ബാങ്ക് ജീവനക്കാരുടെ ശമ്പളം 15% കൂടിയേക്കും; പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ 5 ആകും
ജീവനക്കാരുടെ ശമ്പളം അവസാനമായി കൂട്ടിയത് 2020ല്‍
ജീവനക്കാരുടെ ശമ്പളം 15% വര്‍ധിപ്പിക്കാനും പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ 5 ആക്കി നിജപ്പെടുത്താനും ബാങ്കുകള്‍ ആലോചിക്കുന്നു. ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐ.ബി.എ) 15% വേതന വര്‍ധന നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞവര്‍ഷം ബാങ്കുകള്‍ നേടിയ മികച്ച ലാഭത്തിനായി മുഖ്യപങ്ക് വഹിച്ചത് ജീവനക്കാരാണെന്നും അതിനാല്‍ ശമ്പള വര്‍ധന ഐ.ബി.എ നിര്‍ദേശിച്ചതിലും അധികം വേണമെന്നുമാണ് ജീവനക്കാരുടെ യൂണിയനുകളുടെ ആവശ്യമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) അടക്കം ഏതാനും ബാങ്കുകള്‍ ജീവനക്കാര്‍ക്കുള്ള ശമ്പളത്തില്‍ 15% വര്‍ധന നല്‍കാന്‍ ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ ധനമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് വേതന വര്‍ധന ധാരണയിലെത്തുമെന്നാണ് കരുതുന്നത്.
യൂണിയനുകള്‍ പറയുന്നത്
സമീപ വര്‍ഷങ്ങളില്‍ ബാങ്കിംഗ് വ്യവസായത്തിന്റെ വിജയത്തില്‍ ബാങ്ക് ജീവനക്കാര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് യൂണിയനുകള്‍ പറയുന്നു. കൊവിഡ് സമയത്ത് കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനും സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കാനും ജീവനക്കാര്‍ നടത്തിയ ശ്രമങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഉചിതമായ വേതനം വാങ്ങാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെന്നാണ് യൂണിയനുകള്‍ വാദിക്കുന്നത്. മൂന്ന് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 2020ല്‍ ബാങ്ക് ജിവനക്കാരുടെ ശമ്പളം അവസാനമായി വര്‍ധിപ്പിച്ചത്.