വായ്പാ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് കനറാ ബാങ്ക്; പുതിയ നിരക്കുകള്‍ അറിയാം
വിവിധ ബാങ്കിംഗ് സേവനങ്ങളുടെ നിരക്കുകളും ഫെബ്രുവരി മുതൽ ഉയരും
നിക്ഷേപ പലിശ മാത്രമല്ല, വിവിധ കാലഘട്ടത്തിലേക്കുള്ള പലിശ വായ്പാ പലിശ നിരക്കുകളും വര്‍ധിപ്പിച്ച് കനറാ ബാങ്ക്. എംസിഎല്‍ആര്‍ (Marginal Cost of Funds Based Landing Rate) വായ്പാ നിരക്കുകള്‍ ആണ് പരിഷ്‌കരിച്ചിരിക്കുന്നത്. ഒരു മാസം വരെയുള്ള എംസിഎല്‍ആര്‍ 7.50 ശതമാനമായിരിക്കും. 3 മാസത്തെ എംസിഎല്‍ആര്‍ 7.85 ശതമാനവും ആറ് മാസത്തെ എംസിഎല്‍ആര്‍ 8.20 ശതമാനവുമായിരിക്കും. ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 8.35 ശതമാനവുമാണ്.
ബാങ്കിന്റെ നിലവിലുള്ള വായ്പക്കാര്‍ക്ക് എംസിഎല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള പലിശ നിരക്കുകളിലേക്ക് മാറാനുള്ള അവസരം ഉണ്ടായിരിക്കും. ഇതിന് കനറാബാങ്ക് ശാഖയുമായി ബന്ധപ്പെട്ടാല്‍ മതി. അതോടൊപ്പം ചില നോണ്‍-ക്രെഡിറ്റ്, നോണ്‍-ഫോറെക്സ് അനുബന്ധ സേവനങ്ങള്‍ക്കുള്ള നിരക്കുകളും കനറാ ബാങ്ക് പരിഷ്‌കരിച്ചിട്ടുണ്ട്.
ചെക്ക് റിട്ടേണ്‍, ഇസിഎസ് ഡെബിറ്റ് റിട്ടേണ്‍ ചാര്‍ജുകള്‍, ശരാശരി പ്രതിമാസ മിനിമം ബാലന്‍സ് പരിപാലിക്കാത്തത്, ലെഡ്ജര്‍ ഫോളിയോ ചാര്‍ജുകള്‍, ഇന്റര്‍നെറ്റ് & മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ വഴിയുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയുടെയും നിരക്കുകള്‍ ഉയര്‍ന്നേക്കും. 2023 ഫെബ്രുവരി 3 മുതല്‍ ആയിരിക്കും നിരക്കുയര്‍ത്തല്‍ പ്രാബല്യത്തിലെത്തുക.
1000 രൂപയില്‍ താഴെയുള്ള ചെക്ക് തുകയ്ക്ക് 200 രൂപയും 1000 രൂപ മുതല്‍ 10 ലക്ഷം രൂപയില്‍ താഴെയുള്ള തുകയ്ക്ക് 300 രൂപയുമാണ് നിരക്ക്.മൊബൈല്‍ നമ്പര്‍/ ഇ-മെയില്‍/ വിലാസം മാറ്റുന്നതിന് ചാര്‍ജുകള്‍ ബാധകമായിരിക്കും. നേരത്തെ ഉള്ളത് പോലെ എടിഎമ്മിലൂടെ 4 പിന്‍വലിക്കലുകള്‍ സൗജന്യമായിരിക്കും. പിന്നീടുള്ളവയ്ക്ക് ചാര്‍ജ് ഈടാക്കും.