മിനിമം ബാലന്‍സില്ല; ബാങ്കുകൾ ഈടാക്കിയത് 21,000 കോടി രൂപ
അധിക എ.ടി.എം ഇടപാടുകളുടെ ചാര്‍ജായി 8,000 കോടി രൂപയിലധികം ബാങ്കുകള്‍ക്ക് ലഭിച്ചു
മിനിമം ബാലന്‍സ് എക്കൗണ്ടില്‍ ഇല്ലാത്തതിനും അധിക എ.ടി.എം ഇടപാടുകള്‍ക്കും എസ്.എം.എസ് സേവനങ്ങള്‍ക്കുമായി പൊതുമേഖലാ ബാങ്കുകളും 5 പ്രധാന സ്വകാര്യ ബാങ്കുകളും 2018 മുതല്‍ പിഴയായും ചാര്‍ജായും പിരിച്ചെടുത്തത് 35,000 കോടി രൂപയാണെന്ന് ധനമന്ത്രാലയം.
കണക്കുകള്‍ പറയുന്നത്
മിനിമം ബാലന്‍സ് എക്കൗണ്ടില്ലില്ലാത്ത കാരണത്താല്‍ പൊതുമേഖലാ ബാങ്കുകളും ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നീ അഞ്ച് പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളും എക്കൗണ്ടുകളില്‍ നിന്ന് 21,000 കോടി രൂപ പിരിച്ചെടുത്തതായി കേന്ദ്രധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാദ് പറഞ്ഞു. അധിക എ.ടി.എം ഇടപാടുകളുടെ ചാര്‍ജായി 8,000 കോടി രൂപയിലധികം ഈ ബാങ്കുകള്‍ക്ക് ലഭിച്ചു. കൂടാതെ എസ്.എം.എസ് ചാര്‍ജുകള്‍ വഴി 6,000 കോടി രൂപയും പിരിച്ചെടുത്തു.
മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ
ബാങ്ക് എക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തത്, സൗജന്യ ഇടപാടുകള്‍ക്കപ്പുറമുള്ള എ.ടി.എമ്മുകളുടെ ഉപയോഗം, പരിധിക്കപ്പുറം പണം നിക്ഷേപിക്കല്‍ തുടങ്ങിയവയ്ക്ക് ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്നും ഒരു നിശ്ചിത തുക പിഴയായി ഈടാക്കാറുണ്ട്. ഇത് മെട്രോ നഗരങ്ങള്‍ മുതല്‍ ചെറു പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വ്യത്യാസപ്പെടുന്നു.
വിവിധ ബാങ്കുകളുടെ ശരാശരി പ്രതിമാസ ബാലന്‍സ് മെട്രോ പ്രദേശങ്ങളില്‍ 3,000നും 10,000നും ഇടയിലും നഗരപ്രദേശങ്ങളില്‍ 2,000-5,000നും ഗ്രാമപ്രദേശങ്ങളില്‍ 500-1,000നും ഇടയിലാണ്. ഈ തുക കൃത്യമായി നിലനിര്‍ത്തിയില്ലെങ്കില്‍ ഏകദേശം 400- 500 രൂപ ഇതിന് പിഴയായി ബാങ്കുകള്‍ ഈടാക്കുന്നു. ചില സ്വകാര്യ ബാങ്കുകള്‍ അത്തരം എക്കൗണ്ടുകളില്‍ നിന്നുള്ള ഓരോ ഇടപാടിനും 100 മുതല്‍ 125 രൂപ വരെ പണമിടപാട് ഫീസ് ഈടാക്കും.
എ.ടി.എം ഇടപാടും എസ്.എം.എസ് ചാര്‍ജും
ഉപയോക്താക്കള്‍ക്ക് ബാങ്ക് അവരുടെ സ്വന്തം ബാങ്ക് എ.ടി.എമ്മുകളില്‍ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകള്‍ അനുവദിക്കുന്നുണ്ട്. മറ്റ് ബാങ്ക് എ.ടി.എമ്മുകളില്‍ നിന്നുള്ള നിശ്ചിത സൗജന്യ ഇടപാടുകള്‍ളും അനുവദിക്കുന്നു. ഇതില്‍ കൂടുതല്‍ തവണ എ.ടി.എം ഇടപാട് നടത്തുന്നതോടെയാണ് ബാങ്ക് ഇതിന് ചാര്‍ജ് ഈടാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് സേവനം നല്‍കുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജ് ഇത്തരം എസ്.എം.എസ് അലേര്‍ട്ടുകള്‍ അയയ്ക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യയ്ക്കായി ബാങ്കും ടെലികോം സേവന ദാതാക്കളും ഉപയോഗിക്കുന്നു.