ഐഡിബിഐ ഓഹരി വില്‍പ്പന; ആഗോളതലത്തില്‍ നിക്ഷേപകരെ തേടി കേന്ദ്രസര്‍ക്കാര്‍

കേന്ദ്രത്തിന് 45.48 ശതമാനവും എല്‍ഐസിക്ക് 49.24 ശതമാനവും ഓഹരികളാണ് ഐഡിബിഐ ബാങ്കിലുള്ളത്

Update:2022-05-30 12:47 IST

ഐഡിബിഐ ബാങ്കിലെ (IDBI) ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ ആഗോളതലത്തില്‍ നിക്ഷേപകരെ നേടുന്നു. അതിന്റെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ മൂന്നുവരെ യുഎസില്‍ കേന്ദ്രം റോഡ്‌ഷോ നടത്തും. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍സ് സര്‍വീസ് (DFS) സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര, ഡിപാം (DIPAM) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ, എല്‍ഐസി ചെയര്‍മാന്‍ എംആര്‍ കുമാര്‍ തുടങ്ങിയവര്‍ റോഡ്‌ഷോയില്‍ പങ്കെടുക്കും.

ബാങ്കിലെ ഓഹരികളുടെ വില്‍പ്പന സംബന്ധിച്ച് നേരത്തെ കേന്ദ്രം റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തിയിരുന്നു. നിക്ഷേപകരുടെ ആവശ്യങ്ങള്‍ കേട്ടശേഷം വീണ്ടും ആര്‍ബിഐയുമായി കേന്ദ്രം വിഷയം ചര്‍ച്ച ചെയ്യും. കേന്ദ്രത്തിന് 45.48 ശതമാനവും എല്‍ഐസിക്ക് 49.24 ശതമാനവും ഓഹരികളാണ് ഐഡിബിഐ ബാങ്കിലുള്ളത്. എത്ര ശതമാനം ഓഹരികള്‍ വില്‍ക്കണം എന്ന കാര്യത്തില്‍ കേന്ദ്രമോ എല്‍ഐസിയോ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.

ബാങ്കുകളുടെ ഉടമസ്ഥാവകാശത്തിനായുള്ള നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വകാര്യ പ്രൊമോട്ടര്‍മാര്‍ 15 വര്‍ഷത്തിനുള്ളില്‍ ബാങ്കുകളിലെ  ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കണം. എന്നാല്‍, ഐഡിബിഐ ബാങ്കിന്റെ കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കിയേക്കാം. അതേ സമയം പുതുയതായി എത്തുന്ന നിക്ഷേപകന്‍ 50 ശതമാനത്തില്‍ അധികം ഓഹരികള്‍ വാങ്ങിയാലും വോട്ടിംഗ് അവകാശം 26 ശതമാനമാക്കി പരിമിതപ്പെടുത്താനാണ് തീരുമാനം. ജൂണ്‍ അവസാനത്തോടെ ഐഡിബിഐ ഓഹരി വില്‍പ്പന സംബന്ധിച്ച് കേന്ദ്രം കൂടുതല്‍ വ്യക്തത നല്‍കിയേക്കും.

Tags:    

Similar News