരാണ്. അതേസമയം, വ്യക്തമായ നിയമങ്ങളുടെ അഭാവം നിക്ഷേകരെ വലിയ തോതില്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നില്ല.

പ്രയോജനങ്ങള്‍

1. വികേന്ദ്രീകരണം: സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു.
2. ആഗോള സാധ്യത: ഇടനിലക്കാര്‍ ഇല്ലാതെ ആഗോളതലത്തില്‍ ഉപയോഗിക്കാനും കൈമാറ്റം ചെയ്യാനും സാധിക്കും.
3. സുതാര്യത: ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ സുരക്ഷിതവും വികലമാക്കാന്‍ കഴിയാത്തതുമായ ഇടപാടുകള്‍ ഉറപ്പാക്കുന്നുവെന്നാണ് അവകാശവാദം.
4. ഉയര്‍ന്ന വരുമാനം: ആദ്യകാലത്തെ നിക്ഷേകര്‍ ബിറ്റ്കോയിന്‍, എഥേറിയം തുടങ്ങിയവയില്‍ നേട്ടമുണ്ടാക്കി.

അപകട സാധ്യതകള്‍

1. വിലകളുടെ ചാഞ്ചാട്ടം: നിക്ഷേപകര്‍ക്ക് നഷ്ടസാധ്യതകള്‍ ഉയര്‍ത്തുന്ന രീതിയില്‍ വിലകള്‍ വലിയ രീതിയില്‍ ചാഞ്ചാടാം.
2. സുരക്ഷാ ആശങ്കകള്‍: വാലറ്റുകളും എക്സ്ചേഞ്ചുകളും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാം.
3. നിയന്ത്രണങ്ങളിലെ അനിശ്ചിതത്വം: ഇന്ത്യയില്‍ വ്യക്തമല്ലാത്ത നയങ്ങള്‍ ക്രിപ്റ്റോ നിക്ഷേപങ്ങളെ അപകട സാധ്യതയുള്ളതാക്കുന്നു.
4. അവബോധക്കുറവ്: ക്രിപ്റ്റോകറന്‍സി ലോകത്തെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് അവബോധം കുറവാണ്.

പ്രവര്‍ത്തന രീതി

വികേന്ദ്രീകൃത ലെഡ്ജറായ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയിലാണ് ക്രിപ്റ്റോകറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ ആസ്തികള്‍ ഡിജിറ്റല്‍ വാലറ്റുകളില്‍ സംഭരിക്കുകയും ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ വ്യാപാരം നടത്തുകയും ചെയ്യാം. ബാങ്കുകള്‍ പോലെയുള്ള ഇടനിലക്കാരില്ലാതെ, കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ് ഇടപാടുകള്‍ പരിശോധിക്കുന്നത്.

അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടോ?

ആഗോളതലത്തില്‍ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള സാമ്പത്തിക ഇടപാടുകള്‍, ഇകൊമേഴ്സ്, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍, ഡിജിറ്റല്‍ ടോക്കണായ എന്‍.എഫ്.ടി ഇടപാട് തുടങ്ങി വിവിധ മേഖലകളില്‍ ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിക്കുന്നു. ക്രിപ്റ്റോകള്‍ക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങളില്‍ ഇടപാടുകളുടെ പരിഷ്‌കരണത്തിലും സാമ്പത്തിക ഇടപാടുകളിലും മുന്നേറ്റം കാണുന്നുണ്ട്. ഇന്ത്യയിലെ നിയന്ത്രണങ്ങള്‍ നിക്ഷേപകരെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കുന്നു.
Tags:    

Similar News