പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളും വില്‍ക്കാന്‍ കേന്ദ്രം
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമാണ് ഓഹരികള്‍ വില്‍ക്കാനുള്ള കേന്ദ്രനീക്കമെന്ന് ചില സാമ്പത്തിക നിരീക്ഷകര്‍
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് വരുമാനം നേടാനുള്ള നടപടികളുടെ ഭാഗമായി മുന്‍നിര പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളും വില്‍ക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഓഫര്‍-ഫോര്‍-സെയില്‍ (OFS) വഴി 5-10 ശതമാനം ഓഹരികളാകും വിറ്റഴിച്ചേക്കുക. ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക്, യൂകോ ബാങ്ക് എന്നിവയുടെ ഓഹരികളാകും വിറ്റഴിക്കുക. നിലവില്‍ ഇവയില്‍ 80 ശതമാനം വീതം ഓഹരി പങ്കാളിത്തം കേന്ദ്രത്തിനുണ്ട്.
ഓരോ ബാങ്കിന്റെയും മൂലധനസമാഹരണ പദ്ധതികള്‍ കണക്കിലെടുത്താകും ഓഹരി വില്‍പ്പന നടത്തുക. പൊതുമേഖലാ ബാങ്കുകളുടെ കാര്യക്ഷമതയും ലാഭക്ഷമതയും മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമാണ് ഓഹരികള്‍ വില്‍ക്കാനുള്ള കേന്ദ്രനീക്കമെന്ന് ചില സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
2021 ഫെബ്രുവരിയിലെ ബജറ്റ് പ്രസംഗത്തില്‍ സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ പദ്ധതിയുടെ ഭാഗമായി രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 2021 ഏപ്രിലില്‍ നീതി ആയോഗ് രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം ശുപാര്‍ശ ചെയ്തു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമെടുത്തില്ല.