കനറാ ബാങ്കിന് ₹3,536 കോടി ലാഭം; കിട്ടാക്കടം കുറഞ്ഞു, ഓഹരി മുന്നോട്ട്
പ്രവര്‍ത്തനലാഭം ₹7,604 കോടി; മൊത്തം ബിസിനസ് ₹20 ലക്ഷം കോടി കടന്നു
പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് (Canara Bank) നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 74.83 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ 3,535 കോടി രൂപയുടെ ലാഭം (net profit) നേടി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 2,022 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തേക്കാള്‍ 11.34 ശതമാനവും അധികമാണ് കഴിഞ്ഞപാദ ലാഭം.
അറ്റ പലിശ വരുമാനം (NII), അറ്റ പലിശ മാര്‍ജിന്‍ (NIM) എന്നിവ ഉയര്‍ന്നതും നിഷ്‌ക്രിയ ആസ്തി (NPA) അനുപാതം കുറഞ്ഞതും കഴിഞ്ഞ പാദത്തില്‍ ബാങ്കിന് നേട്ടമായി.
പ്രവര്‍ത്തന ലാഭം (Operating Profit) 6,606 കോടി രൂപയില്‍ നിന്ന് 15.11 ശതമാനം വര്‍ദ്ധിച്ച് 7,604 കോടി രൂപയിലെത്തി. കഴിഞ്ഞ ജനുവരി-മാര്‍ച്ചിലെ 7,252 കോടി രൂപയേക്കാള്‍ വര്‍ദ്ധന 4.85 ശതമാനം.
സ്വർണ വായ്പയിലും മുന്നേറ്റം
ബാങ്കിന്റെ മൊത്തം ബിസിനസ് 9.38 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 20.80 ലക്ഷം കോടി രൂപയായി. മൊത്തം വായ്പകള്‍ കഴിഞ്ഞ വര്‍ഷത്തെ ജൂണ്‍പാദത്തില്‍ നിന്ന് 13.27 ശതമാനം ഉയര്‍ന്ന് 8.87 ലക്ഷം കോടി രൂപയിലെത്തി. സ്വര്‍ണ വായ്പകള്‍ 29.37 ശതമാനം ഉയര്‍ന്ന് 1.29 ലക്ഷം കോടി രൂപയായി.
അറ്റ പലിശ വരുമാനം പാദാടിസ്ഥാനത്തില്‍ 0.57 ശതമാനം മാത്രമാണ് വളര്‍ന്നതെങ്കില്‍ വാര്‍ഷിക വളര്‍ച്ച 27.72 ശതമാനമാണ്. അറ്റ പലിശ മാര്‍ജിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 2.78 ശതമാനത്തില്‍ നിന്നും പാദാടിസ്ഥാനത്തില്‍ 2.95 ശതമാനത്തില്‍ നിന്നും ഉയര്‍ന്ന് 3.05 ശതമാനത്തിലെത്തി.
നിഷ്ക്രിയ ആസ്തിയിൽ ആശ്വാസം
മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) കഴിഞ്ഞവര്‍ഷം ജൂണ്‍പാദത്തിലെ 6.98 ശതമാനത്തില്‍ നിന്ന് 5.15 ശതമാനത്തിലേക്ക് താഴ്ന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ഇത് 5.35 ശതമാനമായിരുന്നു.
അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) കഴിഞ്ഞവര്‍ഷം ജൂണ്‍പാദത്തിലെ 2.48 ശതമാനത്തില്‍ നിന്ന് 1.57 ശതമാനമായി കുറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച്പാദത്തില്‍ ഇത് 1.73 ശതമാനവുമായിരുന്നു. കനറാ ബാങ്കിന്റെ ഓഹരികള്‍ ഇന്നുള്ളത് 0.49 ശതമാനം നേട്ടത്തോടെ 339.70 രൂപയിലാണ്.