ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലാഭം 34% കുതിച്ചു; പലിശ വരുമാനത്തിലും മുന്നേറ്റം
ഓഹരികളില്‍ ഉണര്‍വ്; നിഷ്‌ക്രിയ ആസ്തിയും താഴേക്ക്
പൂനെ ആസ്ഥാനമായ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര നടപ്പുവര്‍ഷത്തെ (2023-24) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 33.61 ശതമാനം കുതിപ്പോടെ 1,036 കോടി രൂപ ലാഭം (Net Profit) രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 775 കോടി രൂപയായിരുന്നു.
മൊത്ത വരുമാനം (Total Income) 4,770 കോടി രൂപയില്‍ നിന്ന് 5,851 കോടി രൂപയായും വര്‍ധിച്ചു. പ്രവര്‍ത്തന ലാഭം (Operating Profit) 1,580 കോടി രൂപയില്‍ നിന്ന് 27.32 ശതമാനം ഉയര്‍ന്ന് 2,012 കോടി രൂപയായി. തുടര്‍ച്ചയായി മികച്ച പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിടുന്ന ബാങ്കാണ് മലയാളിയായ എ.എസ്. രാജീവ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ബാങ്ക് ഓഫ് മഹാരാഷ്ട്ര.
പലിശ വരുമാനത്തിലും മികവ്; നിഷ്‌ക്രിയ ആസ്തി താഴേക്ക്
കഴിഞ്ഞപാദത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റ പലിശ വരുമാനം (NII) 24.6 ശതമാനം മെച്ചപ്പെട്ട് 2,465 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 1,980 കോടി രൂപയായിരുന്നു. വായ്പകളില്‍ നിന്നുള്ള ബാങ്കിന്റെ പലിശവരുമാനവും നിക്ഷേപങ്ങളിന്മേലുള്ള പലിശച്ചെലവും തമ്മിലെ അന്തരമാണ് അറ്റ പലിശ വരുമാനം.
മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 2.19 ശതമാനത്തില്‍ നിന്ന് 2.04 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 0.23 ശതമാനത്തില്‍ നിന്ന് 0.22 ശതമാനത്തിലേക്കും താഴ്ന്നതും മികച്ച ലാഭം കുറിക്കാന്‍ ബാങ്കിന് സഹായകമായി. അറ്റ പലിശ മാര്‍ജിന്‍ (NIM) 3.60 ശതമാനത്തില്‍ നിന്ന് 3.95 ശതമാനത്തിലേക്കും ഉയര്‍ന്നത് ബാങ്കിന്റെ സാമ്പത്തികാരോഗ്യം ശക്തമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത (Provisions) 582 കോടി രൂപയില്‍ നിന്ന് 943 കോടി രൂപയായി കഴിഞ്ഞപാദത്തില്‍ വര്‍ധിച്ചിട്ടും മികച്ച ലാഭം നേടാന്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.
ഓഹരികള്‍ മുന്നോട്ട്
ലാഭം ആയിരം കോടി രൂപയും പ്രവര്‍ത്തനലാഭം 2,000 കോടി രൂപയും കടന്നത് നിര്‍ണായക നാഴികക്കല്ലാണെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എ.എസ്. രാജീവ് പറഞ്ഞു.
നാലാംപാദത്തില്‍ (ജനുവരി-മാര്‍ച്ച്) 3.75-4 ശതമാനം അറ്റ പലിശ മാര്‍ജിന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവില്‍ ബേസല്‍-3 മൂലധന പര്യാപ്തതാ അനുപാതം 16.85 ശതമാനം എന്ന മികച്ച നിലയിലാണ്. അതുകൊണ്ട്, നാലാംപാദത്തില്‍ മൂലധനം സമാഹരിക്കേണ്ട സ്ഥിതി ബാങ്കിനില്ല.
കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (CASA) മൊത്തം നിക്ഷേപത്തിന്റെ 50 ശതമാനത്തിലുമേറെയാണ്. ജനുവരി-മാര്‍ച്ചില്‍ 100 ശാഖകള്‍ തുറക്കാനാണ് പദ്ധതിയെന്നും ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം ബാങ്കിന് 2,401 ശാഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മികച്ച പ്രവര്‍ത്തനഫലത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്. 1.41 ശതമാനം ഉയര്‍ന്ന് 50.70 രൂപയിലാണ് ഇന്ന് രാവിലത്തെ സെഷനില്‍ ഓഹരികളില്‍ വ്യാപാരം പുരോഗമിക്കുന്നത്.
32,100 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികള്‍ കഴിഞ്ഞ 6 മാസത്തിനിടെയും ഒരുവര്‍ഷത്തിനിടെയും ഓഹരി നിക്ഷേപകര്‍ക്ക് 59 ശതമാനം വീതം നേട്ടം (Return) സമ്മാനിച്ചിട്ടുണ്ട്.