കുമിഞ്ഞു കൂടിയ കിട്ടാക്കടം കുറയുന്നു; ബാങ്കുകള്‍ക്ക് ആശ്വാസം

അറ്റ പലിശ മാര്‍ജിന്‍ സമ്മര്‍ദ്ദത്തില്‍

Update:2023-11-16 12:25 IST

പൊതുമേഖലാ ബാങ്കുകളുടെ (Public Sector Undertakinsg/PSU) കിട്ടാക്കടം നടപ്പു വര്‍ഷത്തെ (2022-23) സെപ്റ്റംബര്‍ പാദത്തില്‍ ഗണ്യമായി കുറഞ്ഞു.   12 പൊതുമേഖലാ ബാങ്കുകളുടേയും ചേര്‍ന്നുള്ള കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പ് മുന്‍പാദത്തിലെ 16,875 കോടി രൂപയില്‍ നിന്നും 16,552 കോടിയായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ സമാനപാദത്തിലിത് 18,138 കോടി രൂപയായിരുന്നു. 2023 ജൂണ്‍ പാദം മാറ്റി നിര്‍ത്തിയാല്‍ 2022 ജൂണ്‍ മുതലുള്ള എല്ലാപാദങ്ങളിലും കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പുകള്‍ മിക്ക ബാങ്കുകളുടേതും കുറഞ്ഞിട്ടുണ്ട്. 2022 മാര്‍ച്ച് പാദത്തിലെ 24,324 കോടിയുമായി നോക്കുമ്പോള്‍ സെപ്റ്റംബര്‍ പാദത്തിലെ നീക്കിയിരിപ്പില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാങ്കുകളുടെ നിലനില്‍പ്പിനെ പോലും ബാധിക്കുന്ന തരത്തിലേക്ക് നിഷ്‌ക്രിയ ആസ്തികള്‍ കുമിഞ്ഞു കൂടിയിരുന്നു. നിഷ്‌ക്രിയ ആസ്തികള്‍ക്ക് ആനുപാതികമായി വന്‍ തുക ബാങ്കുകള്‍ പ്രൊവിഷനിംഗിനായി നീക്കി വയ്‌ക്കേണ്ടി വന്നതാണ് ബാങ്കുകളെ നഷ്ടത്തിലേക്ക് നയിച്ചത്. എന്നാല്‍ കിട്ടാക്കടം പിരിച്ചെടുക്കുന്നതിലും മറ്റും റിസര്‍വ് ബാങ്ക് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നത് വലിയ മാറ്റത്തിലേക്ക് നയിച്ചു.

കിട്ടാക്കടം കുത്തനെ കുറച്ച് 6 ബാങ്കുകള്‍

പൊതുമേഖലാ ബാങ്കുകളില്‍ ആറെണ്ണവും സെപ്റ്റംബര്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ സാമാന കാലയളവുമായി നോക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്തിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പ് മുന്‍വര്‍ഷത്തെ സമാനകാലയളവിനേക്കാള്‍ 9.7 ശതമാനം കുറഞ്ഞ് 1,814.9 കോടിയായി. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ആഭ്യന്തര വായ്പകളെ അടിസ്ഥാനമാക്കിയുള്ള ലോണ്‍ പ്രൊവിഷനിംഗ് 15.1 ശതമാനം കുറഞ്ഞ് 3,018.6 കോടിയായി. ഇന്ത്യന്‍ ബാങ്കാണ് ഏറ്റവും ഉയര്‍ന്ന ഇടിവ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പ് 54 ശതമാനം ഇടിഞ്ഞ് 917 കോടിയായി.

അതേസമയം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷികാടിസ്ഥാനത്തിലുള്ള കിട്ടാക്കട നീക്കിയിരിപ്പ് 80.2 ശതമാനം ഉയര്‍ന്ന് 1,928.6 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റേത് 78.7 ശതമാനം ഉയര്‍ന്ന് 1,120.5 കോടിയുമായി.

ലാഭം കൂടി 

വായ്പകള്‍ക്കുള്ള ആവശ്യം കൂടിയതിനാല്‍ പ്രമുഖ ബാങ്കുകളുടെയെല്ലാം പലിശ വരുമാനവും മികച്ച വളര്‍ച്ച നേടിയിട്ടുണ്ട്. നാണയപ്പെരുപ്പം നേരിടുന്നതിനായി റിസര്‍വ് ബാങ്ക് നിരവധി തവണ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതും ബാങ്കുകള്‍ക്ക് നേട്ടമായി.  ബാങ്കുകളെയെല്ലാം ചേര്‍ന്നുള്ള പലിശ വരുമാനം 13.5 ശതമാനം ഉയര്‍ന്ന് ഒരു ലക്ഷം കോടിയായി. നീക്കിയിരിപ്പിനു മുമ്പുള്ള ബാങ്കുകളുടെ പ്രവര്‍ത്തനലാഭം 5.9 ശതമാനം ഉയര്‍ച്ചയോടെ 62,917 കോടിയായി. ലാഭം 31 ശതമാനം വര്‍ധിച്ച് 33,643 കോടിയും.

അറ്റ പലിശ മാര്‍ജിന്‍

ഇടപാടുകാരെ ആകര്‍ഷിക്കാനായി ബാങ്കുകള്‍ നിക്ഷേപ നിരക്കുകള്‍ വര്‍ധിപ്പിച്ചത് അറ്റ പലിശ മാര്‍ജിന്‍ (Net Interest Margin/NIM) കുറയാനിടയാക്കി. ബാങ്കുകള്‍ നിക്ഷേപത്തില്‍ നിന്നും പലിശയില്‍ നിന്നും നേടുന്ന പണമാണ് എന്‍.ഐ.എം. ബാങ്കുകളെ സംബന്ധിച്ച്  ലാഭക്ഷമതയും ബിസിനസ് വളര്‍ച്ചയുമാണ് എന്‍.ഐ.എം സൂചിപ്പിക്കുന്നത്. എസ്.ബി.ഐയുടെ എന്‍.ഐ.എം 3.55 ശതമാനത്തില്‍ നിന്ന് 3.43 ശതമാനമായി. ബാങ്ക് ഓഫ് ബറോഡയുടേത് 3.33 ശതമാനത്തില്‍ നിന്ന് 3.07 ശതമാനവുമായി.

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതും മികച്ച ആസ്തി നിലവാരവും കഴിഞ്ഞ കുറച്ച് പാദങ്ങളായി പൊതുമേഖല ബാങ്കുകളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധയുമാകര്‍ഷിക്കുന്നുണ്ട്. നിഫ്റ്റി പി.എസ്.യു സൂചിക കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 38 ശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇക്കാലയളിവില്‍ നിഫ്റ്റി 50, ഇ.ടി 100 സൂചികകള്‍ നല്‍കിയതാകട്ടെ വെറും ആറ് ശതമാനവും.

Tags:    

Similar News