ബാങ്ക് ഓഫ് ബറോഡയ്ക്ക് 4,775 കോടി രൂപയുടെ റെക്കോഡ് അറ്റാദായം
ഓഹരിയൊന്നിന് 5.50 രൂപ വീതം ഡിവിഡന്‍ഡിനും ശുപാര്‍ശ
2023 മാര്‍ച്ചിലവസാനിച്ച പാദത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 4,775.3 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 168 ശതമാനമാണ് വര്‍ധന. ഉയര്‍ന്ന പലിശ വരുമാനവും മെച്ചപ്പെട്ട വായ്പാ വളര്‍ച്ചയുമാണ് അറ്റാദായം ഉയരാന്‍ സഹായിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന പാദവളര്‍ച്ചയാണിത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തില്‍ 1,779 കോടി രൂപയായിരുന്നു അറ്റാദായം.
അതേസമയം, പാപ്പരത്ത നടപടികളിലേക്ക് കടന്ന ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് നല്‍കിയിട്ടുള്ള വായ്പകളുടെ തിരിച്ചടവ് മടുങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് 500 കോടി രൂപ ബാങ്ക് നീക്കിയിരിപ്പ് നടത്തിയിട്ടുണ്ട്. 1,300 കോടി രൂപയാണ് ബാങ്ക് ഗോഫ്‌സറ്റിന് വായ്പ നല്‍കിയിട്ടുള്ളത്. എമര്‍ജെന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി പദ്ധതി പ്രകാരമുള്ള വായ്പകള്‍ക്ക് പുറമെയാണിത്.